ഭൂട്ടാന്‍ യാത്ര-2
സജീവ് അറവങ്കര( മാധ്യമപ്രവര്‍ത്തകന്‍)
2019 ഡിസംബര്‍ 10കാല്‍നടയായി മറ്റൊരു രാജ്യത്തേക്ക് കടക്കുകയാണ്. പ്രധാന കവാടമായ ഭൂട്ടാന്‍ ഗേറ്റിലൂടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. ഗേറ്റിന് ഇടതുവശത്ത് ഒരു പഞ്ചായത്ത് റോഡിന് സമാനമായ വഴിയിലൂടെ നടന്ന് വേണം ബുദ്ധരാജ്യത്തേക്ക് നടന്നുകയറാന്‍. ഗൂഗിള്‍ മാപ്പിലോ ഭൂപടത്തിലോ കാണുന്ന അതിര്‍വരമ്പുകള്‍ അടുത്തനിമിഷം എന്റെ മുന്നില്‍ മാഞ്ഞ് ഇല്ലാതാവും. അതിര്‍ത്തികള്‍ കടന്നുപോകുന്നത് എപ്പോഴും കൗതുകമാണ്. മറ്റൊരു സംസ്ഥാനത്തിലേക്ക് അല്ലെങ്കില്‍ ജില്ലയിലേക്കോ അതിര്‍ത്തി കടന്നു പോകുമ്പോള്‍ ചിന്താക്കാറുണ്ട്, നമ്മുടെ ജീവിതശൈലിയില്‍ നിന്ന് അവരെങ്ങനെയായിരിക്കാം വ്യത്യാസപ്പെട്ട് കിടക്കുന്നതെന്ന്. ഇന്ത്യന്‍ പേരുള്ള ക്രിക്കറ്റ് താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനോ ദക്ഷിണാഫ്രിക്കയ്‌ക്കോ ന്യൂസിലന്‍ഡിനോ വേണ്ടി കളിക്കുമ്പോഴുള്ള അതേ കൗതുകമാണത്. അവരുടെയൊക്കെ ഇന്ത്യന്‍ വേരുകള്‍ തേടിപോകുന്നത് ഒരു രസമുള്ള ഏര്‍പ്പാടാണ്. അതുപോലെതന്നെയാണ് ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതും.ഇനി ജെയ്‌ഗോണില്ല, ഫുണ്‍ഷോലിംഗാണ് (Phuentsholing). ജയ്‌ഗോണ്‍ ഇന്ത്യയിലാണ്.
ഒരു പ്രദേശമാണെങ്കില്‍കൂടി ഭൂട്ടാനിലേക്ക് കാലെടുത്തുവച്ചാല്‍ ഫുണ്‍ഷോലിംഗാണ്. ഭൂട്ടാന്റെ സാമ്പത്തിക കേന്ദ്രവും ഫുണ്‍ഷോലിംഗ് തന്നെ. ഇനിയുള്ള പ്രധാന ഹര്‍ഡില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക എന്നുള്ളതാണ്. ഭൂട്ടാന്‍ ഗേറ്റ് കടന്ന് കഷ്ടിച്ച് 100 മീറ്റര്‍ നടന്നാല്‍ വലത് വശത്ത് തന്നെ കാണാം എമിഗ്രേഷന്‍ സെന്റര്‍. ഗേറ്റിനടുത്ത് ടാക്‌സി ഡ്രൈവര്‍മാരുടെ ബഹളമാണ്. അവരുടെ കണ്ണുവെട്ടിച്ചും മാറ്റിനിര്‍ത്തിയുമാണ് ഞാന്‍ ഒരുവിധത്തില്‍ എമിഗ്രേഷന്‍ സെന്ററിലെത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവിടത്തുകാരനായ ഒരാളുടെ സഹായം വേണ്ടിവന്നു. നമ്മുടെ നാട്ടില്‍ വില്ലേജ് ഓഫീസിനും പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലെല്ലാം കാണുന്നത് പോലെ ഇതെല്ലാം എഴുതി പൂരിപ്പിച്ചുതരാന്‍ എമിഗ്രേഷന്‍ സെന്ററിന് സമീപം ആളുകളുണ്ട്. നമ്മള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പോകുന്നു, എത്ര ദിവസം ഭൂട്ടാനിലുണ്ടാവും എന്നൊക്കെയുള്ള വിവരങ്ങള്‍ എമിഗ്രേഷന്‍ സെന്ററില്‍ നല്‍കണം. പാസ്‌പോര്‍ട്ടോ വീസയോ ആവശ്യമില്ല. എന്നാല്‍ താമസിക്കാന്‍ പോകുന്ന ഹോട്ടലിന്റെ പേരുവിവരങ്ങള്‍, അവിടെ എത്ര ദിവസം താമസിക്കും എന്നുള്ളത് എമിഗ്രേഷന്‍ സെന്ററില്‍ രേഖാമൂലം അറിയിക്കണം. അതോടൊപ്പം വോട്ടേഴ്‌സ് ഐഡി, ആധാര്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും കയ്യില്‍ കരുതണം.
ഏതാണ്ട് ഒരു മണിക്കൂര്‍ സമയത്തെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്നിറങ്ങി. സഹായിച്ച ആള്‍ക്ക് 200 രൂപയും നല്‍കി. എനിക്ക് യാത്ര ചെയ്യാനുള്ള ഷെയര്‍ ടാക്‌സിയും അയാള്‍ റെഡിയാക്കി തന്നിരുന്നു. ഇന്ത്യന്‍ കറന്‍സി ഭൂട്ടാനില്‍ സ്വീകരിക്കുമെന്നുള്ളതാണ് മറ്റൊരു ഗുണം. അതും മൂല്യത്തില്‍ ഒട്ടും വ്യത്യാസമില്ലാതെ തന്നെ. എമിഗ്രേഷന്‍ സെന്ററില്‍ ഭൂട്ടാന്‍ സന്ദര്‍ശകര്‍ക്കുളള മൊബൈല്‍ സിം കാര്‍ഡുകളും ലഭിക്കും. ആവശ്യക്കാര്‍ക്ക് മേടിക്കാം. ഗവണ്‍മെന്റിന് കീഴിലുള്ള ഭൂട്ടാന്‍ ടെലികോമിന്റെ സിം കാര്‍ഡുകളാണ് ലഭിക്കുക. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി 200 MB മാത്രമാണ് ലഭ്യമാവുക. നാട്ടിലെ ശീലമനുസരിച്ചുള്ള ഉപയോഗമാണെങ്കില്‍ മിനിറ്റുകള്‍ക്കം നെറ്റ് തീരും.
റൂമിലെത്തിയിട്ട് മാറാം എന്ന് ചിന്തയില്‍ സിംകാര്‍ഡ് ബാഗിലെടുത്ത് വച്ചു. എമിഗ്രഷന്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങി ഭൂട്ടാന്‍ ഗേറ്റിന് സമീപമുള്ള ഇരിപ്പിടങ്ങില്‍ പോയിരുന്നാല്‍ ഇന്ത്യന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാം. ടാക്‌സി ഡ്രൈവര്‍ എനിക്കൊപ്പം യാത്ര ചെയ്യാനുള്ള മറ്റുയാത്രക്കാരെ തേടുകയാണ്. ദുക്പ എന്നാണ് തന്റെ പേരെന്ന് ഡ്രൈവര്‍മാരുടെ ഐഡി കാര്‍ഡ് എനിക്ക് നേരെ നീട്ടികൊണ്ട് അയാള്‍ പറഞ്ഞു. കഡോ ദുക്പ എന്നാണ് മുഴുവന്‍ പേര്. ലോകത്തുള്ള എല്ലാ ഡ്രൈവര്‍മാരേയും പോലെ വളരെ എളിമയോടെ, വിനീതനായി ദുക്പ എന്നോട് ഇടപഴകി. നാല് പേര്‍ക്ക് ടാക്‌സിയില്‍ യാത്ര ചെയ്യാം. മൂന്ന് പേരെ കിട്ടുന്നത് വരെ കാത്തിരിക്കാന്‍ ദുക്പ പറഞ്ഞു. ഫുണ്‍ഷോലിംഗില്‍ ബസുകളില്ല. ഭൂട്ടാനില്‍ തന്നെ ബസുകള്‍ അപൂര്‍വമായിട്ടേ ഒള്ളൂ. (ബസുകളെ വഴിയെ പറയാം). നടവഴി കടന്നുവരുന്ന സന്ദര്‍ശകരോട് ടാക്‌സി ആവശ്യമുണ്ടോ എന്ന് ദുക്പ അന്വേഷിക്കുന്നുണ്ട്. ഞാന്‍ മറ്റേതെങ്കിലും ടാക്‌സിക്കാരോട് സംസാരിക്കുന്നുണ്ടോ അവര്‍ക്കൊപ്പം പോകുന്നുണ്ടോ എന്നൊക്കെ ദുക്പ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട്. ഒരു നിമിഷം കഴിയുന്തോറും തണുപ്പ് കൂടി കൂടി വരികയാണ്. ഇതിനിടെയാണ് ഭൂട്ടാനിലെ വസ്ത്രധാരണം ശ്രദ്ധിച്ചത്. കൈപ്പത്തിയും മുഖവും മാത്രം കാണുന്ന രീതിയിലുള്ള ഒരുതരം വസ്ത്രമാണിത്. പുരുഷന്മാര്‍ ഒറ്റനോട്ടത്തില്‍ ഒരു കമ്പിളി കൊണ്ട് ദേഹമാകെ പുതച്ചിരിക്കുന്നതായി തോന്നും. മുട്ടറ്റം വരെ നീളന്‍ സോക്‌സ് വലിച്ചുകയറ്റിയിരിക്കുന്നു.തണുപ്പിനെ പ്രതിരോധിക്കാനായിരിക്കാമത്. ഘൊ (Gho) എന്നാണ് പുരുഷന്മാരിടുന്ന വസ്ത്രത്തിന് ഔദ്യോഗികമായി പറയുന്നത്. സ്ത്രീകളുടേത് കിറ (Kira). നാട്ടിലെ ലുങ്കിയുടേത് സമാനമായ ഒറ്റമുണ്ട് അരയില്‍ ചുറ്റിക്കെട്ടിയിരിക്കുന്നു. അരയ്‌ക്കൊപ്പം നില്‍ക്കുന്ന ഫുള്‍സ്ലീവ് ടോപ്. ചെറിയൊരു ജാക്കറ്റ് പോലെ. പുരുഷന്മാരുടെ വസ്ത്രത്തേക്കാള്‍ കളര്‍ഫുള്ളാണ് സ്ത്രീകകളുടേതെന്ന് എനിക്ക് തോന്നി.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഈ പരമ്പരാഗത വസ്ത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഒരിടത്ത് പോകുമ്പോള്‍ ആ പ്രദേശത്തെ കുറിച്ച് പൊതുവായ ഒരു ചിത്രമുണ്ടാക്കിവെക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നറുണ്ട്. ഇങ്ങോട്ട് യാത്ര തിരിക്കുന്നതിന്റെ രണ്ടോ മൂന്നോ ആഴ്ച്ചമുമ്പ് ഹരിലാലിന്റെ ‘ഭൂട്ടാന്‍- ലോകത്തിന്റെ ഹാപ്പി ലാന്‍ഡ്’ എന്നൊരു യാത്രാവിവരണ പുസ്തകം മേടിച്ചിരുന്നു. മേടിച്ചതല്ലാതെ ഒരു പേജ് പോലും മറിച്ച് നോക്കിയിരുന്നില്ല. ദുക്പ സഹയാത്രികരേയും കൂട്ടി വരുന്നതിന് മുമ്പ് വെറുതെ ഭൂട്ടാന്റെ മാപ്പെടുത്ത് നോക്കി. ഹിമാലയത്തിന്റെ കിഴക്കന്‍ താഴ്‌വാരത്ത് തണുപ്പില്‍ ഒരു അട്ടപോലെ ചുരുണ്ട് കിടക്കുന്ന ചെറിയ രാജ്യം. ബംഗാളിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു.
വടക്ക്, ചൈനയോട് ഒട്ടി കിടക്കുന്നു. എങ്കിലും ഇന്ത്യ തന്നെയാണ് പ്രധാന ആശ്രയം. എന്തെങ്കിലും കൂടുതല്‍ അറിയാന്‍ മാത്രം സമയം ദുക്പ സമയം തന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം മൂന്ന് യാത്രക്കാരുമായി ദുക്പ തിരിച്ചുവരുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരായിരുന്നു മൂവരും.രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ പാറോയിലേക്കാണ് എനിക്ക് പോവേണ്ടത്. അവിടെയാണ് ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ഹിമാലയന്‍ താഷി ഫുണ്‍ഷോക് (Hotel Himalayan Tashi Phuntshok). വൈകുന്നേരം നാല് മണിയോടെയാണ് ഫുണ്‍ഷിലിംഗില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇത്തവണ വിന്‍ഡോസീറ്റില്ല. നടുക്കിരിക്കേണ്ടി വന്നു. വൈകുന്നേരമായപ്പോഴേക്കും കടുത്ത തണുപ്പ്. ഒരു ഷര്‍ട്ടും അതിന്റെ മുകളിലൊരു ടീ ഷര്‍ട്ടുമാണ് എന്റെ വേഷം. പക്ഷേ അത് മതിയായില്ല. തല്‍ക്കാലം സീറ്റിന് ഇരുവശവുമുള്ള യാത്രക്കാര്‍ക്കിടയില്‍ കൂനിക്കൂടി ഇരിക്കാമെന്നായി. ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിനാല്‍ അവരുമായുള്ള സംസാരം എപ്പൊഴേ മുറിഞ്ഞിരുന്നു. ദുക്പയ്ക്ക് ഹിന്ദി അറിയാം. എന്നെപ്പോലെ അല്‍പസ്വല്‍പം ഇംഗ്ലീഷും അറിയാം. അതുകൊണ്ട് ദുക്പയോട് മാത്രം എന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ ഇന്ത്യയിലായിട്ടും ഹിന്ദി അറിയില്ലെ എന്നൊക്കെ ചോദിച്ച് ദുക്പ ഇടയ്ക്ക് കളിയാക്കുന്നുണ്ട്. ഞാന്‍ ആ പരിഹാസത്തോട് കൂടുതല്‍ സംസാരിക്കാനില്ലന്ന മട്ടില്‍ ചിരിച്ചുകൊണ്ട് ഒഴിവാക്കി.

