എനിക്ക് അഴക് മീശ

അമ്മയുടെ കൈയ്യില്‍ തൂങ്ങിയാടി സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്ന കുരുന്ന് പെട്ടന്ന് നിന്നു വളരെ കൌതുകത്തോടെ ഒരാളെ നോക്കി കൈചൂണ്ടികൊണ്ട പറഞ്ഞു അമ്മേ.. ആ ചേച്ചിക്ക് മീശ…. കുഞ്ഞിന്‍റെ കൗതുകം നിറഞ്ഞ കണ്ണിലേക്ക് നോക്കിയപ്പോള്‍ ലാലേട്ടന്‍ സ്റ്റൈലില്‍ അല്‍പം കുസൃതിയോടെ അവര്‍ മീശ പിരിച്ചു…. അത് മറ്റാരുമായിരുന്നില്ല തന്‍റെ കുറവുകളും വ്യത്യസ്തയും ധൈര്യപൂര്‍വ്വം സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടിയ കേരളത്തിന്‍റെ സ്വന്തം മീശക്കാരി.. ഷൈജ

മീശക്കാരി എന്ന ഞാന്‍

എന്‍റെ പേര് ഷൈജ. ഇന്ന് ആ പേര് ഞാനും മറന്നുതുടങ്ങിയിരിക്കുന്നു.(ചിരിക്കുന്നു) പത്ത് വര്‍ഷം മുമ്പാണ് പൊടിമീശ വന്നു തുടങ്ങിയത്. പിന്നീട് കുറച്ചു കട്ടിയില്‍ വന്നു. ആദ്യമൊക്കെ ചെറിയ സങ്കടം തോന്നിയെങ്കിലും പീന്നീട് മീശ എന്‍റെ സ്വകാര്യ അഹങ്കാരമായിത്തീര്‍ന്നു. മറ്റുള്ളവരില്‍ നിന്ന് എന്നെ വ്യത്യസ്തയാക്കുന്നത് മീശയാണ്. ആ പ്രത്യേകത ഞാനല്ലേ ആദ്യം അംഗീകരിക്കേണ്ടത്. മീശ കളയേണ്ട. അത് എത്രയും വരുന്നുവോ അത്രയുംതന്നെ മീശ വളര്‍ത്താന്‍തന്നെ തീരുമാനിച്ചു. കുടുംബവും ഞാനെടുത്ത തീരുമാനത്തോട് കട്ട സപ്പോര്‍ട്ട് നല്‍കി കൂടെ നിന്നു.


സമൂഹം മീശ വച്ച എന്ന പെണ്ണിനോട് മുഖം തിരിക്കുമെന്ന് അറിയാമായിരുന്നു. മറ്റുള്ളവര്‍‌ എന്ത് പറയുമെന്ന് ഞാന്‍ ചിന്തിക്കാറില്ല. അവരുടെ പറച്ചിലിന് മുഖം കൊടുക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഇത്തിരിപോന്ന ഈ ജീവിതം വേസ്റ്റാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഒത്തിരിപ്പേര്‍ എന്നെ നോക്കി ചിരിക്കുന്നതും കളിയാക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ഒരു തവണ റേഷന്‍ കടയില്‍ പോയപ്പോള്‍ ഒരു മുതിര്‍ന്ന സ്ത്രീ അവരുടെ തോര്‍ത്ത് തന്നിട്ട് മുഖത്തെ കരി തുടച്ചു കളയാന്‍ പറഞ്ഞു. അത് കരിയല്ല എന്‍റെ മീശയാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ മുഖത്തെ അമ്പരപ്പ് കാണാന്‍ നല്ല രസമായിരുന്നു.

വൈറല്‍

സോഷ്യല്‍ മീഡിയയില്‍ എനിക്ക് നല്ല പിന്തുണയാണുള്ളത്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലൂടെയാണ് എന്നെ പൊതുസമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. ഫോട്ടോ പെട്ടന്ന് വൈറലായി . മീശക്കാരിയെ അവര്‍ അംഗീകരിച്ചതോടെ മീശക്കാരി എന്ന പേരില്‍ ഫേസ് ബുക്ക് പേജ് തുടങ്ങി. മീഡിയയിലും പത്രത്തിലമൊക്കെ വാര്‍ത്തയൊക്കെ വന്നു.


ഒരു തവണ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്രെയിന്‍ യാത്ര ചെയ്യേണ്ടി വന്നു. പേഴ്സും പൗച്ചുമൊക്കെ ട്രെയിനില്‍‍ വില്‍ക്കുന്ന ഒരാള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു. ആ വ്യക്തിക്ക് എഴുപത് വയസ്സിനോടടുപ്പിച്ച് പ്രായം കാണും.


ഒരു പെണ്ണ് മീശ വച്ചത് കണ്ടിട്ടിട്ടാകും ഇങ്ങനെ നോക്കുന്നതെന്നും ഞാനും കരുതി. ബോഗിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് അയാള്‍ എന്‍റെ അടുത്ത് വന്നു. എന്നിട്ട് കൈ ചൂണ്ടി ഒറ്റ ചോദ്യം.. നിങ്ങളല്ലേ.. വൈറലായ മീശക്കാരി.. എന്ന്.. ഫേസ്ബുക്കില്‍ കട്ടിട്ടുണ്ടെന്ന്.. ആ ചോദ്യവും പറച്ചിലും എന്നെ ഞെട്ടിച്ചു കളഞ്ഞു. നമ്പരൊക്കെ തന്നു സമയം കിട്ടുമ്പോ വിളിക്കണം എന്ന് പറഞ്ഞു. അദ്ദേഹം ഇറങ്ങിപ്പോയി. ആ സംഭവം വല്ലാതെ ഞെട്ടിച്ചുകളഞ്ഞെന്നും ഷൈജയെന്ന മീശക്കാരി..

ദാവണി,കുപ്പിവള പെരുത്തിഷ്ടം

കുപ്പിവളകളോടും ദാവണിയോടും അടങ്ങാത്ത കമ്പമാണെനിക്ക്. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ഭര്‍ത്താവ് ലക്ഷമണന്‍റെ ജോലി സംബന്ധിച്ച് ഏഴ്വര്‍ഷത്തോളം തമിഴുനാട്ടില്‍ താമസിക്കേണ്ടി വന്നു. അന്നു മുതലാണ് ദാവണി പ്രീയ വസത്രമായത്. എനിക്ക് ഇപ്പോള്‍ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ട്. യൂ ട്രസ്റ്റ് റിമൂവ് ചെയ്പ്പോള്‍ തടി അല്‍പ്പം കൂടി. തടി കുറയ്ക്കാന്‍ ഡയറ്റും നോക്കുന്നുണ്ട്, പിന്നെ ജിമ്മിലും പോകുന്നുണ്ട്.

പത്താക്ലാസുകാരി ആഷ് വിക അമ്മയ്ക്ക് പിന്തുണ നല്‍കി കൂടെയുണ്ട്. എന്‍റെ മോളുടെ മുഖത്ത് നിറയെ മുഖക്കുരുവാണ്. അതിനെ ചൊല്ലി പരാതി പറയുന്ന ഞാന്‍ അവളോട് ഇങ്ങനെ പറഞ്ഞുകൊടുക്കും. മുഖക്കുരു നിന്‍റെ മുഖത്തിന് അഴകാണ് മുഖം നിറയെ പിമ്പിള്‍സ് വച്ച് സായ്പല്ലവി അഭിനയിക്കുന്നില്ലേ.. അവരെ കാണാന്‍ എന്ത് ഭംഗിയാണ്. മറ്റുള്ളവരോടും എനിക്ക് ഇത് മാത്രമാണ് പറയാനുള്ളത്. നമ്മുടെ വ്യത്യസ്ത സമൂഹത്തെകൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിക്കില്ല. ആ ഒരു പ്രത്യേകത നാമാണ് തിരിച്ചറിയേണ്ടത് ബാക്കിയെല്ലാം പിന്നീട് വന്നുചേരും. മീശക്കാരി പറഞ്ഞ് അവസാനിപ്പിക്കുന്നു. കണ്ണൂര്‍ കോളയാട് സ്വദേശിനിയാണ് ഷൈജ.

Leave a Reply

Your email address will not be published. Required fields are marked *