ബാക്കി വരുന്ന ചോറ് കൊണ്ട് ഇനി നല്ല കിടിലൻ കട്‌ലേറ്റ് ഉണ്ടാക്കി നോക്കിയാലോ ?

ബാക്കിവരുന്ന ചോറ് എന്ത്‌ചെയ്യും എന്നറിയാതെ വിഷമിക്കുന്ന അമ്മമാര്‍ക്ക് ഇനി ചോറുകൊണ്ട് നല്ല സ്വാദുള്ള കട്‌ലറ്റുണ്ടാക്കാം. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടിലുള്ള വിഭവങ്ങള്‍ ചേര്‍ത്ത് നാവില്‍ കപ്പലോടുന്ന നല്ല കിടിലന്‍ കട്‌ലേറ്റ്.

ആവശ്യമായ സാധനങ്ങള്‍

അരക്കപ്പ് ചോറ് നന്നായി അരച്ചെടുത്തത്
ഒരു ഉരുളന്‍കിഴങ്ങ് പകുതി പുഴുങ്ങി ഉടച്ചത്
ഒരു ക്യാരറ്റ് ചീന്തി എടുത്തത്
ക്യാബേജ് ചെറുതായി അരിഞ്ഞത്
അല്‍പ്പം ഗ്രീന്‍പീസ്
അല്‍പ്പം കടല
പച്ച മുളക് ചെറുതായി അരിഞ്ഞത്
ഇഞ്ചി,മല്ലിയില,കറിവേപ്പില
സവാള മീഡിയം അരിഞ്ഞത്
ഗരംമസാല, മുളക് പൊടി
മഞ്ഞള്‍ പൊടി ,വാളന്‍പുളിപിഴിഞ്ഞത്

മസാല തയ്യാറാക്കുന്ന വിധം

ഓയിലില്‍ സബോള, ഇഞ്ചി, പച്ചമുളക്, എന്നിവ ഇട്ട് വഴറ്റി എടുക്കുക. അതിലേക്ക് ഒരുതുള്ളി മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് മുളക് പൊടി എന്നിവ ചേര്‍ക്കുക. അതിലേക്ക് അരിഞ്ഞ് വച്ച ക്യാബേജ്, ക്യാരറ്റ്, ഗ്രീന്‍പീസ്, മല്ലിയില എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പുമിട്ട് ഇളക്കുക. അതിലേക്ക് അര ടേബിള്‍ സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. മസാല റെഡി.

കട്‌ലറ്റ് തയ്യാറാക്കുന്ന വിധം

തയ്യാറാക്കിയ മസാലയും, അരച്ചെടുത്ത ചോറും പുഴുങ്ങി വച്ച ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നന്നായി ഇളക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി എടുക്കുക .അതിന് ശേഷം രണ്ട് മുട്ടയില്‍ അല്‍പ്പം കുരുമുളക് ചേര്‍ത്ത് അടിച്ച് വക്കുക. തയ്യാറാക്കിയ കട്‌ലറ്റ് മിക്‌സ് മുട്ടയില്‍ മുക്കിയ ശേഷം ബ്രഡ് പൊടിയില്‍ മുക്കി തിളച്ച ഓയിലില്‍ പൊരിച്ച് എടുക്കുക. സ്വാധിഷ്ടമായ ചോറ് കട്‌ലറ്റ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *