ഗന്ധർവ്വകവിയുടെ ഓര്‍മ്മകള്‍ക്ക് 48 വയസ്സ്
വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാർ ഓർമയായിട്ട് ഇന്ന് 48 വർഷം. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകൻ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വയലാർ നൽകിയ സംഭാവനകൾ ചെറുതല്ല. 1956 ൽ കൂടപ്പിറപ്പ് എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച വയലാർ 250 ലേറെ ചിത്രങ്ങൾക്കായി എഴുതിയത് 1300 ലേറെ ഗാനങ്ങളാണ്. ജി. ദേവരാജൻ മാസ്റ്ററുമായുള്ള കൂട്ടുകെട്ട് മലയാള സിനിമാ ചരിത്രത്തിലെ റെക്കോഡാണ് സൃഷ്ടിച്ചത്. 135 ചിത്രങ്ങളിൽ നിന്ന് 755 ഗാനങ്ങളാണ് വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ നിന്ന് പിറന്നത്. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പവും പ്രവർത്തിച്ചു.
🎸 കടലിനക്കരെ പോണോരെ…
🎸 സ്വർണ ചാമരം വീശി എത്തുന്ന….
🎸പ്രവാചകൻമാരെ പറയൂ…
🎸 കായാമ്പൂ കണ്ണിൽ വിടരും….
🎸തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി….
🎸 പാരിജാതം തിരുമിഴി തുറന്നു…
🎸 തങ്കത്തളികയിൽ പൊങ്കലുമായ് വന്ന….
🎸വെണ്ണ തോൽക്കു മുടലോടെ….
🎸 സ്വർഗത്തേക്കാൾ സുന്ദരമാണീ….
🎸 മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു….
🎸 സഖാക്കളേ മുന്നോട്ട്…. 🎸 ബലികുടീരങ്ങളേ….
🎸 ചലനം ചലനം ചലനം….
🎸 ആയിരം പാദസരങ്ങൾ കിലുങ്ങി… 🎸 പെരിയാറേ പെരിയാറേ….
🎸 കണ്ണുനീർ മുത്തുമായ്….
🎸 കാറ്റിൽ ഇളംകാറ്റിൽ… 🎸ചക്രവർത്തിനീ…
🎸കള്ളിപ്പാലകൾ പൂത്തു…
🎸യവനസുന്ദരീ…. ഉൾപ്പെടെ കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്ത വയലാർ ഗാനങ്ങളുടെ ഈരടികൾ കേൾക്കാത്ത ദിവസങ്ങൾ മലയാളിക്ക് ചുരുക്കമായിരിക്കും.
അന്ധവിശ്വാസത്തെയും വർഗീയതയെയും എതിർക്കുമ്പോഴും ദൈവ വിശ്വാസത്തിന്റെ മാനവിക തലങ്ങളെക്കുറിച്ചും വയലാർ നിരന്തരം എഴുതി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ബലികുടീരങ്ങളേ…’ എന്ന ഗാനം കേരളത്തിലെ നാടിൻ്റെ ഉണർത്തുപാട്ടായി.
🎻 ശബരിമലയില്‍ തങ്ക സൂര്യോദയം….
🎻 ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ…
🎻 ചെത്തീന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി….
🎻ഗുരുവായൂർ അമ്പലനടയില്‍ ഒരുദിവസം ഞാൻ പോവും…. ഭക്തിയും ഈശ്വരീയതയും മിഴിവില്‍ വരച്ച പാട്ടുകളും ധാരാളം. ശബരിമലയുടെ ഇന്നത്തെ വിശ്വാസാചാരങ്ങളെപ്പോലും എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹം നമുക്ക് മുമ്പില്‍ അവതരിപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25 ന് ജനിച്ചു. ചേര്‍ത്തല ഹൈസ്‌കൂളിലെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹത്തിന്റെ അമ്മയുടെയും അമ്മാവന്റെയും മേല്‍നോട്ടത്തില്‍ ഗുരുകുല രീതിയില്‍ സംസ്‌കൃത പഠനം നടത്തുകയുണ്ടായി.
സാഹിത്യമേഖല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘പാദമുദ്ര’ (കവിതകള്‍) തുടങ്ങി ധാരാളം കൃതികള്‍ അദ്ദേഹം രചിച്ചു.ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയിൽ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ൽ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അൽപ്പം പ്രവർത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകൾ’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത.
കവിയെന്ന നിലയിലുപരി സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961 ല്‍ ‘സര്‍ഗ്ഗസംഗീതം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974 ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ പതക്കവും നേടി. സ്ത്രീയുടെ മോചനം ആര്‍ത്ഥിക സമത്വത്തിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാര്‍ കവിതയാണ് ‘ആയിഷ’. 1975 ഒക്‌ടോബര്‍ 27 ന് അന്തരിച്ചു
ഗാനരചയിതാവായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ മക്കളാണ്.
വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടി അദ്ദേഹത്തെക്കുറിച്ച് ‘ഇന്ദ്രധനുസിന്‍ തീരത്ത്’ എന്ന കവിത രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്നര വയസുളളപ്പോള്‍ അന്തരിച്ചു വയലാറിന്റെ പിതാവിന്റെ ഓർമ്മയ്ക്കായി ‘ആത്മാവില്‍ ഒരുചിത’ എന്ന കവിത രചിച്ചിട്ടുണ്ട്.
എഴുത്തിന് കടപ്പാട് : സജി അഭിരാം(ഫേസ് ബുക്ക് പോസ്റ്റ്)