ഇന്ന് ജോൺ എബ്രഹാം ദിനം.
ഒന്നിനേയും കൂസാതെ തന്നോട് തന്നെ നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഒറ്റയാൻ എന്ന ഓമന പേരാണ് മാധ്യമങ്ങൾ നൽകിയത്….സിനിമയിൽ ജോൺ എബ്രഹാം ഒറ്റയാൻ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ജോൺ എന്ന അതുല്യ പ്രതിഭയ്ക്ക് പകരം ഇന്നും ഒരാളില്ലാത്തത്….
ഇതായിരുന്നു ജോണിന്റെ സിനിമ നിലപാട്…”എന്റെ സഹജീവികളോട് സംവദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ . ഉറങ്ങാന്‍ എനിക്കൊരു മേല്‍ക്കൂര പോലും വേണ്ട .പട്ടിണികിടക്കാനും എനിക്കറിയാം. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാല്‍ മതി.”സിനിമാ ജീവിതത്തില്‍ ആകെ നാല് സിനിമകൾ മാത്രമായിരുന്നു ജോൺ സംവിധാനം ചെയ്തത്. വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നിവ. എന്നാല്‍ സിനിമ മാത്രം മേല്‍വിലാസമായി സ്വീകരിച്ച ആ ഒറ്റയാൻ പ്രതിഭയുടെ തലയെടുപ്പറിയാന്‍ ഈ ചിത്രങ്ങൾ മതിയാവോളമാണ്….
ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.നിഷേധി, കള്ളുകുടിയന്‍, അരാജകവാദി, ബുദ്ധിജീവി – പലര്‍ക്കും പലതായിരുന്നു ജോൺ. സാഹിത്യകാരൻ കൂടിയായ ജോണിനെക്കുറിച്ചുള്ള കഥകള്‍ സിനിമയെ വെല്ലുവിളിക്കാന്‍ തക്കവിധം നാടകീയമായിരുന്നു. ജോണിന്‍റെ വേഷവും രൂപവും അദ്ദേഹത്തെ പലപ്പോഴും ഏതോ ഒരു ഊരുതെണ്ടിയായി ധരിക്കാനിടയാക്കിയിരുന്നു…
1987 മെയ് മുപ്പതിന് 49-ാംവയസ്സിലാണ് ജോണ്‍ ലോകത്തോട് വിട പറഞ്ഞത്. കോഴിക്കോട്ട് അങ്ങാടിയില്‍ പണിഞ്ഞുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്‍റെ മുകളില്‍ നിന്ന് വീണ ജോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…ആശുപത്രിയിലെത്തിച്ച ജോണിനെ മനസ്സിലാവാതിരുന്നതിനാല്‍ ‘അൺനോൺ ബെഗ്ഗർ’ എന്ന പേരിലാണ് അന്ന് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ടിട്ട് 35 വർഷം തികയുന്നെങ്കിലും ഇനിയും ആ ജീവിതം ചർച്ച ചെയ്യപ്പെടും.
ലഹരിയുടെ കത്തുന്ന കണ്ണുകളുമായി, സിനിമ ഉള്ളിടത്തോളം കാലം ജോൺ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യും….
കടപ്പാട്: അഭീഷ് കോന്നം കുഴി