വേനല്‍ച്ചൂട്; മുന്‍കരുതലെടുക്കാം

വേനല്‍ച്ചൂട് ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ അറിയിപ്പ്.ചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പൈപ്പില്‍നിന്നോ ആര്‍.ഒ പ്ലാന്റില്‍നിന്നോ ഉള്ള വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാന്‍ സഹായകമായണ്.

കാര്‍ബണേറ്റഡ് കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കണം. വീട്ടില്‍ പാനീയങ്ങള്‍ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. സാലഡ്, ചട്നി തുടങ്ങി പാചകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങളിലും തിളപ്പിച്ചാറിയ വെളളം മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. പഴങ്ങളുടെയും മറ്റും തൊലി/തോട് നീക്കുന്നതിന് മുന്‍പ് കഴുകാന്‍ ശ്രദ്ധിക്കുക. ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ വശങ്ങള്‍ ഉള്‍പ്പെടെ നന്നായി തേച്ചു കഴുകുക. പാത്രം മൂടി വയ്ക്കണം. കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രം വളര്‍ത്തു മൃഗങ്ങള്‍ കടക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *