തണ്ണിമത്തനില്‍ ക്യൂആർ കോഡ് സംവിധാനം ഒരുക്കി സുജിത്ത്
സൂര്യകാന്തിവസന്തം കേരളത്തില്‍ കൊണ്ടുവന്ന സുജിത്ത് നമുക്ക് സുപരിചിതനാണ്. തണ്ണിമത്തനില്‍ ക്യൂ ആര്‍ കോഡ് കൊണ്ടുവന്ന വീണ്ടും വൈറലായിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍.ഒറ്റ സ്കാനിങ്ങിൽ കൃഷി ഇറക്കിയ സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വിത്ത്, വളം,കൃഷി ചെയ്ത കർഷകന്റെ പേര്, വില, ബന്ധപ്പെട്ട നമ്പർ എന്നീ വിവരങ്ങൾ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും.
വിഷമില്ലാത്തത് നാട്ടുകാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴിയിലെ യുവകർഷകനായ സുജിത്ത് കൃഷി ചെയ്ത തണ്ണി മത്തനാണ് ക്യൂ ആർ കോഡ് പതിച്ച് കടകളിൽ വിതരണത്തിന് എത്തിയിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് തണ്ണിമത്തന്റെ വരവ് തുടങ്ങിയതോടെ നമ്മുടെ നാട്ടിൽ ഉത്പ്പാദിപ്പിച്ച നാടൻ ഇനം പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയതെന്ന് സുജിത്ത് വ്യക്തമാക്കുന്നു.
അന്യ സംസ്ഥാനങ്ങളിലെ രാസവളം, കീടനാശിനിയും മറ്റും ഉപയോഗിച്ച് വിളയിക്കുന്ന തണ്ണിമത്തനേക്കാൾ നാട്ടുകാരുടെ കൺമുൻപിൽ വിളയിക്കുന്ന തണ്ണിമത്തന് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യമെന്നും സുജിത്ത് വ്യക്തമാക്കുന്നു.ജനങ്ങളെ ബോധവല്‍ക്കരിക്കാനും വിജയിച്ചാൽ താൻ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികളിലും ക്യൂ ആർ കോഡ് കൊണ്ട് വരുമെന്ന് സുജിത്ത് പറയുന്നു.
രണ്ട് തവണയായിട്ടാണ് തണ്ണിമത്തന്‍ കൃഷിയിറക്കുന്നത്.സുജിത്തിന്‍റെ രണ്ടര ഏക്കർ പാടത്ത് ഇത് വരെ 3000ത്തോളം തണ്ണിമത്തൻ വിളവെടുത്തു. പച്ചക്കറികൾ കൂടാതെ ചൊരിമണലിൽ സൂര്യകാന്തി, ഉള്ളി,ക്യാബേജ് ജലാശയത്തിൽ പോളബെഡ് പൂന്തോട്ടം എന്നിവ ചെയ്ത് ശ്രദ്ധേയനാണ് സുജിത്ത്