കട്ടിലും കസേരയും കാടിനുള്ളിലെ വിസ്മയലോകം
സവിന്‍
വെയിലോ സൂര്യകിരണങ്ങളുടെ തിളക്കമോ അറിയാതെയുള്ള യാത്രക്ക് വിരാമമിട്ട് പുല്മേട്ടിലേക്ക് നടന്നു കയറി. ഒരാൾ പൊക്കത്തിൽ വളർന്നു നില്ക്കുന്ന കോതപുല്ലിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുമോന്നു പേടിയുണ്ടായിരുന്നു. ആനയും പന്നിയും മുള്ളനും കുരങ്ങും മുയലുമെല്ലാം അധിവസിക്കുന്ന കാനനത്തിൽ ഭയത്തിന്റെ കെട്ടുമാറാപ്പില്ലാതെ സഞ്ചരിക്കാനാവില്ല.കോതപ്പുല്ലിനെ വകഞ്ഞു മാറ്റിയുള്ള പ്രയാണത്തിൽ ഇടയ്ക്കൊക്കെ ചെറുവേദന സമ്മാനിച്ചുകൊണ്ടു കൈയ്യിലും കാലുകളിലും ചോര പൊടിഞ്ഞിരുന്നു.
“ഭീമന്റെ കട്ടിലും കസേരയും “പേരിൽ തന്നെയുള്ള കൗതുകമാണ് ഇങ്ങോട്ടേക്ക് ഇറങ്ങിത്തിരിക്കാനുള്ള പ്രധാന കാരണം.അജിത്തും പ്രിയ ചേച്ചിയും ഞാനും അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി വെന്മണിയിലേക്ക് യാത്ര തിരിച്ചു.തൊടുപുഴയിൽ നിന്നും വണ്ണപ്പുറം കാളിയാർ വഴി ചുരം കയറിയെത്തുന്നത് ഇടുക്കിയുടെ ഹൃദയഭാഗത്തേക്കാണ്.ബാങ്കും പോസ്റ്റോഫീസും അത്യാവശ്യം കടകളും കൂടിയ ഭൂപ്രകൃതി അനുഗ്രഹിച്ച മലനാട്ടിലെ സുന്ദരഭൂമി.
പഴയതും പുതിയതുമായ ചില കെട്ടിടങ്ങളും ഉള്ള നാടാണെങ്കിലും കാർഷിക പാരമ്പര്യത്തോടെയാണ് ജീവിതമെന്ന് അവിടവിടെയായി കണ്ട മലഞ്ചരക്ക് വ്യാപാരക്കടകൾ മനസ്സിലാക്കിത്തന്നു.അടയ്ക്കയും റബ്ബറും കൊക്കോയും കാപ്പിയും വില്പ്പനയ്ക്കു വാങ്ങി ശേഖരിച്ചു വെക്കുന്നതും മലനാടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു പോലെ തന്നെ സുഗന്ധ വെൻജ്യനങ്ങളുടെ കീർത്തി ലോകത്തിന് മുന്നിൽ തുറന്നു കാട്ടാന്നും ഇടുക്കി എന്ന മിടുക്കിക്ക് സാധിച്ചു.ആളുകൾ പൊതുവേ കുറഞ്ഞ വഴിയിൽ കടത്തിണ്ണയിൽ വെടിവെട്ടം പറഞ്ഞിരുന്ന ചേട്ടമ്മാരോട് വഴി ചോദിച്ച് വെൺന്മണിയുടെ ഉൾഗ്രാമത്തിലേക്ക് യാത്രയായി.
