ശങ്കരാടി മലയാള സിനിമയുടെ കാരണവർ

മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി. മേമന ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി തറവാട്ടുപേരിൽ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നനിരവധി സിനിമകളിൽ “അമ്മാവന്മാ’രെയും”കാര്യസ്ഥന്മാ’രെയും അവതരിപ്പിച്ച മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു ശങ്കരാടി.ചെയ്യുന്ന വേഷങ്ങൾ എത്ര ചെറുതായാലും അത് വെറും വേഷങ്ങളല്ലെന്ന് കാണികളെ വിശ്വസിപ്പിയ്ക്കാൻ ശങ്കരാടിയ്ക്ക് കഴിയുമായിരുന്നു.

മുണ്ടിന്റെ കോന്തല കക്ഷത്ത് തിരുകിക്കൊണ്ടുള്ള ആ നടത്തം, കൈയും കലാശവുമായുള്ള സംഭാഷണം, തീക്ഷ്ണമായ നോട്ടം, മുറുക്കി തുപ്പൽ, കാലൻ കുട നിവർത്തി ഒരു നടത്തം, സരസമായ സംഭാഷണശൈലി, അരയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍. ആറാം തമ്പുരാനിലെ എഴുത്തച്ഛൻ, ഇതാണാ രേഖ എന്ന് പറഞ്ഞ് കൈരേഖ കാട്ടുന്ന വിയറ്റ്നാം കോളനിയിലെ കിറുക്കൻ, സന്ദേശത്തിലെ താത്വികാചാര്യൻ, തലയണമന്ത്രത്തിലെ തങ്കപ്പൻ, നാടോടിക്കാറ്റിലെ പണിയ്ക്കർ, അപ്പുണ്ണിയിലെ അധികാരി, ബന്ധനത്തിലെ അച്ചുമ്മാൻ തുടങ്ങിയ എത്രയെത്ര കഥാപാത്രങ്ങൾ.

ശങ്കരാടിയ്ക്കു മാത്രം ജീവൻ പകരാനാകുന്ന കഥാപാത്രങ്ങൾ. ‘താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ’‘ടോ, പരിപ്പുവടയും ചായയും ബീഡിയുമാണ് ഞങ്ങടെ പാർട്ടിയുടെ പ്രധാന ഭക്ഷണമെന്ന് തനിക്കറിഞ്ഞുകൂടെ? എടുക്ക് എടുക്ക് എടുക്കാ, പോയി പരിപ്പുവടയുണ്ടാക്കി കൊണ്ടുവരികാ!’സന്ദേശത്തിലെ കുമാരൻ പിള്ളയുടെ സംഭാഷണ ശകലങ്ങൾ നമ്മൾ ശങ്കരാടിയിലൂടെ കേട്ടുകൊണ്ടേയിരിയ്ക്കുന്നു.മലയാള ചലച്ചിത്ര നഭസ്സിലെ ആ കാരണവർ ഓർമ്മയായിട്ട് 21 വർഷം കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ ഓർമ്മിയ്ക്കാൻ, ഓമനിയ്ക്കാൻ ഒത്തിരി കഥാപാത്രങ്ങൾ അതിലളിതമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടായിരുന്നു മടക്കയാത്ര.

പറവൂര്‍ മേമന പരമേശ്വരന്‍ പിള്ളയുടെയും തോപ്പില്‍ പറമ്പില്‍ ജാനകിയമ്മയുടെ മൂത്തമകനാണ് ചന്ദ്രശേഖര മേനോന്‍ 1924 ല്‍ ആയിരുന്നു ജനനം. കടവന്ത്ര ചെറുവരമ്പത്ത് കുട്ടി പാറു അമ്മയുടെയും നാരായണ മേനോന്‍െറയും മകള്‍ ശാരദയാണ് ഭാര്യ. തന്‍റെ അമ്പത്തിരണ്ടാം വയസ്സിലാണ് ശങ്കരാടി വിവാഹിതനായത്. 2001 ഒക്റ്റോബര്‍ 8 ന് അദ്ദേഹം അന്തരിച്ചു.

കടപ്പാട് : വിവിധ മാധ്യമങ്ങൾ.വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *