വസുമതി വിഎസിന്‍റെ പ്രീയസഖിയായത് ഇങ്ങനെയാണ്…
പാർട്ടി പ്രവർത്തനമാണ് തന്റെ ജീവിതമെന്നും കല്യാണം അതിനൊരു തടസ്സമാകുമെന്നും വി.എസ്. അച്യുതാനന്ദൻ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചിരുന്നു.
പാർട്ടി സഖാക്കളും ബന്ധുക്കളും പലപ്പോഴും വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി നിന്നു. എന്നാൽ, നാൽപ്പത് വയസ്സ് കഴിഞ്ഞപ്പോൾ, വയസ്സാകുമ്പോൾ ഒരു തുണ വേണമെന്ന് തോന്നിത്തുടങ്ങിയതായി വി.എസ്. പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയും എം.എൽ.എ-യും ആയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു താമസം.
ഒരു ദിവസം വി.എസിന്റെ ചേട്ടൻ ഗംഗാധരൻ അദ്ദേഹത്തെ കാണാനെത്തി, ഒരു കൂട്ടും കുടുംബവുമൊക്കെ ആലോചിക്കാനുള്ള പ്രായമായെന്ന് ഓർമ്മിപ്പിച്ചു. ഏകദേശം അതേസമയത്താണ് ചേർത്തലയിലെ മുതിർന്ന സഖാവ് ടി.കെ. രാമൻ, സെക്കന്ദരാബാദിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കാറായ വസുമതി എന്ന പെൺകുട്ടിയെക്കുറിച്ച് വി.എസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. അച്ഛൻ നേരത്തെ മരിച്ചതിനാൽ അമ്മയ്ക്ക് താങ്ങാവാനായി വേഗം ജോലി നേടുക എന്നതായിരുന്നു വസുമതിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ വിവാഹത്തെക്കുറിച്ച് അവർ കാര്യമായി ചിന്തിച്ചിരുന്നില്ല.
തന്റെ ഭാവി വരനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് വസുമതി ഇങ്ങനെ ഓർമ്മിക്കുന്നു: കോടംതുരുത്തിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന വി.എസിന്റെ പ്രസംഗം അവർ ഏറ്റവും പിന്നിൽ നിന്ന് കേൾക്കുകയായിരുന്നു. യോഗം കഴിഞ്ഞ് പിരിയാൻ നേരം ടി.കെ. രാമൻസഖാവ് വസുമതിയെ വിളിച്ച് വി.എസിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് ഒരു പാർട്ടി രേഖ വാങ്ങി വസുമതിയുടെ കയ്യിൽ കൊടുത്തു. വി.എസ്. പോയ ശേഷം, രാമൻസഖാവ് വി.എസിന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചു. അന്ന് അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും, ടി.കെ. രാമനെപ്പോലുള്ള സഖാക്കൾ അപ്പോഴേക്കും വസുമതിയെ വി.എസിന്റെ ജീവിത സഖിയായി മനസ്സിൽ കണ്ടിരുന്നു. കാരണം, അന്ന് പ്രസ്ഥാനം ഓരോ സഖാവിന്റെയും ജീവിതത്തെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നു.
1967 ജൂലൈ 18-നായിരുന്നു വി.എസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കായിരുന്നു ചടങ്ങ്. എൻ. ശ്രീധരന്റെ പേരിലായിരുന്നു ക്ഷണക്കത്ത്. മുഹൂർത്തമോ, സ്വീകരണമോ, ആഭരണങ്ങളോ, സദ്യയോ ഇല്ലാതെ ലളിതമായി പരസ്പരം പൂമാല അണിയിച്ച് മാത്രമായിരുന്നു വിവാഹം.