‘സംപ്രീതം’ ഈ വിജയം

അമ്പത് ഇന്‍റര്‍വ്യൂകളിലും തോറ്റു അവസാനം കിട്ടിയത് സ്വപ്നജോലി

വിജയത്തിലേക്കുള്ള പാത ഒരിക്കലും സുഖകരമായിരിക്കില്ല എന്നുപറയുന്നത് എത്രശരിയാണെന്ന് സംപ്രീതി യാദവ് എന്ന ബിടെക്ക് വിദ്യാര്‍ത്ഥിനിയുടെ ലൈഫ് നമുക്ക് കാണിച്ചുതരുന്നു. ഡല്‍ഹി സ്വദേശിനിയായ സംപ്രീതി അമ്പത് ഇന്‍റര്‍വ്യൂകളിലാണ് പങ്കെടുത്തത്. പങ്കെടുത്ത ഒന്നിലും അവള്‍ അഭിമുഖങ്ങളില്‍ സക്സ്സായിരുന്നില്ല. എന്നാല്‍ തോറ്റുപിന്‍മാറാന്‍ സംപ്രീതിയെ കിട്ടുമായിരുന്നില്ല. അവളുടെ പരിശ്രമത്തിനും ദൃഢനിശ്ചയത്തിനും കാത്തിരുന്നത്ഗൂഗിളിലെ സ്വപ്ന ജോലിയാണ്.

ബിടെക് കഴിഞ്ഞ് അൻപതോളം കമ്പനികളുടെ ഇന്റർവ്യൂവിൽ സംപ്രിതി പങ്കെടുത്തിരുന്നു. പക്ഷേ, അതിലൊന്നും വിജയത്തിലെത്താൻ കഴിഞ്ഞില്ല. ഗൂഗിളിലെ സ്വപ്നജോലി കയ്യിൽ കിട്ടിയപ്പോൾ സംപ്രിതി പറഞ്ഞു: ‘പരാജയപ്പെടുന്നതിലുമുണ്ട് വിജയം. ഇത്രയും കാലം വലിയ കമ്പനികളെ ഞാൻ പഠിക്കുകയായിരുന്നു. ഈ ശമ്പളമല്ല എന്നെ മോഹിപ്പിക്കുന്നത്, ഗൂഗിൾ പോലൊരു സ്ഥാപനത്തിന്റെ ലണ്ടൻ ഓഫിസിൽ ജോലി ചെയ്യാൻ കിട്ടിയ സ്വപ്നതുല്യമായ അവസരമാണ്’.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണു സംപ്രിതിയുടെ പിതാവ്. അമ്മ ബിഹാർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ജോലിയോടു മാതാപിതാക്കൾ കാണിക്കുന്ന ആത്മാർഥതയാണ് ചെറുപ്പം മുതലേ തനിക്കു പ്രചോദനമായതെന്നു സംപ്രിതി പറയുന്നു. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ അമ്മ കാണിച്ചിരുന്ന കഠിനപ്രയത്നവും സംപ്രിതി പാഠമാക്കി. ചെറുപ്പത്തിൽ ഉൾക്കൊണ്ടതെല്ലാം പിൽക്കാലത്ത് അവളുടെ വിജയവഴിയിലെ നാഴികക്കല്ലുകളായി എന്നു പറയാം. എന്നിട്ടും, വിജയത്തിലേക്കുള്ള വഴിയിൽ പരാജയങ്ങളുടെ നീണ്ട നിര സംപ്രിതിയെ കാത്തുനിന്നു. അതിലൊന്നും നിരാശയാകാതെ മുന്നോട്ടുതന്നെ നടക്കാനുള്ള നിശ്ചയദാർഢ്യമാണു സംപ്രിതിയെ വേറിട്ടുനിർത്തുന്നത്.


ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതുതന്നെ ജീവിതത്തിലെ വലിയ വെല്ലടുവിളിയാണ്. അതില്‍ പതറാതെ മുന്നോട്ടുപോയാല്‍ വലിയ വിജയമാണ് നമ്മെ കാത്തിരിക്കുന്നത്. വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നിട്ടും അവിടെയൊന്നും പതറാതെ പിടിച്ചുനിൽക്കാൻ സംപ്രിതി കാണിച്ച മനക്കരുത്താണു പാഠമാക്കേണ്ടത്. ഓരോ ഇന്റർവ്യൂവിലും നേരിടേണ്ടിവരുന്ന സാഹചര്യം വ്യത്യസ്തമായിരിക്കും. അതൊക്കെ പിൽക്കാലത്തു പക്വത പകരുന്ന പഠനങ്ങളാക്കി മാറ്റുന്നതിലാണ് ഇന്റർവ്യൂ ചെയ്യപ്പെടുന്നയാളുടെ മികവ്. മത്സര പരീക്ഷകളില്‍ പരാജയപ്പെട്ടാല്‍ ഒരു കഷ്ണം തുണിയിലോ വിഷ കുപ്പിയിലോ അവസാനം എന്നു കരതുന്നവര്‍ക്ക് നല്ല പാഠമാണ് സംപ്രീതി എന്ന മിടുക്കിയുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *