ബാല്യകാല സ്മൃതിയിലൂടെ
കഥ :സുരഭി ലക്ഷ്മി
ബാല്യം… അതൊരു അനുഭൂതിയാണ്…
ഓർത്തെടുക്കുമ്പോഴാണ് അതൊരു ലഹരിയായി മാറുന്നത്.
പിന്നിട്ട ജീവിതവഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മധുരമുള്ള ഒരുപാട് ഓർമ്മകൾ വഴികളിൽ ചിതറികിടപ്പുണ്ട്.
കാലം അതിന്റെ യാത്ര അതിവേഗമാണ്.
എന്നിട്ടും എന്നിലെ മധുരമുള്ള ഓർമകൾക്ക് ഇപ്പോഴും യാതൊരു മങ്ങലുമേറ്റിട്ടില്ല.
തേൻ തുളുമ്പുന്ന ഓർമ്മകളായി അതെന്നിൽ നിറഞ്ഞു തുളുമ്പുകയാണ്.
കുസൃതികൾ നിറഞ്ഞ ബാല്യം.
സുന്ദരമായ ഒരു ഗ്രാമത്തിൽ ജനിച്ചതു കൊണ്ടാകാം
ഓർമ്മത്താളുകളിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള ആ സുന്ദരസ്മൃതികൾക്ക് ഇപ്പോഴും മാധുര്യം കൂടുന്നത്.
എൺപതുകളിൽ ജനിച്ചുവളർന്ന കുട്ടികൾക്ക് മാത്രം അവകാശമുള്ള കുറെ ബാല്യകാല സ്മരണകൾ
എനിക്കും സ്വന്തമാണ്..
പാടത്തും തൊടിയിലും പൂമ്പാറ്റകളെപ്പോലെ പറന്നു നടന്ന കാലം. തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ച കാലം.ഊഞ്ഞാലും… പാടത്തെ ക്രിക്കറ്റുകളിയും.. പട്ടം പറത്തും ഒക്കെയായി മധുരമൂറുന്ന ബാല്യം.സാറ്റുകളി,കുട്ടിയും കോലും, അക്കുകളി, തൊട്ടാൽ പിടുത്തം, ഡും ഡും മാലാഖ,മണ്ണപ്പം ചുട്ടുകളി, അച്ഛനും അമ്മയും കളി… അങ്ങനെ നീണ്ടു പോകുന്നു ബാല്യകാലസ്മരണകൾ.
മാമ്പഴക്കാലമായാൽ തൊടിയിലെ മാവിൻ ചുവട്ടിൽ തമ്പടിച്ച ബാല്യം..പച്ചമാങ്ങാ ഉപ്പും മുളകും കൂട്ടി കഴിക്കുന്ന,ജാതിക്കയും കമ്പിളി നാരങ്ങയും പൊട്ടങ്ങയും മൈസൂർ ആപ്പിളും മൂക്കട്ടപഴവും തൊടലി പഴവും ഒക്കെ പറിച്ചു തിന്നു നടന്ന ബാല്യം.. കച്ചിക്കുള്ളിൽ കൂടാരം പണിത കാലം. മഴത്തുള്ളി കിലുക്കം കണ്ണിൽ വെച്ച കാലം…
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ ഓർമ്മകൾക്കെല്ലാം എത്രമാത്രം ചന്തം.
കല്ലും മുള്ളും നിറഞ്ഞ ജീവിതം അതിവേഗം മുന്നോട്ട് പോകുന്നു… ബാല്യകാലത്തെ മുട്ടിലെ മുറിവിന്റെ വേദന അത് ഉണങ്ങുന്നത് വരെയേ ഉള്ളൂ. എന്നാൽ ജീവിതത്തിലേൽക്കുന്ന മുറിവുകൾ ഉണങ്ങാത്ത വേദനിപ്പിക്കുന്ന മുറിവുകളായി എന്നും അവശേഷിക്കാം.
കാലം കാത്തുവെച്ച നീറുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു ജീവിതത്തിൽ മുന്നോട്ട് കുതിക്കുകയാണ്.
ഇനിയും എന്താണ് തന്നെ കാത്തിരിക്കുന്നതെന്നറിയാതെ….