മലയാളത്തിന്‍റെ സുല്‍ത്താന്‍

മലയാളസാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ മലയാള സാഹിത്യത്തിലെ ഒരേയൊരു സുൽത്താൻ. ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. തന്‍റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, ന്റൂപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വർഗം എന്നിങ്ങനെ മലയാളി എന്നും ഓർത്തുവയ്ക്കുന്ന രചനകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തു. ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ, താൻ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്കരിച്ചു.

അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാൽ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈർഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റർപീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. എങ്കിലും ഒരു ജീവിതമോ അതിനും അപ്പുറം എന്തെല്ലാമോ അതിൽ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവ്രമാണ് ബാല്യകാലസഖി.

അസാധാരണമായ മറ്റൊരു പ്രണയകഥയാണ് പ്രേമലേഖനം. എന്നാൽ ബഷീർ എഴുതിയ പ്രണയകഥകളിൽ നിന്നും ഏറ്റവും അസാധാരണമായ കൃതിയാണ് മതിലുകൾ. സ്വന്തം ജീവിതപശ്ചാത്തലത്തിൽ നിന്ന് കണ്ടെടുത്ത കഥയുടെ ആവിഷ്കാരമാണ് പാത്തുമ്മായുടെ ആട് എന്ന നോവൽ. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ശബ്ദങ്ങൾ. പ്രമേയത്തിലും ആഖ്യാനത്തിലും പുലർത്തിയിരുന്ന ഈ വൈവിധ്യം ബഷീറിന്റെ സാഹിത്യ ജീവിതത്തിലുടനീളം കാണാൻ സാധിക്കും. കഥകളിലും നോവലുകളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യലോകം. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്.

പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം ( ഭാർഗവീ നിലയം) എന്ന കഥയും മതിലുകൾ, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു.

ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ജയിലിൽ കിടന്നിട്ടുണ്ട്. പത്തുവർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി.

കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകൾ, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങൾ തുടങ്ങിയവ ലഭിച്ചു. 1982ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു. 1987ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി. പ്രേംനസീർ അവാർഡ്, ലളിതാംബിക അന്തർജനം സാഹിത്യ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിവ ലഭിച്ചു.

1994 ജൂലായ് 5 ന് ബഷീർ ഈ ലോകത്തോട് വിടപറഞ്ഞു.ബഷീർ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെതന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ്. ജീവിതം എന്തെന്ന് കാട്ടിത്തരുന്ന മഹത്തായ പാഠപുസ്തകങ്ങൾ.
കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *