ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റോസും ഓര്‍ക്കിഡും പൂവിടും

നമ്മുടെ വീട്ടിലെ പൂച്ചെടികൾക്ക് സമയാസമയങ്ങളിൽ വേണ്ട രീതിയിൽ വളപ്രയോഗം നടത്തിയാൽ ധാരാളം പൂക്കൾ പൂന്തോട്ടത്തിൽ തിങ്ങി നിറയും. എല്ലാവരുടെയും പൂന്തോട്ടത്തിന് അഴകേകുന്ന രണ്ട് സസ്യങ്ങളാണ് ഓർക്കിഡും റോസും. ഇവയുടെ പരിചരണ രീതിയെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.


ഓർകിഡ്

നിലത്ത് വളരുന്ന ഓർക്കിഡുകൾക്ക് ജൈവവളമാണ് അഭികാമ്യം. പച്ച ചാണകം, കടലപ്പിണ്ണാക്ക്,എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കുന്നത് ചെടിയുടെ വളർച്ച കരുത്തുറ്റതാകാൻ ഉത്തമമാണ്.

ചെടിച്ചട്ടികളിൽ വളരുന്നവയ്ക്ക് അവയുടെ വളർച്ചയുടെ തോത് അനുസരിച്ച് വേണം വളം നൽകുവാൻ. ചട്ടികളിൽ വളർത്തുന്നവയ്ക്ക് അവയുടെ വളർച്ചാ ഘട്ടത്തിൽ എൻ പി കെ വളങ്ങൾ 3:1:1 എന്ന അനുപാതത്തിൽ ഉപയോഗിക്കാവുന്നതാണ്. ഈ കൂട്ടിന്റെ 2-3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടുതവണ തളിച്ചു കൊടുക്കാം. ഈ കൂട്ടിന്റെ മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ സ്പ്രേ ചെയ്യാവുന്നതാണ്.

സുഡോമോണസ് കൾച്ചർ 10-15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നൽകിയാൽ ചെടികളിൽ കാണുന്ന കീടാക്രമണം നിയന്ത്രിക്കാം. ഓർക്കിഡിൽ പൊതുവായി കാണപ്പെടുന്ന കരിച്ചിൽ, ചുവട് ഭാഗം അഴുകൽ, ഇലകൾക്ക് ഉണ്ടാക്കുന്ന രോഗങ്ങൾ എന്നിവ അകറ്റുവാൻ പഞ്ചഗവ്യം ആണ് ഏറ്റവും മികച്ചത്. സാധാരണഗതിയിൽ ഇവയ്ക്ക് ബാധിക്കുന്ന കീടങ്ങൾ ശൽക്കകീടങ്ങൾ, ഏഫിഡുകൾ, മീലി മുട്ടകൾ മണ്ഡലി, വീവിൾ തുടങ്ങിയവയാണ്. മണ്ണിൽ നടന്നവയ്ക്ക് ഓർക്കിഡിന് 18:18:18/19:19:19 വെള്ളത്തിൽ ലയിപ്പിച്ച് നന്നായി നേർപ്പിച്ചു വളം കലക്കി ഒഴിക്കുന്നതും മികച്ചതാണ്.

റോസ്‌

ഓർക്കിഡ് പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട ചെടിയാണ് റോസ്. പച്ച ചാണകമോ, മണ്ണിരക്കമ്പോസ്‌റ്റോ കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളിയോ ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ഇവയുടെ വളർച്ച വേഗത്തിലാക്കാൻ മികച്ചതാണ്. ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ടകൾ ഇടുന്നത് ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ ഏറ്റവും മികച്ച ഉപായമാണ്. ചൂടിനെ ഒരുപരിധിവരെ നിയന്ത്രിക്കുക മാത്രമല്ല ചെറുകീടങ്ങളെ അകറ്റുവാനും ഈ പ്രക്രിയ ഗുണം ചെയ്യും. ഇവയിൽ കാണപ്പെടുന്ന കീടങ്ങളെ അകറ്റാൻ നേർപ്പിച്ച വെളുത്തുള്ളി, വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം എന്നിവയിലേതെങ്കിലും സ്പ്രേ ചെയ്താൽ മാത്രം മതി. ഇവയുടെ വളർച്ച ഘട്ടത്തിൽ കൊമ്പുകോതൽ ലഘുവായി ചെയ്തുകൊടുക്കുന്നത് മികച്ചതാണ്.

ഹൈബ്രിഡ് ടി വിഭാഗത്തിന് കേടു കൂടുതലും മിനിയേച്ചറുകൾക്ക് കേടു കുറവും ആയാണ് കണക്കാക്കുന്നത്. കീടനാശിനി നേർപ്പിച്ച് ബ്രഷ് കൊണ്ട് തണ്ടിൽ പുരട്ടിയാൽ ശൽക്കകീടങ്ങൾ ഇല്ലാതാക്കാം. ഉയർന്ന മർദ്ദത്തിൽ വെള്ളം സ്പ്രേ ചെയ്ത് നൽകിയാൽ ഇലകളുടെ മാർദ്ദവം നഷ്ടപ്പെടുന്നത് തടയുകയും, പൂമൊട്ടുകൾ തുറക്കാതെ കരിയുന്ന അവസ്ഥ മാറിക്കിട്ടുകയും ചെയ്യും. ഇത് കുരുടിപ്പ് ഇല്ലാതാക്കാൻ മികച്ചതാണ്.

courtesy farming world

Leave a Reply

Your email address will not be published. Required fields are marked *