ലോകത്തിലെ തന്നെ ഏറ്റവും സ്വാദിഷ്ടമായ മീന്‍കറിയുടെ ക്രെഡിറ്റ് ഇന്ത്യക്കാര്‍ക്ക്
ലോകത്തിലെ ഏറ്റവും മികച്ച അമ്പതു മീന്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയാറാക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച 50 മീന്‍ വിഭവങ്ങളുടെ പട്ടികയില്‍, ബംഗാളില്‍ നിന്നുള്ള ചിൻഗ്രി മലായ് കറി 31-ാം സ്ഥാനം നേടി.
തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ ചെമ്മീന്‍ കറിയാണ് ചിന്‍ഗ്രി മലായ്. കട്ടിയുള്ള ഈ ക്രീമി ചെമ്മീന്‍ കറി ചോറിനൊപ്പമാണ് സാധാരണ കഴിക്കുന്നത്.
ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ മെക്‌സിക്കോയിൽ നിന്നുള്ള ചെമ്മീൻ വിഭവമായ കാമറോൺസ് എൻചിപോട്‌ലഡോസ് ഒന്നാമതെത്തി. സെൻട്രൽ മെക്സിക്കോയിൽ നിന്നുള്ള ഒരു പരമ്പരാഗത മെക്സിക്കൻ വിഭവമാണ് ഇത്. തക്കാളി, ഹോട്ട് പെപ്പര്‍, ഇഞ്ചി എന്നിവയുടെ മിശ്രിതത്തിൽ ചെമ്മീൻ മാരിനേറ്റ് ചെയ്തുണ്ടാക്കുന്ന വിഭവമാണ് ഇത്.
ജപ്പാനിൽ നിന്നുള്ള കൈസെൻഡൻ, ഇന്തൊനീഷ്യയിൽ നിന്നുള്ള പെംപെക് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. പരമ്പരാഗത ജാപ്പനീസ് ഡോണ്‍ബുരി അഥവാ റൈസ്ബൗള്‍ വിഭവം ആണ് കൈസെൻഡൻ. പോർച്ചുഗൽ വിഭവമായ അമീജോസ് എ ബുൾഹാവോ പാറ്റോ, ജപ്പാനില്‍ നിന്നുള്ള ടെക്കാഡോൺ, ഒട്ടോറോ നിഗിരി സുഷി, ഫിൻലാൻഡിലെ ലോയിമുലോഹി, ജപ്പാനിലെ ചുതോരോ നിഗിരി സുഷി, ഗ്രീക്ക് ദ്വീപായ സിമിയില്‍ നിന്നുള്ള സിമിയാക്കോ ഗാരിഡാകി, ജമൈക്കന്‍ വിഭവമായ പെപ്പേഡ് ഷ്രിംപ്സ് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയ മറ്റു വിഭവങ്ങള്‍.