വളരും തിരുവുമൊക്കെയായി കുത്തനെയുള്ള കയറ്റം. പുറത്ത് കോട മൂടിയിരിക്കുന്നു. കടുത്ത തണുപ്പില്‍, വാഹനം കുന്നിന്‍ചെരുവിലൂടെ പോകുന്തോറും ചെവി അടഞ്ഞും തുറന്നും കൊണ്ടേയിരിക്കുന്നു. സഹയാത്രികര്‍ ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവിനെ കുറിച്ച് ഹിന്ദിയില്‍ എന്തൊക്കെയോ ദുക്പയോട് സംസാരിക്കുന്നുണ്ട്. അതോടെ എനിക്ക് സംശമായി ഇനി ഇവര്‍ തിംഫുവിലേക്കാണോ പോകുന്നത്..? മൊത്തത്തില്‍ ആശയക്കുഴപ്പം. എന്റെ സംശയം ഞാന്‍ ദുക്പയോട് തന്നെ തീര്‍ത്തു. ”നിങ്ങള്‍ തിംഫുവിലേക്കാണോ പോകുന്നത്.?”ഒട്ടും ആലോചിക്കാതെ അതേയെന്ന് ദുക്പ മറുപറിയും പറുഞ്ഞു. ഒരുനിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. തൊണ്ടയിലെ വെള്ളം വറ്റി. അടിവയറ്റില്‍ നിന്ന് മൂര്‍ദ്ധാവ് വരെ ഒരാന്തലായിരുന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് വഴിയില്‍ ഇറങ്ങിയാല്‍ പോലും എന്ത് ചെയ്യാനാണെന്നൊക്കെയുള്ള ചിന്തകള്‍ കടന്നുപോയി. ശബ്ദം പുറത്തേക്ക് വരുമെന് ഉറപ്പാക്കിയ ശേഷം ഞാന്‍ ദുക്പയോട് പറഞ്ഞു. ”എനിക്ക് പാറോയിലേക്കാണ് പോവേണ്ടത്. എമിഗ്രേഷന്‍ നടപടികള്‍ ശരിയാക്കിതന്ന ആളോട് ഞാനത് പറഞ്ഞിരുന്നു.”ദുക്പയും ഒന്ന് അസ്വസ്ഥനായി. അയാളുടെ ശബ്ദം ചെറുതായൊന്നു കടുത്തു… ”തിംഫുവിലേക്കാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇതൊക്കെ നിങ്ങള്‍ ഞാനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടതല്ലേ..?”എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ സഹയാത്രികരുടെ മുഖത്തേക്ക് നോക്കി. അവര്‍ക്കൊന്നും പറയാനില്ല. ഒരു കൈകൊണ്ട് തല ചൊറിഞ്ഞുകൊണ്ട് ദുക്പ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഔദ്യോഗിക സോംഗ്ഖാ (Dzongkha) ഭാഷയില്‍ അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അല്‍പനേരത്തെ നിശബ്ദതയ്ക്ക് ശേഷം പരിഹാരവും ദുക്പ തന്നെ പറഞ്ഞു.”ഒരു കാര്യം ചെയ്യാം. ചുസം ബ്രിഡ്ജില്‍ (പാറോയിലേക്ക് തിരിയുന്ന സ്ഥലം) ഞാന്‍ നിങ്ങളെ ഇറക്കിവിടാം. അവിടെ നിന്ന് നിങ്ങള്‍ക്ക് പാറോയിലേക്ക് ടാക്‌സി കിട്ടും.” അതെനിക്കും സമ്മതം. അധികം വൈകാതെ ചുസം ബ്രിഡ്ജിലെത്തി. കാറിന് കൈ കാണിക്കാന്‍ ദുക്പയും എന്റെ കൂടെയിറങ്ങി. ഒന്നോ രണ്ടോ വാഹനങ്ങള്‍ നിര്‍ത്തി. അവരാരും പാറോയിലേക്ക് അല്ലായിരുന്നു. മൂന്നാമതൊരാള്‍ വന്നത് ആ വഴിക്കായിരുന്നു. എനിക്ക് പോവേണ്ട സ്ഥലവും ഹോട്ടലും ദുക്പ പുതിയ ഡ്രൈവറെ പറഞ്ഞുമനസിലാക്കി. എന്റെ ബാഗ് കാറില്‍ വെക്കാന്‍ സഹായിച്ച് ദുക്പ മടങ്ങി. എനിക്കയാളോട് ബഹുമാനം തോന്നി. എന്നെ പെരുവഴിയിലിറക്കാതെ മറ്റൊരു വാഹനം കിട്ടുന്നത് വരെ കൂടെ നിന്നതിന്. ഇതുകൊണ്ടൊക്കെയാവും ഭൂട്ടാനെ ലോകത്തിലെ ഹാപ്പിലാന്‍ഡ് എന്നൊക്കെ വിളിക്കുന്നത്.പുതിയ ഡ്രൈവര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും ഒട്ടും അറിയില്ല. ഹോട്ടലിന്റെ പേര് ഞാന്‍ പറഞ്ഞുകൊടുത്തിട്ടും ആള്‍ക്ക് മനസിലായില്ല. ഒടുവില്‍ ഹൊട്ടലിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് അവരുടെ ഭാഷയില്‍ സംസാരിച്ചപ്പോഴാണ് ആള്‍ക്ക് ലൊക്കേഷന്‍ പിടികിട്ടിയത്. ഒരുപാട് താമസിക്കാതെ രാത്രി എട്ടരയോടെ എനിക്ക് ഹോട്ടലിലെത്താന്‍ കഴിഞ്ഞു.

ഒരു സിംഗിള്‍ മുറിയാണ് ഞാന്‍ ഹോട്ടല്‍ താഷി ഫുണ്‍ഷോകില്‍ ബുക്ക് ചെയ്തിരുന്നത്. മുമ്പ് കീര്‍ത്തന വന്നപ്പോഴും ഇതേ ഹോട്ടിലായിരുന്നു താമസം. ഹോട്ടല്‍ സജസ്റ്റ് ചെയ്തതും അവളുതന്നെ. വലിയ ക്ഷീണമുണ്ട്. ഇന്ന് കുളിച്ചിട്ടില്ല. എന്തിന് ഏറെ പറയുന്നു പച്ചവെള്ളം കുടിച്ചാണ് ഇത്രയും സമയം പിടിച്ചുനിന്നത്. ഹോട്ടലില്‍ ഒമ്പത് മണിവരെ രാത്രി ഭക്ഷണമുണ്ട്. കുളി കഴിഞ്ഞ് കഴിക്കാമെന്നായി.പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം കഴിക്കണം എന്നല്ലേ. എന്തായാലും ഭൂട്ടാനിന്റെ തനതായ ഭക്ഷണം തന്നെ കഴിക്കാമന്നായി. വൈറ്റ് റൈസുണ്ട്. കൂടെ കഴിക്കാന്‍ കറിയായി എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ‘കെവ ദത്ഷി’ (Kewa Datshi)യാണ് ഓര്‍ഡര്‍ ചെയ്തത്. ഉരുളക്കിഴങ്ങിട്ട സൂപ്പ് പോലെ ഒരു വിഭവം. അത്യാവശ്യം എരിവുമുണ്ട്. എന്തായാലും കഴിച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഒരു ബിയറുമെടുത്ത് തിരികെ റൂമിലേക്ക്. നാളെയാണ് ഭൂട്ടാന്‍ ട്രിപ്പ് ഔദ്യോഗികമായി തുടങ്ങുന്നത്.
ടൈഗര്‍ നെസ്റ്റിലേക്കുള്ള ട്രക്കിംഗിനെ കുറിച്ചായിരുന്നു ചിന്ത. കൊടും തണുപ്പില്‍ ബിയറ് കുടിച്ചതിന്റെ വീര്യമോ ആലസ്യമോ ഒന്നും അറിയുന്നേയില്ല. ഉറക്കത്തിലേക്ക് വീഴാന്‍ യാത്രാക്ഷീണം ധാരാളമായിരുന്നു. തണുപ്പില്‍, ചുരുണ്ടുകൂടിയ കാലുകള്‍ക്കിടയില്‍ കൈവിരലുകള്‍ ഞെരിഞ്ഞമര്‍ന്നു…
ആദ്യത്തെ പോസ്റ്റിന്‍റെ ലിങ്ക്..