സുകുമാരന്‍; കഴിഞ്ഞ തലമുറയുടെ മനസ്സില്‍ ക്ഷോഭിക്കുന്ന യൗവ്വനം
നടൻ സുകുമാരന്റെ 26-ാം സ്മൃതിദിനം
എഴുത്ത് saji Abhiramam(ഫേസ്ബുക്ക്)
നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച….. മലയാള സിനിമയിലെ വിപ്ലവകാരി, മലയാളികളുടെ പ്രിയതാരം സുകുമാരൻ. ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത പറയാനുള്ളത് ആരുടെ മുഖത്തും നോക്കി പറയുന്ന സുകുമാരൻ.
ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി. 1948 മാർച്ച് 18-ന് മലപ്പുറം ജില്ലയിലെ എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ എന്ന സുകുമാരൻ ജനിച്ചു. പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെ പാസ്സായി. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1973 ൽ പുറത്തിറങ്ങിയ എം.ടിയുടെ നിർമാല്യത്തിലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. വെളിച്ചപ്പാടിന്റെ മകന്‍ അപ്പുവായിട്ടായിരുന്നു ഇത്. നടനിലുള്ളിലെ സ്പാർക്ക് തിരിച്ചറിഞ്ഞ എം.ടി അഞ്ചുവര്‍ഷത്തിനിപ്പുറം സമ്മാനിച്ചത് ബന്ധനം എന്ന സിനിമയിലെ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ. ആ വേഷം സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. നിര്‍മ്മാല്യത്തിനുമുമ്പ് സ്കൂള്‍ നാടകങ്ങളില്‍പോലും പ്രത്യക്ഷപ്പെടാത്ത സുകുമാരന്‍ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ഓരോ പടവുകളും ചവിട്ടിക്കയറി.
സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം’ എന്ന ചിത്രത്തിലെ വേഷമാണ്. ജയന്‍- സുകുമാരന്‍- സോമന്‍ ത്രയം മലയാള സിനിമയെ വഴിമാറി നടത്തി. ജയനും സുകുമാരനും കൈകോര്‍ത്ത അങ്ങാടിപോലുള്ള സിനിമകള്‍ വമ്പന്‍ ഹിറ്റുകളായി. നീതിനിഷേധത്തിനെതിരെ തുറന്നടിക്കുന്ന യുവാവായി തിളങ്ങുമ്പോൾ തന്നെ സ്നേഹനിധിയായ കുടുംബനാഥന്റെ വേഷങ്ങളിലും സുകുമാരന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി. മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാലോകത്തിനു പുറത്തും സുകുമാരന് ഇരിപ്പിടം നല്‍കി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. സ്ഫോടനം, മനസാ വാചാ കര്‍മണാ, അഗ്നിശരം, കോളിളക്കം തുടങ്ങി എത്രയോ ഉദാഹരങ്ങള്‍. ശാലിനി എന്റെ കൂട്ടുകാരിയിലെ കോളജ് അധ്യാപകന്‍ ജയദേവനൊക്കെ അക്കാലത്ത് ക്യാംപസുകളെ ഇളക്കിമറിച്ചു. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പ്രതിഫല തര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുകുമാരന്‍ ഇടപെടുകയും നീതി ഉറപ്പുവരുത്തുകയും ചെയ്തത് സിനിമാലോകത്ത് പതിവില്ലാത്ത കാഴ്ചയായിരുന്നു.
അഭിനേതാവായി ഒതുങ്ങിയില്ല സുകുമാരന്‍. ഭാര്യ മല്ലികയുമായി കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ സിനിമകളുടെ നിർമാതാവുമായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കി 1997 ജൂൺ 16 നാണ് സുകുമാരൻ യാത്രയായത്. മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. അമ്മത്തണലായി മല്ലിക മാത്രം. സുകുമാരനെ മറക്കാതിരിക്കാന്‍ മലയാളിമനസ്സുകളില്‍ നിരവധി സിനിമകളുണ്ട്. കണ്‍മുന്നിലാകട്ടെ, അതേ നടപ്പാതയില്‍ അച്ഛനെ പിന്തുടരുന്ന രണ്ടുമക്കളും. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് വിടവാങ്ങിയത്.
ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുൻ ചെയർമാൻ ആയിരുന്നു.