‘സുരേഖ യാദവ്’ ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്

ഏഷ്യയില്‍ തന്നെ ആദ്യമായി തീവണ്ടിയോടിച്ച വനിതയെയന്ന റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക് സ്വ
ന്തം . 1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചു കൊണ്ടാണ് ‘ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന പദവി സുരേഖ യാദവ് സ്വന്തമാക്കിയത്.

വന്ദേഭാരതും ഈ കൈകളില്‍ ഭദ്രം

മറ്റൊരു നേട്ടവും സുരേഖ യാദവ് സ്വന്തമാക്കിയിട്ടുണ്ട്. അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യവനിതയെന്ന നേട്ടമാണ് ഇവര്‍ തന്‍റെ പേരില്‍ കുറിച്ചിട്ടത്.സോലാപുര്‍ സ്‌റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസി(സി.എസ്.എം.ടി.)നും ഇടയിലോടുന്ന അര്‍ധ അതിവേഗ ട്രെയിനാണ് സുരേഖ നിയന്ത്രിച്ചത്.ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയതോടെ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും സുരേഖ പ്രശസ്തയായി. ദേശീയ-അന്തർദേശീയ ചാനലുകളിലെ അഭിമുഖങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു.

ഡെക്കാന്‍ ക്വീന്‍

2011മാർച്ച് 8 വനിതാ ദിനത്തിൽ സെൻട്രൽ റെയിൽവേയുടെ ഡെക്കാൻ ക്വീൻ എന്ന തീവണ്ടി ഓടിക്കുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും ഇവർ സ്വന്തമാക്കി. പൂനെയിൽ നിന്നും ഛത്രപതി ശിവജി ടെർമിനൽ വരെയുള്ള ദുർഘടമായ പാതയിലായിരുന്നു ഈ നേട്ടം. സെൻട്രൽ റെയിൽവേയുടെ ലേഡീസ് സ്പെഷ്യൽ തീവണ്ടിയുടെ ആദ്യ ഡ്രൈവറും സുരേഖയാണ്.

കുടുംബം,വിദ്യാഭ്യാസം

1965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ.സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം സർക്കാർ പോളിടെൿനിക്കിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി. 1986-ൽ സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1989-ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1990-ൽ മഹാരാഷ്ട്രാ സർക്കാരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശങ്കർ യാദവിനെ വിവാഹം ചെയ്തു. 1996-ൽ ഒരു ചരക്ക് തീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. 2011-ൽ എക്സ്പ്രസ് മെയിൽ ഡ്രൈവറായി.

1991-ൽ ഹം ഭീ കിസീസേ കം നഹി എന്ന ടെലിവിഷൻ പരമ്പരയില്‍ സുരേഖ അഭിനയിച്ചിരുന്നു. സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു. 2011 വരെ ഇന്ത്യൻ റെയിൽവേയിൽ അൻപതോളം വനിതാ ലോക്കോപൈലറ്റുമാർ ഉണ്ടായിരുന്നു.

പുരസ്കാരങ്ങൾ : ജിജൗ പുരസ്കാർ (1998), വിമെൻ അച്ചീവേഴ്സ് അവാർഡ് (2001), രാഷ്ട്രീയ മഹിളാ ആയോഗ്, ന്യൂഡെൽഹി (2001), ലോക്മാത് സഖി മാഞ്ച് (2002), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പുരസ്കാരം (2003-2004), സഹ്യാദ്രി ഹിർക്കനി പുരസ്കാരം (2004), പ്രേരണ പുരസ്കാർ (2005), ജി.എം. പുരസ്കാരം (2011), സെൻട്രൽ റെയിൽവേയുടെ വിമെൻ അച്ചീവേഴ്സ് അവാർഡ് (2011), RWCC ബെസ്റ്റ് വിമെൻ അവാർഡ് 2013.

കടപ്പാട് : സജി അഭിരാം

Leave a Reply

Your email address will not be published. Required fields are marked *