വിസ്മയങ്ങള്‍ സമ്മാനിച്ച തട്ടേക്കാട് യാത്ര
ബിബിൻ
ഇന്‍ഫോപാര്‍ക്ക്(കാക്കനാട്)
പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതിരുന്ന ഒരു വീക്കെൻഡ്, രാവിലെ എഴുന്നേറ്റത് തന്നെ ഇന്നെവിടെ പോണം എന്നാലോചിച്ചാണ്. സ്ഥലമൊന്നും മനസ്സിൽ വന്നില്ലെങ്കിലും എവിടെയേലും പോകണം എന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ ഗൂഗിളിൽ പരത്തുമ്പോഴാണ് തട്ടേക്കാട് കണ്ടത്, ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഒരു പക്ഷി സാങ്കേതത്തിൽ എന്ത് കാണാനിരിക്കുന്നു എന്ന് വിചാരിച്ച് എല്ലായെപ്പോഴും ഒഴുവാക്കുകയാണ് ചെയ്തത്. ഏതായാലും ഇത്തവണ ഒന്ന് പോയി നോക്കാമെന്നു കരുതി.
എഴുന്നേറ്റത് ഒരുപാട് വൈകിയായതും കൊണ്ടും ഗൂഗിളിൽ തപ്പി ഒരുപാട് സമയം കളഞ്ഞത് കൊണ്ടും വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഉച്ചയാവാറായി. അങ്ങനെ ഏകദേശം ഒരു മണിയോട് കൂടി തട്ടേക്കാട് എത്തി, എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും 12 കിലോമീറ്റർ ദൂരമാണ് തട്ടേക്കാട് വരെ. കോതമംഗലം വിട്ടു കഴിഞ്ഞാൽ സുന്ദരമായ ഗ്രാമപ്രദേശങ്ങളാണ്. റോഡിന്റെ വലതു വശത്തയായി ഓഫിസും ടിക്കറ്റ് കൗണ്ടറും.
അവിടെ ചെന്ന് പക്ഷി സാങ്കേതത്തിലൂടെ ഒരു റൗണ്ടടിച്ചു വരാനായിരുന്നു പ്ലാൻ. എന്നാൽ ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് അറിയുന്നത് അവിടെ പല ട്രെക്കിങ്ങ് പ്ലാനുകൾ ഉണ്ടെന്നു. എല്ലാം ഗൈഡഡ് ട്രെക്കിങ്ങ് ആണ്. 2-3 മണിക്കൂർ കാട്ടിലൂടെ ഒരു ഗൈഡിനോടൊപ്പം നടന്നു കാണാം. സാധാരണ 50 രൂപ ടിക്കറ്റ് എടുത്തു പക്ഷി നീരീക്ഷണത്തിന് പോകുന്ന റൂട്ട് അല്ലിത്, അത് ടിക്കറ്റ് കൗണ്ടറിന്റെ അവിടുന്നു മുന്നോട്ടു പോയി റോഡിനു ഇടതു വശത്തായിട്ടാണ്. എന്നാൽ ഈ ട്രെക്കിങ്ങ് ടിക്കറ്റ് കൗണ്ടർ ഇരിക്കുന്ന സൈഡിൽ കൂടി ഉള്ളിലേക്ക് പോണം. എല്ലാ ട്രെക്കിങ്ങ് പ്ലാനുകൾക്കും ഏതാണ്ട് ഒരു റേറ്റ് തന്നെയാണ്, 500 രൂപ ക്യാമറ ഉൾപ്പടെയാണ്. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ ട്രെക്കിങ്ങ് അവസരം ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.
നാട്ടുച്ചയായത് കൊണ്ട് പക്ഷികളെയോ മൃഗങ്ങളെയോ കാണാൻ ചാൻസ് കുറവായിരിക്കുമെന്ന് ആദ്യമേ അവർ മുന്നറിയിപ്പ് തന്നിരുന്നു എങ്കിലും ഞാൻ നിർബന്ധിച്ചത് കൊണ്ടാണ് അവർ ടിക്കറ്റ് തന്നത്. ആ സമയത്തു പോകാൻ വേറെ ആരുമുണ്ടായിരുന്നില്ല, എന്റെ കൂടെ വരുന്ന ഗൈഡ് ശിവദാസൻ ചേട്ടനാണ്, അവിടെ പോയിട്ടുള്ള പലർക്കും ശിവദാസൻ ചേട്ടനെ അറിയുമായിരിക്കും, 30 വർഷത്തോളമായി പുള്ളിക്കാരൻ കാട്ടിൽ ജോലി ചെയ്യുന്നു, വെറും ജീവിത മാർഗം മാത്രമായല്ല പുള്ളി ജോലിയെ കാണുന്നത്, കാടിനോടുള്ള സ്നേഹം കൊണ്ട് കൂടിയാണ്. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി.
നടന്നു തുടങ്ങുമ്പോൾ തന്നെ ഒരു ചെറിയ തടകമാണ്, ഉച്ച സമയത്തും അവിടെ ഒരുപാട് പക്ഷികളുണ്ടായിരുന്നു, പൊന്മാനും കൊക്കും കാട്ടു താറാവും ഒക്കെ. കാട്ടു താറാവ് വെള്ളത്തിൽ ചുമ്മാ കിടക്കുന്നു, സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസിലായെ ഉറക്കമാണെന്ന്. വെള്ളത്തിൽ താഴ്ന്നു പോകാതെ എങ്ങനെ ഉറങ്ങും? ഏതായാലും അതൊരു കൗതുകമായിരുന്നു. കുറച്ചു വീഡിയോ ഒക്കെ എടുത്തു ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിക്കൊക്കെ ശിവദാസൻ ചേട്ടൻ ഓരോരോ കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു.
പോകുന്ന വഴിക്കു കേൾക്കുന്ന എല്ലാ ശബ്ദങ്ങളും ഏതു പക്ഷിയുടേതാണെന്നു ചേട്ടൻ കൃത്യമായി പറയുന്നുണ്ടാരുന്നു, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പേരുകൾ, പലതും ഞാൻ കേട്ടിട്ടു കൂടിയില്ല. അതാണ് 30 വർഷത്തെ എക്സ്പീരിയൻസിന്റെ ഗുണം. എക്സ്പീരിയൻസ് ഉള്ളവരുടെ കൂടെ കാട്ടിൽ പോകുന്നത് ഒരുപാട് പുതിയ അറിവുകൾ നേടാൻ സഹായിക്കും. ഏതായാലും പക്ഷി നീരീക്ഷണത്തിന് വരുവാണേൽ അതി രാവിലെ എത്തണം.
പക്ഷികളുടെ ശബ്ദവും കേട്ടു മുന്നോട്ടു പോകുമ്പോൾ മരത്തിന്റെ മുകളിൽ പെട്ടെന്നൊരനക്കം, മലയണ്ണാനാരുന്നു. അതിനെ വീഡിയോയിൽ പകർത്തുമ്പോൾ ശിവദാസൻ ചേട്ടന്റെ വക വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഉപദേശം, ഏതൊരു ജീവിയെയും ഷൂട്ട് ചെയ്യുമ്പോൾ അതിന്റെ കണ്ണ് കിട്ടണമെന്ന്. കൂടാതെ മലയണ്ണാനെ കുറിച്ച് എനിക്കറിയാതിരുന്ന ഒരു കാര്യവും പറഞ്ഞു തന്നു. ഇവ ഒരുപാട് ഉയരത്തിലാണ് സാധാരണ കൂടു കൂട്ടാറു, മാത്രമല്ല മൂന്നു നാലു കൂടുകൾ കൂട്ടി അവയിൽ മാറി മാറി താമസിക്കും, ശത്രുക്കളിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗമാണ് പോലും, കൊള്ളാമല്ലേ. അത് കഴിഞ്ഞു മലയണ്ണാന്റെ കൂടു കണ്ടപ്പോളൊക്കെ ഞാൻ ശ്രെദ്ധിച്ചു ചുറ്റുപാടും അടുത്തടത്തു പല കൂടുകൾ കാണാം.
യാത്ര തുടരവേ, ചേട്ടൻ പറഞ്ഞു ആ കാട്ടിൽ തന്നെ പുള്ളി ഒരുവിധം എല്ലാ മൃഗങ്ങളെയും കണ്ടിട്ടുണ്ടെന്നു, പക്ഷി സങ്കേതം മാത്രമാണതെന്നായിരുന്നു എന്റെ ധാരണ. ഏതായാലും മുന്നോട്ടു പോകുമ്പോൾ കാടിനകത്തു ഒരു ചെറിയ ബിൽഡിംഗ്, കാടിനകത്തു ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഓപ്ഷനാണത്, അങ്ങനെയൊരു സംഭവം തട്ടേക്കാടുള്ളതായി ഞാൻ മുൻപ് കേട്ടിട്ടേയില്ല. എന്നാൽ പിന്നെ ഒന്നു പോയി കണ്ടിട്ട് തന്നെ കാര്യം, ഞങ്ങൾ മെല്ലെ അങ്ങോട്ട് നീങ്ങി, കൊടും കാടിന് നടുവിൽ ഒറ്റപ്പെട്ട ഒരു പൊക്കമുള്ള ബിൽഡിംഗ്. ഒറ്റ നോട്ടത്തിൽ ഒരു വാച്ച് ടവർ പോലെ തോന്നി, ചുറ്റും ഇലക്ട്രിക് ഫെൻസിങ്ങ്.
മൂന്ന് നിലയുള്ള ബിൽഡിങ്ങിൽ ഏറ്റവും മുകളിലായി ഒരു മുറി മാത്രം, ഒരു ഫാമിലിക്ക് മാത്രമേ താമസിക്കാൻ പറ്റൂ, ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം ബുക്കിങ്ങ് ഇല്ല , ഉടനെ വീണ്ടും ആരംഭിക്കുമെന്നാണ് ചേട്ടൻ പറഞ്ഞത്. ഇതിന്റെ ബുക്കിങ്ങ് തട്ടേക്കാട് പക്ഷി സാങ്കേതത്തിൽ തന്നെയാണ് ചെയ്യേണ്ടത്, 2500 രൂപയാണ് രണ്ടോ മൂന്നോ പേരടങ്ങുന്ന ഒരു ഫാമിലിക്കു താമസിക്കാം, എക്സ്ട്രാ ആൾക്കാരുണ്ടെങ്കിൽ അവിടെ നേരിട്ട് സംസാരിച്ചാൽ അതനുസരിച്ചു അഡ്ജസ്റ്റ് ചെയ്ത് തരും. നമ്മൾ ഇപ്പോൾ ചെയുന്ന പോലെയുള്ള രണ്ട് ട്രെക്കിങ്ങ് രാവിലെയും വൈകിട്ടും, പിന്നെ വൈകിട്ടത്തെ ഫുഡ് (കഞ്ഞിയും പയറും ആണ് പാക്കേജിൽ ഉള്ളത് ), സാധനങ്ങൾ കൊണ്ട് പോയാൽ കുക്ക് ചെയ്യാൻ പറ്റും. പിന്നെ ഫുൾടൈം ഒരു ഗൈഡ് കൂടെയുണ്ടാകും. ഇതാണ് ഇവിടുത്തെ സ്റ്റേയുടെ ഡീറ്റെയിൽസ്.
സ്റ്റേയുടെ ലൊക്കേഷൻ സൂപ്പറാണ്, മൂന്ന് നിലയുടെ മുകളിൽ നിന്ന് നോക്കിയാൽ ഒരു സൈഡ് മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു, മറു സൈഡിൽ ഒരു മൈതാനം പോലെയുള്ള സ്ഥലം, അതിന് നടുവിൽ കൂടെ ചെറിയൊരു അരുവി, അത്യാവശ്യം ദൂരക്കാഴ്ച കിട്ടുന്ന സുന്ദരമായ ഒരു സ്ഥലം, വേനൽക്കാലങ്ങളിൽ വെള്ളം കുടിക്കാനായി മൃഗങ്ങൾ ഇറങ്ങാറുള്ള സ്ഥലമാണെന്ന് ചേട്ടൻ പറഞ്ഞു. ഏതായാലും ഓപ്പൺ ആയിക്കഴിഞ്ഞാൽ ഒന്നു പോകണം.
പോകുന്ന വഴിക്കൊക്കെ ധാരാളം കൂറ്റൻ ചിലന്തി വലകൾ കണ്ടു, നാട്ടിൽ കാണുന്നതിനേക്കാൾ വലുപ്പം കൂടതലുണ്ട് ഇവക്ക് Giant Wood Spiders. അവയെകുറിച്ച് ഒരു പുതിയ കാര്യം ചേട്ടൻ പറഞ്ഞു തന്നു. വലിയൊരു ചിലന്തി കൂടാതെ ഒരു കുഞ്ഞു പ്രാണി കൂടെയുണ്ട് വലയിൽ, ഞാൻ കരുതിയത് വലയിൽ കുടുങ്ങിയ ഏതെങ്കിലും പ്രാണിയാണെന്നാണ്. പക്ഷേ അതൊരു കുഞ്ഞു ചിലന്തി തന്നെയാണ്, അതാണ് ആൺ ചിലന്തി, വലുത് പെൺ ചിലന്തി. അവ തമ്മിൽ അതിഭയങ്കര വലുപ്പ വ്യത്യാസം. അതിലൊക്കെ കൗതുകകരമായ കാര്യം, ഇണചേരൽ കഴിഞ്ഞാൽ വലിയ പെൺചിലന്തി ആൺ ചിലന്തിയെ പിടിച്ചു ഭക്ഷണമാക്കും. എന്തൊക്കെ ക്രൂരമായ ഏർപ്പാടുകളാണല്ലേ.
ഏതായാലും പ്രകൃതിയുടെ ഈ വികൃതിയെ അതിന്റെ വഴിക്കു വിട്ടു ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴി തൊട്ടടുത്തു നിന്ന് ഒരു പക്ഷി വല്ലാതെ ഒച്ച വക്കുന്നു, ഞങ്ങളുടെ വരവ് ഒട്ടും ഇഷ്ടപ്പെടാതെ ഞങ്ങളോട് വഴക്ക് കൂടുന്ന ഭാവത്തിൽ ഞങ്ങളെ നോക്കിയാണ് ബഹളം. കരിയിലപ്പിട ആണ്, വെറുതെയാണോ ഇതിനെ അങ്ങനെ വിളിക്കുന്നെ എന്തൊരു ബഹളം. ഏതായാലും അതിന്റെ കുറച്ചു വീഡിയോ ഒക്കെയെടുത്തു ഞങ്ങൾ വീണ്ടും നടന്നു, ഇടയ്ക്കിടെ ഒരുപാട് മലയണ്ണാനുകളെ കണ്ടു. ഏതാണ്ട് രണ്ടര മൂന്ന് മണിക്കൂർ നീണ്ട അടിപൊളി ട്രെക്കിങ്ങിനു ശേഷം ഞങ്ങൾ തിരിച്ചെത്തിയപ്പോൾ ഏകദേശം നാലു മണി.
അങ്ങനെ കാര്യമായി മൃഗങ്ങളെ ഒന്നും കണ്ടില്ലെങ്കിലും വളരെ റിഫ്രഷിങ് ആരുന്നു ആ കാട്. ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് നല്ലത്. തിരിച്ചു ടിക്കറ്റ് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യുമ്പോൾ താഴത്തെ പക്ഷി സാങ്കേതത്തിൽ കൂടെ ഒന്നു കയറാൻ ടിക്കറ്റ് ചോദിച്ചു, ട്രെക്കിങ്ങ് ടിക്കറ്റ് എടുത്തത് കൊണ്ട് വേറെ ടിക്കറ്റ് വേണ്ട അത് തന്നെ മതി പക്ഷി സാങ്കേതത്തിലും കയറാൻ. റോഡിലിറങ്ങി നടന്നു താഴെ പക്ഷി സാങ്കേതത്തിന്റെ ഗേറ്റിൽ എത്തിയപ്പോ ചേട്ടൻ പറഞ്ഞു പെട്ടെന്ന് തിരിച്ചു പോരണം വൈകിട്ടാകുമ്പോൾ പുഴ നീന്തി ആന കയറി വരുമെന്ന്.
