ഇനിയും എരിഞ്ഞൊടുങ്ങാത്ത അംബേദ്കറുടെ ഓർമയ്ക്കായി

അനുശ്രീ (1st Year Integrated MA)

ആധുനിക ഇന്ത്യ ഏറ്റുവുമധികം വാചാലമാകുന്നത് ഈ യുഗപുരുഷനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ അസാധാരണത്വം എല്ലാം സഹിച്ചു തരം താണ്‌ ജീവിക്കുന്നതിലല്ലായിരുന്നു, മറിച്ചു, നഷ്ടപ്പെട്ടതെല്ലാം തന്റെ വ്യക്തി പ്രഭാവം കൊണ്ട് നേടിയെടുക്കുന്നതിലായിരുന്നു. അതെ, പറഞ്ഞു വരുന്നത് ഡോ. ഭീമറാവു റാംജി അംബേദ്കർ എന്ന അതുല്യ മനുഷ്യനെ കുറിച്ചാണ്.

ജന്മകൊണ്ടു അധഃകൃതനായി തരംതാഴ്ത്തപ്പെട്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന വ്യക്തിപ്രഭാവംമാണ് ഡോ.ബി.ആര്‍ അംബേദ്കറിന് ഉണ്ടായിരുന്നത്.


അദ്ദേഹത്തിന്റെ 64-ആം ചരമവാർഷികമാണ് ഡിസംബർ 6-ആം തീയതി. 1891, ഏപ്രില്‍ 14 നായിരുന്നു ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ജനനം. മധ്യപ്രദേശിലെ മൌവിലാണ് ഡോ. അംബേദ്കര്‍ ജനിച്ചത്‌. ജാതീയത സമൂഹത്തിൽ വളർന്ന് പിടിച്ച സമയത്തായിരുന്നു അംബേദ്കറുടെ ജനനം.


അത് കൊണ്ട് തന്നെ തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു എന്ന് പറയേണ്ടതില്ലാല്ലോ. പഠനത്തിലേറെ മുന്നിലായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനായത് കൊണ്ട് തന്നെ ക്ലാസ്‌ മുറിയുടെ മൂലയ്കായിരുന്നു അംബേദ്കറുടെ സ്ഥാനം. എന്നാൽ എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു, ഒരു അധ:കൃതന്‌ അക്കാലത്ത്‌ സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടമായിരുന്നു അംബേദ്കറുടേത്.


പിന്നീട് 1920-ല്‍ ലണ്ടനില്‍ പോയി നിയമബിരുദം നേടി. വക്കീലായി തിരികെ വന്നപ്പൊഴും രാജ്യത്ത് തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട്‌ ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറിന്റെ പോരാട്ടം. അത് രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു.ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്കൃത്‌ ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌സ്‌ ഫെഡറേഷനും രൂപീകരിക്കുകയുണ്ടായി.

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സ്വതന്ത്ര ഭരണഘടന ഭരണഘടന എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബേദ്കറായിരുന്നു. ആദ്യമന്ത്രിസഭയില്‍ നിയമ മന്ത്രിയായും അംബേദ്കർ നിയമിതനായി. സ്ത്രീ അവകാശ ബില്ല്‌ പാസാക്കാന്‍ നെഹ്രു മന്ത്രിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.

“നമ്മുടെ അവശതകളെ പരിഹരിക്കാൻ നിങ്ങൾക്കു കഴിയും പോലെ ആർക്കും കഴിയുകയില്ല.” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഉദ്ധരണി നമ്മെ എന്നും കർമനിരതരാവാൻ പ്രേരിപ്പിക്കുന്നതാണ്. “ഭരണഘടനാസമിതി തയ്യാറാക്കിയ കരട് ഭരണഘടന ഈ രാജ്യത്തിന് സ്വതന്ത്രപ്രയാണമാരംഭിക്കാന്‍ മതിയായ ഒന്നാണ്. സമാധാനകാലത്തും യുദ്ധകാലത്തും ഈ രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്താവുന്ന തരത്തില്‍ പ്രവര്‍ത്തനോന്മുഖവും അതേസമയം, അയവുള്ളതുമാണ് ഇതിന്റെ ഘടന എന്ന് ഞാന്‍ കരുതുന്നു. എന്നിരിക്കിലും ഞാനിതുകൂടി പറയുന്നു, കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയുടെ കുഴപ്പംകൊണ്ടല്ല. മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പങ്ങള്‍കൊണ്ടായിരിക്കും.”

അംബേദ്കര്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കൊപ്പം(ഫയല്‍ ചിത്രം)

ഇത് സമകാലിക ഇന്ത്യയുടെ അവസ്ഥയെ കുറിച്ച് പുനർ വിചിന്തനം നടത്താൻ നമ്മോടു ആവശ്യപ്പെടുകയാണ്.ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബേദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. 1956-ഡിസംബര്‍ ആറിന്‌ അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റേ ഓരോ വരികളും ഓരോ പ്രവർത്തികളും ഇന്ന് ശരിയായിരുന്നു എന്ന് ലോകം സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ പലതും പ്രത്യക്ഷത്തിൽ ഫലം കണ്ടുവെങ്കിലും രാജ്യത്ത് ഇന്നും ജാതീയത അതിന്റെ സ്ഥായീഭാവം തുടരുകയാണ് എന്ന് വേണമെങ്കിൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *