മധുര സ്മരണ


ഷാജി ഇടപ്പള്ളി

മഴയ്ക്കു മുന്നേ ഓഫീസിലെത്താനുള്ള ധൃതി പിടിച്ച യാത്ര.
രാവിലെ ഒരു പാട് പരിപാടിയുള്ളതാ.
മഴ പെയ്താൽ നഗരം വെള്ളക്കെട്ടിലാകുമല്ലോ..
പിന്നെ യാത്രയുടെ കാര്യം പറയണ്ടാ..
അതു കാരണമാണിപ്പോൾ യാത്രകൾ മെട്രോയിലാക്കിയത്,
വീട്ടിൽ നിന്നും പതിനഞ്ചു മിനിറ്റ് നടക്കണമെന്നു മാത്രം..
പാലം കയറി ഗണപതി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് ബാല്യകാല സുഹൃത്തിനെ കണ്ടത്..
കൂടെ അവളുടെ മകളുമുണ്ട്.
ഏറെ നാളുകളായി അവളെ ഒന്ന് അടുത്ത് കണ്ടിട്ട് ..
തിരക്കാണെങ്കിലും വേഗം ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
‘അങ്കിൾ ഹാപ്പി ബർത്ത് ഡേ’
‘താങ്ക് യു’
‘അല്ലാ മോളോടിതാരാ പറഞ്ഞത്?’
‘അമ്മ പുഷ്പാഞ്ജലിക്ക് ചീട്ടെഴുതിയപ്പോൾ കേട്ടതാ.’
‘ ഉം.
ഞാനൊന്നു മൂളീ
‘നീയൊന്നു മിണ്ടാതിരിയെടീ ‘
അവൾ മകളുടെ കൈയ്യിൽ നുള്ളിക്കൊണ്ട് അതു പറയുമ്പോഴും അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു…..
ഞാൻ പൊക്കോട്ടെ,
അമ്പലത്തിൽ കേറീട്ട് പോകണമെന്ന് ഭാര്യ പ്രത്യേകം പറഞ്ഞിട്ടുള്ളതാ
അപ്പോഴേക്കും കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന വാഴയിലയിൽ നിന്നും ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു തന്നു കൊണ്ടവൾ പറഞ്ഞു
‘ തന്റെ പിറന്നാളൊന്നും ഞാൻ മറന്നിട്ടില്ല’
‘ഇതു വരെ മുടങ്ങാതെ വഴിപാടുകളും ചെയ്തിട്ടുണ്ട്.’
‘കളിക്കൂട്ടുകാരനായിപ്പോയില്ലേ…’
എന്നിട്ടവൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
ഞാനൊന്നും പറഞ്ഞില്ല
പക്ഷെ,
കണ്ണുകൾ തമ്മിൽ എന്തെക്കെയോ കഥകൾ പങ്കുവച്ചു.
ഞാനുടൻ യാത്ര പറഞ്ഞു നടന്നു.
അമ്പലത്തിൽ കേറണേ..
അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു
അപ്പോഴേക്കും അതു വഴി വന്ന സുഹൃത്ത് ബൈക്ക് നിർത്തി വിളിച്ചു.
അതിൽ കയറി മെട്രോ സ്റ്റേഷനിലേക്ക് പോയി
മനസ്സുനിറയെ വർണങ്ങൾ വിതറിയ ബാല്യകാല മധുരസ്മരണകളായിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *