മുപ്പത് വര്‍ഷത്തിന് മുമ്പ് ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; കണ്ടെത്തിയത് 2019 ല്‍ ;89 കാരന് ജീവപര്യന്തം
ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ശരീരഭാഗങ്ങൾ ഒളിപ്പിച്ച കേസിൽ ഡേവിഡ് (89) എന്ന വൃദ്ധന് ജീവപര്യന്തം തടവ്. 1982 -ൽ വോർസെസ്റ്റർഷയറിലെ കെംപ്‌സിയിലെ വീട്ടിൽ നിന്നാണ് ഡേവിഡിന്റെ ഭാര്യ ബ്രെൻഡ വെനബിൾസിനെ കാണാതായത്.
2019 -ൽ ഇവരുടെ ഫാമിലെ സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടുകയായിരുന്നു. പിന്നീട് ഭാര്യയെ കൊന്നത് ഡേവിഡ് തന്നെയാണ് എന്ന് തെളിയിക്കപ്പെട്ടു.
വോർസെസ്റ്റർ ക്രൗൺ കോടതിയിൽ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടിപ്പിൾസ്, ഡേവിഡ് കുറഞ്ഞത് 18 വർഷമെങ്കിലും തടവ് അനുഭവിക്കണം എന്ന് വിധിച്ചു.
തന്നെ ഡേവിഡ് ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു കഥമെനഞ്ഞ് ഉണ്ടാക്കുകയായിരുന്നു. ഭാര്യ പാതിരാത്രി തങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് തിരികെ വന്നില്ല, ചിലപ്പോൾ ആത്മഹത്യ ചെയ്തിട്ടുണ്ടാകാം എന്നായിരുന്നു അയാൾ പറഞ്ഞത്. 1982 മെയ് നാലിന് വെനബിൾസിനെ കാണാനില്ല എന്നൊരു പരാതിയും നൽകിയിരുന്നു. എന്നാൽ, അതിൽ അന്വേഷണം എവിടെയും എത്തിയില്ല.
2019 ജൂലൈ വരെ കേസിൽ ഒരു തുമ്പും ഉണ്ടായിരുന്നില്ല. അതിന് അഞ്ച് വർഷം മുമ്പ് ഡേവിഡ് ഭാര്യയുമൊത്ത് താമസിച്ചിരുന്ന ആ ഫാമിൽ നിന്നും താമസം മാറിയിരുന്നു. പുതുതായി സ്ഥലം വാങ്ങിയ ഉടമകൾ വർഷങ്ങൾക്ക് ശേഷം ടാങ്ക് വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് അതിൽ നിന്നും വസ്ത്രങ്ങളുടെ ഭാഗം, കുറച്ച് മുടി, തലയോട്ടി എന്നിവ കിട്ടിയത്.
പരിശോധനയിൽ അത് കാണാതായ വെനബിൾസിന്റേതാണ് എന്ന് കണ്ടെത്തി. അതോടെ ഭർത്താവ് ഡേവിഡിനെതിരെ കൊലപാതക കുറ്റം ചുമത്തി. അന്വേഷണവേളയിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം വെളിപ്പെട്ടത്. ഡേവിഡ് വളരെ കാലമായി അയാളുടെ അമ്മയെ പരിചരിക്കുന്ന സ്ത്രീയുമായി ബന്ധത്തിലായിരുന്നു. 1967 മുതൽ തന്നെ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് അയാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.
വെനബിൾസിന്റെ കുടുംബത്തിനും കൊലപാതക വാർത്ത താങ്ങാനായിരുന്നില്ല. കാണാതായ വാർത്ത അറിഞ്ഞ അന്ന് മുതൽ അവൾ തിരികെ വരും എന്ന് കരുതി കുടുംബം കാത്തിരിക്കുകയായിരുന്നു. അവളെ കാണാതായ ദിവസം മുതൽ അവളുടെ അച്ഛൻ എന്നും വരാന്തയിലിരുന്ന് അവൾ വരുന്നുണ്ടോ എന്ന് നോക്കുമായിരുന്നു. ഒടുവിൽ മനം നൊന്താണ് അദ്ദേഹം മരിച്ചത് എന്ന് അവളുടെ കുടുംബം പറയുന്നു.
പെട്ടെന്ന് വഴക്കിനിടെ ഉണ്ടായ കൊലപാതകമായിരുന്നു എന്ന് ഡേവിഡ് വാദിച്ചുവെങ്കിലും കോടതി അത് നിഷേധിച്ചു. കൃത്യമായ പദ്ധതിയോട് കൂടിയാണ് ഡേവിഡ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത് എന്ന് കോടതി നിരീക്ഷിച്ചു.
അവളെ അയാൾക്ക് ഒട്ടും ബഹുമാനമില്ലായിരുന്നു എന്നതിന്റെ തെളിവാണ് കൊന്ന ശേഷം മൃതദേഹം പോലും സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത് എന്നും ജഡ്ജി നിരീക്ഷിച്ചു. ‘മൃതദേഹം ഇട്ട രീതി അങ്ങേയറ്റം ക്രൂരവും ദയനീയവുമാണ്. അവളെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ തന്നെയാണ് നിങ്ങൾ തീരുമാനിച്ചത്. വിവാഹമോചനത്തിൽ പോലും അവൾ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന തോന്നലിൽ നിന്നാണ് അവളെ പൂർണമായും ഇല്ലാതെയാക്കാൻ നിങ്ങൾ തീരുമാനിച്ചത്. അങ്ങേയറ്റത്തെ സ്വാർത്ഥതയാണ് നിങ്ങളെ കൊണ്ട് അത് ചെയ്യിച്ചത്’ എന്നും ജഡ്ജി പറഞ്ഞു.