ആളുകൾ തീരെ കുറവായിരുന്നു, അകത്തേക്ക് കയറുമ്പോൾ ഞാൻ ഒറ്റക്കായിരുന്നു. ധാരാളം ചീവീടുകളുടെ സൗണ്ടും ചുറ്റും കാടും ഞാനൊറ്റക്കും, ചെറിയൊരു പേടിയുണ്ടാരുന്നു, കുറച്ചങ്ങു ചെന്നപ്പോൾ വഴിയിൽ രണ്ട് സൈഡിലും നിറച്ചും തഴ വളർന്നു ആർച്ച് പോലെയായിട്ടുണ്ട് കുറേ ദൂരത്തോളം, തഴചെടികൾ കൊണ്ടുണ്ടാക്കിയ ഒരു ഗുഹയിൽ കൂടി പോകുന്ന പോലെ തോന്നി. മുന്നോട്ടു പോയപ്പോ പുഴയുടെ സൈഡിൽ എത്തി, അപ്പുറം മുഴുവൻ കാടാണ്, അവിടെ നിന്നാണ് ആന വരുമെന്ന് ചേട്ടൻ പറഞ്ഞത്.
കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ കുറച്ചു ആളുകളെ കണ്ടു, അവർ പുഴയിലിറങ്ങാൻ ചെറിയ ശ്രെമം നടത്തുന്നു, സമയം വൈകിയതിനാൽ ഞാൻ നിന്നില്ല, വീണ്ടും നടപ്പ് തുടർന്നു, അതിന് ചുറ്റും ഒരു റൗണ്ട് അടിച്ചിട്ട് പോരാൻ അവര് പറഞ്ഞപ്പോൾ ഞാൻ കരുതി ഒരൊറ്റ വഴിയേ ഉണ്ടാകുള്ളൂ എന്ന്. പലയിടത്തും വഴികൾ തിരിയുന്നുണ്ടെങ്കിലും ഞാൻ ഒരു ഊഹം വച്ച് അങ്ങ് പോയി. കുറച്ചു ചെന്നപ്പോ എതിരെ വരുന്ന ഒരു ഫാമിലിയെ കണ്ടു, അവരെന്നോട് ചോദിച്ചു പുറത്തേക്കുള്ള വഴി ഏതാണെന്നു, ഞാൻ പറഞ്ഞു ഇതായിരിക്കും ഉറപ്പില്ല എന്ന്. മുന്നിൽ ചെല്ലുമ്പോൾ വഴി വീണ്ടും രണ്ടായി തിരിയുന്നുണ്ട് അതിലേതാണെന്നു അറിയില്ല അതുകൊണ്ട് അവര് വന്ന വഴി തിരിച്ചു പോകാൻ തീരുമാനിച്ചെന്നു. ഞാനേതായാലും ഒരു ഭാഗ്യ പരീക്ഷണം നടത്താൻ തീരുമാനിച്ചു, വന്ന വഴിയേ തിരിച്ചു പോയാൽ പുതിയ സ്ഥലങ്ങൾ കാണാൻ പറ്റില്ലലോ.
മുൻപോട്ടു ചെന്നപ്പോൾ കണ്ട തിരിവിൽ ഞാൻ ചുമ്മാ തോന്നിയതൊരെണ്ണം അങ്ങ് തിരിഞ്ഞു, വലത്തോട്ട്, എന്റെ ഊഹമനുസരിച് ആ വഴി ഞാൻ മുൻപ് വന്ന ഡയറക്ഷനിൽ എത്തണം, എന്റെ ഭൂമിശാസ്ത്രപരമായ ഊഹങ്ങളൊന്നും ഒരിക്കലും ശെരിയായിട്ടില്ലലോ എന്ന തിരിച്ചറിവ് വീണ്ടും എന്നെ പേടിപ്പിച്ചു. കാട്ടിൽ വഴി തെറ്റി ഒറ്റപ്പെട്ടു പോകുമോ? കൂടാതെ ചേട്ടൻ പറഞ്ഞ കാര്യവും ഓർത്തു ‘വൈകരുത് ആന ഇറങ്ങും’. പതിയെ എന്റെ നടപ്പിന്റെ സ്പീഡ് കൂടി വന്നു.
ഒടുവിൽ ഞാനൊരു ജംഗ്ഷനിൽ എത്തി, മുൻപ് അങ്ങോട്ട് പോയപ്പോൾ കണ്ട തിരിവാണ് അതെന്ന് മനസിലായപ്പോളാണ് ശെരിക്കും ശ്വാസം നേരെ വീണത്. ഇനി പതിയെ കാട് ആസ്വദിച്ചു യാത്ര തുടരാം, അങ്ങനെ ഓരോ കുഞ്ഞു കാഴ്ചകളും കണ്ട് ആസ്വദിച്ചു നീങ്ങുമ്പോൾ പുറകിൽ മുൻപ് കണ്ട ആ ഫാമിലി വരുന്നുണ്ട്, അവർ തിരിച്ചു നടന്നു, അങ്ങോട്ട് പോയ വഴിയേ തന്നെ തിരിച്ചു ഇവിടെത്തി. തട്ടേക്കാട് അത്രക്ക് ഭീകരമൊന്നുമല്ല കേട്ടോ, ഞാൻ ഒറ്റക്കായിരുന്ന കൊണ്ടും, നേരം വൈകിയിരുന്നതും കൊണ്ടും ആന വരുമെന്ന് പറഞ്ഞു ചേട്ടൻ പേടിപ്പിച്ചതും കൊണ്ടും മാത്രമാണ് ഇങ്ങനൊക്കെ സംഭവിച്ചത്. മുൻപ് കണ്ട വഴികളിലെ ഏത് തിരിവിൽ പോയാലും ഒടുവിൽ ഇവിടെ തന്നെ എത്തുമെന്നാണ് എനിക്ക് തോന്നുന്നെ.
ഓരോ യാത്രയും ഓരോ അനുഭവമാണ്, അത് പോലെ തന്നെയാണ് ഓരോ കാടും.
അങ്ങനെ പുതിയ കാടും അത് സമ്മാനിച്ച പുതിയ അനുഭവങ്ങളുമായി ഞാൻ തിരിച്ചു പോന്നു. ഉച്ചക്ക് ട്രെക്കിങ്ങിനു പോയപ്പോൾ കണ്ട തട്ടേക്കാടിലെ ആ മൂന്നു നില കെട്ടിടവും അതിന്റെ ലോക്കഷനുമായിരുന്നു എന്റെ മനസ് നിറയെ. പോകണം, കൊറോണ ഒക്കെ മാറി എല്ലാം ഒന്നു ശാന്തമാകട്ടെ, എന്നാണ് എന്നറിയില്ല ഏതായാലും വെയിറ്റ് ചെയ്യാം.
തട്ടേക്കാട് ട്രെക്കിങ്ങും, സ്റ്റേയും ഒക്കെ ഡീറ്റെയിൽഡ് ആയിട്ടറിയാൻ അവിടുത്തെ നമ്പറിൽ വിളിച്ചു ചോദിക്കുക – വൈൽഡ് ലൈഫ് വാർഡൻ : 0485 588302
ഇത് ഞാൻ 2020 ഒക്ടോബറിൽ പോയ യാത്രയാണ്, ഇതിന്റെ വീഡിയോ ഞങ്ങളുടെ DotGreen യൂട്യൂബ് ചാനലിൽ ഉണ്ട്. നിരവധി കാടും ട്രെക്കിങ്ങും ഫാമിലി ട്രിപ്പുകളും ഒക്കെ ചാനലിൽ ഉണ്ട്.