ഇടുക്കിയിങ്ങനെയാണ് കാണാക്കാഴ്ചകളുടെ പറുദീസ്സയൊരുക്കി വെച്ചിരിക്കും. തെക്കൻതോണിയെ എന്ന കാടാൽ ചുറ്റപ്പെട്ട ഗ്രാമത്തിലേക്കാണ് പോകുന്നത്. പേര് തന്നെ പോകുവാനുള്ള ആവേശം കൂട്ടി.ശബ്ദ കോലാഹലങ്ങൾക്ക് വിട നല്കി പതിയെ കാടിന്റെ നൂപുരധ്വനിയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നിരുന്നു.എങ്ങും പച്ചപ്പ് നിറഞ്ഞ വടവൃക്ഷങ്ങൾ മാത്രമാണ്, നിലയ്ക്കാതെ കൂക്കി വിളിച്ചുകൊണ്ടു ചീവിടുകൾ ഞങ്ങളെ സ്വാഗതം ചെയ്തു. വൃക്ഷത്തലപ്പുകൾക്കിടയിലൂടെ സൂര്യകിരണങ്ങൾ ഊളിയിട്ടിറങ്ങുകയാണ്.ചെമ്മണ്ണു നിറഞ്ഞ വഴിയാകെ ചെളിയും ബാക്കി കുറേ ഭാഗം മഴയിലും കുത്തിയൊലിച്ചും പോയിരുന്നു.വലിയ ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ സാഹസികമായി യാത്ര തുടർന്നു.ഇടതൂർന്ന മരക്കൂട്ടങ്ങളുടെ ഹരിതശോഭയും നല്ല തണുപ്പും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവങ്ങളിൽ ഒന്നാണ്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ ദുർഘടമായ പാതയും കടന്ന് പള്ളിമുറ്റത്ത് എത്തിയിരുന്നു.മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ദുഷ്കരം തന്നെയാണ്. പഴയ കാലത്തിന്റെ പ്രൗഢീയും പ്രാതാപവും ഒത്തുചേർന്ന പള്ളിയാണ് ഈ കാടിനുള്ളിലെ ഏക വലിയ നിർമ്മിതി.
അവിടവിടെയായി വളരെ കുറച്ചു വീടുകളും വലിയ കൃഷിയിടങ്ങളും കാടും വെള്ളച്ചാട്ടങ്ങളും ചേർന്ന ഈ നാടിനെ അധികമാരും കണ്ടിട്ടില്ല.റബ്ബറും കാപ്പിയും കുരുമുളകും കപ്പയും കൊക്കോയും സമൃദ്ധമായി കൃഷി ചെയ്യുന്ന നാട്.ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളിലൊന്നായ ചേലക്കയം കുത്തും ഇവിടെ കാഴ്ചകാരില്ലാതെ കലിതുള്ളിയൊഴുകുകയാണ്.വലിയ പാറക്കെട്ടിൽ നിന്നും നുരഞ്ഞു പതഞ്ഞൊഴുകി കാട്ടുചെടികളെ വാർപ്പുണർന്നു പുഴപോലെ ഒഴുകിപ്പരക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.
ഗൈഡുമാരുടെ സഹായമില്ലാതെ ഒരിക്കലും കട്ടിലും കസേരയും സന്ദർശിക്കാൻ സാധിക്കില്ല. കാടിനുള്ളിൽ പ്രകൃതി ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ച ഗുഹയാണ്, കട്ടിലും കസേരയും. പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് താമസിച്ചിരുന്നതാണെന്ന് പറയപ്പെടുന്നു. വിശാലമായ പൂമുഖത്തോടു കൂടിയ സ്വീകരണമുറിയും അഞ്ചു മുറികളും കൂടാതെ ഒരാൾ എന്നും മറ്റുള്ളവർക്ക് കാവലായി പുറത്ത് കട്ടിലിൽ കിടന്നിരുന്നുവെന്നും അത് കട്ടിലും ചാരി ഇരുന്ന കല്ല് കസേരയായും അറിയപ്പെട്ടു എന്നതാണ് ഈ ഗുഹയുടെ പിന്നിലെ ഐതീഹ്യം.കേട്ടറിഞ്ഞതോടെ ഗുഹ കാണാനുള്ള ആവേശം ഒന്നൂടെ കൂടിയിരുന്നു.
തെക്കൻതോണിയിലെ താമസക്കാരിലൊരാളായ കുഞ്ഞേട്ടനേയും കൂട്ടിയാണ് യാത്ര തുടങ്ങിയത്.അട്ടയിൽ നിന്നും രക്ഷ നേടാൻ ഉപ്പു കിഴിയും വലിയ മൂന്ന് നാല് ടോർച്ചുകളും അവർ കയ്യിൽ കരുതിയിരുന്നു.പതിയെ നടന്നു തുടങ്ങിയവർക്ക് പിന്നാലെ ഞങ്ങളും അവരെ അനുഗമിച്ചു.കരിങ്കല്ലുകൾ നിറഞ്ഞ വഴിയിൽ ഒരുപാട് കാഴ്ചകളുണ്ടായിരുന്നു.പച്ച നിറത്തിലും വയലറ്റ് നിറത്തിലും കായ്ച്ച് നിറഞ്ഞു കിടക്കുന്ന കൊക്കോക്കായും മറുവശത്തു പാല്ചുരത്തി നില്ക്കുന്ന റബ്ബർ മരങ്ങളും കണ്ട് മുന്നോട്ട് പോയി. ഒറ്റയടിപ്പാതയും റബ്ബർത്തോട്ടങ്ങളും ജനവാസ മേഖലങ്ങളും പിന്നിടുമ്പോഴേക്കും കാതിൽ ചേങ്കിലമേളം തീർത്തു കൊണ്ടു കാട്ടരുവി കുതിച്ചൊഴുകുകയാണ്. ഇതാണ് തെക്കൻതോണിപുഴ, ഈ കൊച്ചു ഗ്രാമത്തിന്റെ കുടിനീരും കാർഷിക ആവശ്യങ്ങളുടേയും ജീവനാഡി.ഒരു വേനലിലും വറ്റാത്ത പുഴകളിൽ ഒന്നാണ്.വലിയ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെയും തീരത്തോടു ചേർന്ന് നില്ക്കുന്ന മുളങ്കൂട്ടങ്ങളെയും തഴുകി ഒരു താളത്തിലങ്ങനെ തെക്കൻതോണിപ്പുഴ ഒഴുകുകയാണ്.
മുളങ്കൂട്ടങ്ങൾ അതിരിട്ടു നില്ക്കുന്ന വഴിയിലൂടെ കാടിന്റെ ഭംഗിയാസ്വദിച്ച് നടന്നെത്തിയത് ഒരു ചെക്ക്ഡാമിനടുത്തേക്കാണ്. അടിത്തട്ടിൽ വെള്ളാരംകല്ലുകൾ പാകിക്കിടക്കുന്ന വെള്ളത്തിൽ ഒന്ന് മുങ്ങി നീരാടി കാടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.ഇടതൂർന്ന് നില്ക്കുന്ന വടവൃക്ഷങ്ങളും അവ ബാക്കിയാക്കിയ കരിയിലകളും നിലയ്ക്കാത്ത കാട്ടുചീവീടിന്റെ ശബ്ദവും നല്ല തണുപ്പും ഇതൊക്കെയാണ് കാട് സമ്മാനിക്കുന്നത്. കരിയിലക്കൂട്ടത്ത ചവിട്ടിമെതിച്ചു കൊണ്ട് കാടിന്റെ ഉള്ളറയിലൂടെ യാത്ര തുടർന്നു.ഇടയ്ക്കൊക്കെ വഴി രണ്ടായും മൂന്നായും പിരിഞ്ഞ് വിജനമായി എങ്ങോട്ടോ നീണ്ടുപോയിരുന്നു. കാട്ടിലെ ആദിവാസികളുടെ വഴിത്താരയാകാം ,മലയരന്മാരും ഊരാളി വിഭാഗത്തിൽ പെട്ടവരും കാട്ടിൽ അധിവസിക്കുന്നതിനാൽ അവരുടെ സഞ്ചാരപഥത്തിലേക്ക് കടക്കാതെ മുന്നോട്ട് തന്നെ നടന്നു.
വെയിലോ സൂര്യകിരണങ്ങളുടെ തിളക്കമോ അറിയാതെയുള്ള യാത്രക്ക് വിരാമമിട്ട് പുല്മേട്ടിലേക്ക് നടന്നു കയറി. ഒരാൾ പൊക്കത്തിൽ വളർന്നു നില്ക്കുന്ന കോതപുല്ലിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുമോന്നു പേടിയുണ്ടായിരുന്നു. ആനയും പന്നിയും മുള്ളനും കുരങ്ങും മുയലുമെല്ലാം അധിവസിക്കുന്ന കാനനത്തിൽ ഭയത്തിന്റെ കെട്ടുമാറാപ്പില്ലാതെ സഞ്ചരിക്കാനാവില്ല.കോതപ്പുല്ലിനെ വകഞ്ഞു മാറ്റിയുള്ള പ്രയാണത്തിൽ ഇടയ്ക്കൊക്കെ ചെറുവേദന സമ്മാനിച്ചുകൊണ്ടു കൈയ്യിലും കാലുകളിലും ചോര പൊടിഞ്ഞിരുന്നു.
ഉച്ചവെയിലടിച്ചു തുടങ്ങിയപ്പോഴേ ഞങ്ങൾ ആമപ്പാറയുടെ മുകളിലെത്തിയിരുന്നു. വിശാലമായ പാറപ്പുറത്തേക്ക് വിശ്രമത്തിനായി ഇരുന്നു.പാറയിൽ പ്രകൃതി നിർമ്മിച്ച ചെറിയ കുഴി ഉണ്ടായിരുന്നു.ആമക്കുളം എന്നാണ് ഈ കുഴി അറിയപ്പെടുന്നത്. കർക്കിടകമാസത്തിൽ ആമകൾ കൂട്ടമായി ഈ പാറപ്പുറത്ത് വരുകയും മുട്ടയിടുകയും പിന്നീട് കാടിനുള്ളിലെ നീർച്ചോലകളിലേക്ക് മടങ്ങുകയും ചെയ്യും എന്നാണ് പറയുന്നത്. കാട് അതിന്റെ തനതു സൗന്ദര്യവും ചിട്ടയും നില നിർത്തി പോരുന്നതിനാൽ ഈ പറഞ്ഞതും സത്യമാകാതെ തരമില്ല.
കേൾക്കുന്തോറും അതിശയം കൂട്ടുന്ന കാടിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു.ഉപ്പു പ്രയോഗത്തിൽ അട്ടയെ ഒഴിപ്പിച്ചെങ്കിലും കാലിൽ നിന്നും ചോര ഒലിച്ചിറങ്ങുകയാണ് ഇതൊന്നും കൂസാതെ ഞങ്ങൾ നടന്നെത്തിയത് കാട്ടിലെ വിസ്മയലോകത്തിലേക്കാണ്.
മരങ്ങൾ തിങ്ങിനില്ക്കുന്ന കാടിന്റെ പച്ചപ്പിൽ കരിവീരനെപ്പോലെ നില്ക്കുന്ന കൂറ്റൻ കരിമ്പാറക്കെട്ടാണ് ഒറ്റനോട്ടത്തിൽ കട്ടിലും കസേരയും.പാറയുടെ വശത്ത് അള്ളിപ്പിടിച്ച് ഗുഹയിലേക്ക് ഇറങ്ങി. ഉള്ളിലേക്കുള്ള വഴി ഇടുങ്ങിയതും ചെറുതും ആയിരുന്നു.ഒരുവിധം അവിടം കടന്നെത്തിയത് വിശാലമായ ഗുഹാന്തർമുഖത്തേക്കാണ്. ഇരുളിന്റെ കരിനിഴൽ വീണു കിടക്കുകയാണ്. എവിടെ നിന്നോ പ്രത്യാശയുടെ കിരണംപോലെ സൂര്യവെളിച്ചം അരിച്ചെത്തിയിരുന്നു.
കനത്ത ഇരുട്ടിൽ അവർ ടോർച്ചുകൾ പ്രകാശിപ്പിച്ചുവെങ്കിലും ഉള്ളറയുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ സാധിച്ചില്ല. ഗുഹക്കുള്ളിലൂടെ ഒരു ചെറിയ ജലപാതം നീർച്ചോലയായി പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്കടിയിലും വെള്ളച്ചാട്ടവും അരുവിയും അത്ഭുതങ്ങൾ തന്നെ ഓരോ നിമിഷവും കട്ടിലും കസേരയും സമ്മാനിക്കുന്നത്. ആ തണുത്ത വെള്ളമായിരുക്കും ഞാൻ ഇതുവരെ കുടിച്ചതിൽ ഏറ്റവും ശുദ്ധമായ ജലം.
ഇനിയും കാഴ്ചകൾ കിടക്കുകയാണ് ഞങ്ങൾ മുന്നോട്ട് നടന്നു,വലിയ പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞു കിടക്കുകയാണ്.ഗുഹയുടെ ഉയരം കുറയുകയും മുന്നോട്ട് പോകാൻ വഴികാണാതെയും വന്നതോടെ ഒന്നാമത്തെ മുറിയിൽ എത്തിയെന്നു മനസ്സിലായി. ഇവിടെ നരിച്ചീറിന്റെ കൂട്ടം കയ്യടക്കി വെച്ചിരിക്കുകയാണ്. ടോർച്ചിന്റെ വെട്ടത്തിൽ അവയുടെ കണ്ണുകൾ തിളങ്ങി നിന്നു.പാറകഷ്ണം അടർന്നു വീഴുന്ന ശബ്ദവും ഞങ്ങളുടെ കലപില സംസാരവും അവയെ അലോസരപ്പെടുത്തിയിട്ടുണ്ടാകാം, അതിനാൽ ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ കൂട്ടമായി പറന്ന് വീണ്ടും ഇരുളിലേക്ക് ചേക്കേറി.
കൊച്ചേട്ടൻ ചെറിയ വിടവിലൂടെ മുകളിലേക്ക് കയറി പിന്നാലെ ഞങ്ങളും, അത്ര എളുപ്പമായിരുന്നില്ല യാത്ര.സാഹസികത ഇഷ്ട്ടപ്പെടുന്നവരെ കട്ടിലും കസേരയും ഒരിക്കലും നിരാശരാക്കില്ല.കല്ലുകളിൽ ചവിട്ടിയും നുഴഞ്ഞു കയറിയും മറ്റൊരാളുടെ കൈ സഹായം കൊണ്ടും ഓരോ മുറിയും കണ്ട് മുന്നോട്ട് നടന്നു. ഒരു നിമിഷം ടോർച്ച് വെട്ടം ഓഫ് ചെയ്താൽ കൂരിരുട്ടിൽപ്പെട്ടു പോകും.പച്ചപകലിൽ വെളിച്ചം കടന്ന് ചെല്ലാത്ത ഗുഹ,അപൂർവ്വം തന്നെയാണ്. അതും ഭൂമിക്കടിയിൽ 150 മീറ്ററിലധികം നീളത്തിൽ പല മുറികൾ നിറഞ്ഞ ഇരുളിൽ പ്രകൃതി തീർത്ത കരിങ്കൽ കൊട്ടാരമെന്ന് വിശേഷിപ്പിക്കാം.
വലിയ പാറയിലൂടെ അള്ളിപ്പിടിച്ചു കയറിയും നൂണ്ടിറങ്ങിയും കല്ലുകളിൽ പിടിച്ചു നടന്നും ഞങ്ങൾ ഭൂമിയുടെ വെള്ളി വെളിച്ചത്തിലേക്കെത്തി. അപ്പോഴേക്കും ഞങ്ങൾ ഏകദേശം രണ്ടു മണിക്കൂറോളം സമയം പിന്നിട്ടിരുന്നു. ഗുഹയുടെ ഒത്തമുകളിലെ ദ്വാരത്തിൽ നിന്നും സൂര്യകിരണങ്ങൾ ഇരുൾ മൂടിയ ഗുഹയിലേക്ക് വീഴുന്ന കാഴ്ച നയന മനോഹരമാണ്. പ്രകൃതിയുടെ ഈ വിടവാണ് ഈ ഗുഹയിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. ചെറിയ വിശ്രമത്തിന് ശേഷം പാറക്കെട്ടിലൂടെയും വള്ളിപ്പടർപ്പുകളിൽ പിടിച്ചു പുറത്തെത്തി.
പച്ചപ്പ് നിറഞ്ഞ കാട്ടിൽ ഇങ്ങനെയൊരു വിസ്മയ കാഴ്ച പ്രതീക്ഷിച്ചതിൽ കൂടുതലാണ് കിട്ടിയത്.പുറത്തു നിന്നും നോക്കിയാൽ ഒരു കുഴി എന്നതിനപ്പുറം മറ്റൊന്നും തോന്നില്ലെന്നതാണ് സത്യം.മരക്കൂട്ടങ്ങൾക്കിടയിലൂടെ മറ്റൊരു വഴിയിലൂടെ കാട് കറങ്ങി ഞങ്ങൾ ഗുഹയുടെ മുൻവശത്തെത്തിയിരുന്നു.ഭീമന്റെ വലിയ കട്ടിലിൽ വിശ്രമിച്ചിരിമ്പോൾ മനസ്സിലായി ആ കട്ടിലും ഗുഹയുമായുള്ള ബന്ധം.ദൂരെ നിന്നും ആരേയും നിരീക്ഷിക്കാൻ പറ്റുന്ന വിധത്തിലാണ് കട്ടിലിന്റെ സ്ഥാനം മഴയും വെയിലും ഏല്ക്കാതെ കരിമ്പാറക്കൂട്ടം കുടയായി നില്ക്കുകയാണ്, അതിനാൽ എത്ര കാലം കഴിഞ്ഞാലും കട്ടിലും അതിനടുത്തുള്ള കസേരക്കല്ലും ഭീമന്റെയും പഞ്ചപാണ്ഡവന്മാരുടേയും കഥകളുമായി ഇവിടെത്തന്നെയുണ്ടാകും.
വെളിച്ചം മങ്ങിത്തുടങ്ങി, ഇനി മടക്കമാണ്. കാടിനെ അറിഞ്ഞു കൊണ്ടു കേട്ടറിഞ്ഞതെല്ലാം സ്വന്തമാക്കിയ ചാരുഥാർദൃത്തോടെ മലയിറങ്ങുമ്പോൾ മഴയും ഞങ്ങൾക്കൊപ്പം കൂടിയിരുന്നു.രക്തദാഹികളായ അട്ടകൾ കാലിലേക്ക് കയറിത്തുടങ്ങിയിട്ടും കലിയടങ്ങാതെ മഴ കാടിനുള്ളിലേക്ക് പിന്നേയും പെയ്തിറങ്ങുന്നുണ്ടായിരുന്നു.
#ഊരുതെണ്ടിയുടെ_കുത്തികുറിക്കലുകൾ