മലയാളകവിതയ്ക്ക് വ്യത്യസ്തത നല്‍കിയ മഹാകവി എം.പി അപ്പന്‍
ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതാ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന എം.പി. അപ്പൻ പദ്യ – ഗദ്യശാഖകളിലായി നാൽപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
1913 മാർച്ച് 29 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. അച്ഛൻ കെ മധു. അമ്മ കെ കൊച്ചാപ്പി. ഗണിത ശാസ്ത്രം ഐച്ഛികമായെടുത്ത് തിരുവനന്തപുരം സയന്‍സ് കോളജില്‍ നിന്നും 1934-ല്‍ ബി.എ. (ഓണേഴ്സ്) പാസ്സായി. 1938-ല്‍ എല്‍.ടി. പരീക്ഷ ജയിച്ചു. 1935 മുതല്‍ മൂത്തകുന്നത്തും കാഞ്ഞിരംകുളത്തും സ്വകാര്യ ഹൈസ്കൂളുകളില്‍ അധ്യാപകനായി ജോലിനോക്കി. 1941-ല്‍ സര്‍ക്കാര്‍ വിദ്യാലയ അധ്യാപകനും 1958-ല്‍ പ്രഥമാധ്യാപകനും ആയി. 1962-ല്‍ മലയാളം എൻസൈക്ലോപീഡിയ ഓഫീസില്‍ എഡിറ്റോറിയല്‍ സ്റ്റാഫില്‍ അംഗമായി നിയമിക്കപ്പെട്ടു. 1964-ല്‍ ഡി.ഇ.ഒ. ആയി പ്രമോഷന്‍ ലഭിച്ചെങ്കിലും എൻസൈക്ലോപീഡിയയിൽ തന്നെ തുടര്‍ന്നു.
1968-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. സുവർണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനികഗാനം, അന്തിമേഘങ്ങൾ, ബാലികാരാമം, കിളിക്കൊഞ്ചൽ, പനിനീർപ്പൂവും പടവാളും, ലീലാസൗധം, സ്വാതന്ത്ര്യഗീതം, സൗന്ദര്യധാര, അമൃതബിന്ദുക്കൾ, ഉദ്യാനസൂനം, പ്രസാദം, ജീവിതസായാഹ്നത്തിൽ, തിരുമധുരം, ഭൂമിയും സ്വർഗവും എന്നീ കവിതാസമാഹാരങ്ങളും വാടാമലരുകൾ എന്ന നിരൂപണ ഗ്രന്ഥവും വീരാത്മാക്കൾ, ശ്രീബുദ്ധൻ, ടാഗോർ എന്നീ ബാലസാഹിത്യ കൃതികളും ദിവ്യദീപം (ലൈറ്റ് ഒഫ് ഏഷ്യയുടെ ഗദ്യവിവർത്തനം) വജ്രബിന്ദുക്കൾ എന്നിവയാണ് പ്രധാന കൃതികൾ. ഒമർഖയ്യാമിന്റെ റുബായിയാത്തിന് ജീവിതോത്സവം എന്ന പേരിൽ അപ്പൻ തയ്യാറാക്കിയ വിവർത്തനം ഏറെ ശ്രദ്ധേയമാണ്. അപ്പന്റെ കവിതകള്‍ ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എം.പി. അപ്പനെക്കുറിച്ച് അപ്പന്റെ കാവ്യപ്രപഞ്ചം, മഹാകവി അപ്പന്‍, അപ്പന്റെ പ്രതിഭ എന്നീ പഠനഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാനെ മാനസഗുരുവായി സ്വീകരിച്ചതിനാലാണ്പ്രേമവു പ്രകൃതിയും ദേശസ്നേഹവും തെളിഞ്ഞു കണ്ടതെന്ന് ആര്‍. നാരായണ പണിക്കര്‍ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.
കേരളസാഹിത്യ അക്കാദമി അവാർഡ് (1979), ആശാൻ പ്രൈസ്, മൂലൂർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഹിന്ദി പ്രചാരസഭ നല്കുന്ന ‘സാഹിത്യനിധി’ അവാർഡ് എന്നിവ അപ്പനു ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേരള യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡി.ലിറ്റ്, കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌ക്കാരം (1999) എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്. തോന്നക്കൽ ആശാൻ സ്മാരകം, ജഗതി ഉള്ളൂർ സ്മാരകം എന്നിവയുടെ പ്രസിഡണ്ട് ആയിരുന്നു. 2003 ഡിസംബർ 10-ന് അന്തരിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടേ, നിൻ
നിരുപമമാകിയൊരുദയത്തിങ്കൽ
നൂതനമായിസ്സമ്മേളിക്കും
ഭൗതിക ശക്തിയഭൗതിക ശക്തികൾ…..
ഏകോദര സോദരമായീടും
ലോകത്തുളള മനുഷ്യസമൂഹം
പ്രത്യാശയിലൊളി വീശീടുന്നു
നിത്യവുമാ രമണീയ സ്വപ്‌നം……
1997ൽ ‘ഇന്ന്’ ഓണക്കാഴ്‌ചയിൽ എഴുതിയ കവിതയിൽ നിന്നും. പലപ്പോഴും പഴയ ക്ലാസിക് കവിതാശൈലിയോട് അടുത്തു നിൽക്കുന്ന…. ആത്മീയതയുടെ ചരടില്‍ കോര്‍ത്തവയായിരുന്നു അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിപക്ഷവും. കവിത സംബന്ധിച്ചുള്ള ദൈനംദിന വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന, എപ്പോഴും സൃഷ്ടിയുടെ ലോകത്ത് മാത്രം വിഹരിച്ച കവിയായിരുന്നു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.