കവി എസ്. രമേശൻ നായരുടെ മൂന്നാം സ്മൃതിദിനം

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു …
രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ…


ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി…. എന്നീ ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശൻ നായർ.ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കർമ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവിൽ, മുപ്പത്തിമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീ ദർശനത്തിലെത്തുന്നവയാണ് അദ്ദേഹത്തിന്റെ കവിതകൾ.


ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും ആധാരമാക്കി 25 അധ്യായങ്ങളിലായി അവതരിപ്പിച്ച
‘ഗുരുപൗർണമി’ കാവ്യസമാഹാരത്തിന് 2018 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി.
തിരുക്കുറലും ചിലപ്പതികാരവും തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.


1948 മേയ് 3 ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ഷഡാനനൻ തമ്പിയുടെയും പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്നു. തൃശ്ശൂർ വിവേകോദയം സ്കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്. 1985-ൽ ‘രംഗം’ എന്ന ഐ.വി. ശശിചിത്രത്തിൽ കെ.വി. മഹാദേവൻ സംഗീതം നൽകിയ. വനശ്രീ മുഖംനോക്കി വാൽക്കണ്ണെഴുതുമീ പനിനീർത്തടാകമൊരു പാനപാത്രം….. എന്നെഴുതിയാണ് രമേശൻ നായർ പാട്ടെഴുത്തിന് ഹരിശ്രീ കുറിച്ചത്.

അറുനൂറിലധികം സിനിമാഗാനങ്ങൾ… മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ… ഗുരുവായൂരപ്പനെ സ്തുതിച്ചുമാത്രം ആയിരത്തിലധികം പാട്ടുകൾ.രമേശൻ നായരെ അറിയാത്തവരും അദ്ദേഹത്തിന്റെ പാട്ട് ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും. അതിൽ ഏറ്റവും ഹിറ്റുകളിലൊന്ന്.

പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ….. ചന്ദനം മണക്കുന്ന പൂന്തോട്ടം…. ‘ഗുരു’ എന്ന സിനിമയിൽ എഴുതിയ ദേവസംഗീതം നീയല്ലേ… തുടങ്ങി നിരവധി ഗാനങ്ങൾ.


നാടകം തന്റെ മേഖലയല്ലാതിരുന്നിട്ടും ആകാശവാണിയിലെ ജോലിയുടെ ഭാഗമായി 1994-ലെ അഖില കേരള റേഡിയോ നാടകോത്സവത്തിന് അവതരിപ്പിക്കാനായി രചിച്ച നാടകമാണ് ‘ശതാഭിഷേകം’.മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും മകൻ കെ. മുരളീധരനെയും പരിഹസിക്കുന്ന ഈ നാടകം വൻ ചർച്ചകൾക്ക് വഴിവെച്ചു. ‘കിട്ടുമ്മാൻ’, ‘കിങ്ങിണിക്കുട്ടൻ’ എന്നീ കഥാപാത്രങ്ങളാണ് ചർച്ചയായത്. തുടർന്ന് അദ്ദേഹത്തെ ആൻഡമാനിലേക്ക് നാടുകടത്തി. പക്ഷേ, ജോലി രാജിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.


പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂവിൽ കരുണാകരനോട് ആരോ ചോദിച്ചു. ‘താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷ്ണഭക്തിഗാനം ഏതാണ്…?’ മറുപടി ഇങ്ങനെയായിരുന്നു:നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’ അത് രമേശൻ നായരുടെ പാട്ടാണ്.മറ്റൊരിക്കൽ ഗുരുവായൂരിൽവെച്ച് അദ്ദേഹത്തിന്റെ ഒരു സംഗീത ആൽബം പുറത്തിറക്കിയതും ലീഡർ തന്നെ.

2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും, ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സരയൂ തീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി (കവിതാസമാഹാരങ്ങള്‍), ആള്‍രൂപം, സ്ത്രീപര്‍വ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം (ബാലസാഹിത്യം), തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. 2021 ജൂൺ 18ന് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *