സാംസ്ക്കാരികനായകന്‍ ചിന്തരവിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വ്യഴവട്ടം

സാമൂഹ്യപ്രവര്‍ത്തകൻ സാംസ്കാരിക നായകൻ സാഹിത്യകാരൻ നടൻ സിനിമാ സംവിധായകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശോഭിച്ച ചിന്ത രവി എന്ന ടി രവീന്ദ്രന്‍. ഇടതുപക്ഷ സഹയാത്രികനായിരുന്ന രവി സഞ്ചാര സാഹിത്യകാരന്‍ എന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഏഷ്യാനെറ്റിന് വേണ്ടി ചിന്ത രവി തയ്യാറാക്കിയ ‘എന്‍റെ കേരളം’ എന്ന പരിപാടി ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്. ഒരേ തൂവല്‍ പക്ഷികള്‍, മനുഷ്യന്‍, ഇനിയും മരിക്കാത്ത നമ്മള്‍ എന്നീ സിനിമകളും സംവിധായകന്‍ ജി അരവിന്ദനെ കുറിച്ചുള്ള ‘മധുരം സൌമനസ്യം’ എന്ന ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തിട്ടുണ്ട്. 1946 ൽ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുർവേദ വൈദ്യനായിരുന്ന കുന്നുമ്മൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനായാണ് രവീന്ദ്രൻ ജനിച്ചത്.

മലബാർ ക്രിസ്ത്യൻ സ്‌കൂളിലും മലബാർ ക്രിസ്ത്യൻ കോളേജിലും പഠിച്ച് മുംബൈയിലെ ഭാരതീയ വിദ്യാഭവനിൽ ജേണലിസം കോഴ്‌സ് ചെയ്തു. പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലത്ത നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച കുട്ടികളുടെ പുസ്തകമായ അതിരാണിപ്പൂക്കളിൽ നിന്നാണ് അദ്ദേഹം സാഹിത്യത്തിലേക്കുള്ള തന്റെ പ്രവാസം ആരംഭിച്ചത്.

ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് “ചിന്ത രവി” എന്ന പേര് ലഭിക്കുന്നത്. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദേശീയ തലത്തിൽ അടയാളപ്പെടുത്തപ്പെട്ട ‘ഹരിജൻ’ എന്ന തെലുങ്ക് ചലച്ചിത്രമാണ് രവീന്ദ്രന്റെ ഏറ്റവും മികച്ച ചലച്ചിത്ര സംഭാവന. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ദേവകി നിലയങ്ങാടിന്റെ മകളും, അദ്ധ്യാപികയും എഴുത്തുകാരിയും ആയ എൻ. ചന്ദ്രികയാണ് ഭാര്യ. 2011 ജൂലൈ 4 ന് അന്തരിച്ചു.

കൃതികൾ : അകലങ്ങളിലെ മനുഷ്യർ, സ്വിസ്സ് സ്കെച്ചുകൾ, ബുദ്ധപഥം, വഴികൾ, ദിഗാരുവിലെ ആനകൾ, മെഡിറ്ററേനിയൻ വേനൽ, എന്റെ ശീതകാല യാത്രകൾ, എന്റെ കേരളം എന്നീ യാത്രാ വിവരണങ്ങളും. സിനിമയുടെ രാഷ്ട്രീയം, സിനിമ സമൂഹം പ്രത്യയശാസ്ത്രം (ചലച്ചിത്ര നിരൂപണ കൃതികള്‍ )

കടപ്പാട് വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *