‘അഭിനയമാണ് എന്‍റെ ജോലിയും ജീവിതവും’; ഇതിഹാസനടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്
സത്യജിത് റേയ്‌ക്കൊപ്പം മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ച സൗമിത്ര ചാറ്റര്‍ജി ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു.അഭിനേതാവും കവിയും എഴുത്തുകാരനും നാടകക്കാരനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹത്തിന്‍റെ സര്‍ഗ്ഗാത്മിക ജീവിതത്തിന് കഴിഞ്ഞവര്‍ഷം തിരശ്ശീലവീണത്.
കൊൽക്കത്തയിലെ കൃഷ്ണനഗറിൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്രായത്തിൽ തന്നെ കുടുംബത്തോടൊപ്പം ഹൗറയിലേക്കും തുടർന്ന് കൊൽക്കത്തയിലേക്കും താമസം മാറേണ്ടി വന്നു. അഭിനയജീവിതത്തിലേക്ക് അദ്ദേഹം വരുന്നത് 1959 ൽ ആണ്. സത്യജിത് റേ സംവിധാനം ചെയ്ത ” അപുർസൻസാർ” ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ ബംഗാളി ചലച്ചിത്ര ലോകത്ത് അദ്ദേഹം പ്രശക്തി നേടി. അഭിനയത്തിനോടൊപ്പം മറ്റു പല മേഖലകളിലും സൗമിത്ര തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. സത്യജിത് റേ യുടെ ഇരുപതോളം ചിത്രങ്ങളിൽ സൗമിത്ര അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കൂടുതലും അഭിനയിച്ചിട്ടുള്ളതും സത്യജിത്തിന്റെ ചിത്രങ്ങളിലാണ്. റേ എഴുതിയ തിരക്കഥകൾ പലതും സൗമിത്ര ചാറ്റർജിയെ മുഖ്യ വേഷത്തിൽ മനസിൽ കണ്ടുള്ളതായിരുന്നു. മൃണാൾ സെൻ, തപൻ സിൻഹ തുടങ്ങിയ വിഖ്യാത സംവിധായകർക്കൊപ്പവും ഇതേ കാലത്തു തന്നെ സൗമിത്ര ചാറ്റർജി പ്രവർത്തിച്ചു. ഇതിഹാസ സംവിധായകരുടെ സിനിമകളിലൂടെ തുടക്കമിട്ട അദ്ദേഹത്തിന് പുതിയകാല സംവിധായകർക്കൊപ്പവും അനായാസം പ്രവർത്തിക്കാനായി. ഗൗതം ഘോഷ്, അപർണ സെൻ , അഞ്ജന ദാസ്, ഋതുപർണ ഘോഷ് എന്നിവരുടെയെല്ലാം സിനിമകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും നാടക കലയെ അദ്ദേഹം കൈവിട്ടില്ല. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ, ദാദ സാഹേബ് ഫാൽക്കെ അവാർഡ്, പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികൾ എല്ലാം അദ്ദേഹത്തെ തേടിയെത്തി. ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഓഡര്‍ ഓഫ് ആര്‍ട്‍സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ലീജ്യന്‍ ഓഫ് ഓണര്‍ ബഹുമതിയും നേടി.
സിനിമ ലോകത്തെ വളരെയധികം നിരീക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സിനിമ ലോകത്തെ തെറ്റുകൾക്കെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. അൻപത്തിയഞ്ചാം വയസ്സിൽ നായക വേഷങ്ങളിൽ നിന്നും സ്വഭാവനടനിലേക്ക് മാറുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്തയിൽ നിന്നും ബംഗാളിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്. 2007 ൽ അഭിനയിച്ച ” പദക്ഷീപ് ” എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. 2001 ൽ മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചിരുന്നു, എന്നാൽ അവാർഡ് കമ്മിറ്റി വാണിജ്യ സിനിമകൾക്ക് മേൽക്കോയ്മ കൊടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിച്ചു. ബംഗാളി സിനിമ ലോകത്ത് മികച്ച പ്രകടങ്ങൾ കാഴ്ചവെച്ച അദ്ദേഹം നവംബർ 15 ന് 2020 ൽ ലോകത്തോട് വിട പറഞ്ഞു.
പൂർണ്ണമായും രോഗശയ്യയിൽ ആകും വരെ ഏതു കാലത്തും അദ്ദേഹം തിരശീലയിലെ നിറസാന്നിധ്യമായി. 1959 ൽ അഭിനയം തുടങ്ങിയതു മുതൽ 2017 വരെ എല്ലാ വർഷവും അദ്ദേഹത്തിന്‍റെ സിനിമകൾ റിലീസ് ആയി. എങ്ങനെയാണിത് സാധ്യമാകുന്നതെന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. ‘എനിക്കറിയില്ല. എനിക്ക് ശാരീരികമായി ക്ഷീണമുണ്ട്. പക്ഷെ അഭിനയിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനില്ല. അഭിനയമാണ് എന്‍റെ ജോലിയും ജീവിതവും. അഭിനയിക്കാനായാണ് എന്‍റെ ഈ ജന്മം’.