ആത്മഹത്യപ്രതിരോധദിനം; പ്രീയപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താം

ഇന്ന് ആത്മഹത്യപ്രതിരോധദിനം..ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണ് വേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

ഒരാളുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുകയോ അയാളിൽ ആത്മഹത്യ പ്രവണതകൾ ഉണ്ടെന്ന് തോന്നുകയോ ചെയ്താൽ, ആദ്യം ചെയ്യേണ്ട കാര്യം അവർക്ക് എന്തെങ്കിലും തുറന്ന് പറയാനുണ്ടോ എന്ന് മനസിലാക്കലാണ്. മനസ് തുറക്കാൻ അവർ തയ്യാറായാൽ ക്ഷമയോടെ അവരെ കേൾക്കുകയും അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുക.ഓരോ ജീവനും വിലപ്പെട്ടതാണ്. ജീവന്‍ സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് അവകാശമില്ല.ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ച് വരുന്നു.

ആത്മഹത്യകണക്ക് ഞെട്ടിക്കുന്നത്


ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ 20121 ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രതിവര്‍ഷം ലോകത്ത് ഏഴു ലക്ഷത്തിലധികം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടും ആശങ്കപ്പെടുത്തുന്നതാണ്.

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.പാതിവഴിയില്‍ ജീവനൊടുക്കുന്നവരില്‍ ഏറെയും മധ്യവരുമാനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതോടൊപ്പം ഇന്ത്യയിലും കേരളത്തിലും ആത്മഹത്യ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആത്മഹത്യാനിരക്കില്‍ കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മുപ്പത് ശതമാനത്തോളം വര്‍ധനവുണ്ടായി. മാനസികാരോഗ്യ രംഗത്ത് കേരളം പിന്നോക്കം പോകുന്നതാണ് ആത്മഹത്യ കൂടാന്‍ പ്രധാന കാരണമായി മാനസികാരോഗ്യ വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്..

കുട്ടികളാണ് … ചെവികൊടുക്കാതെ ഇരിക്കരുത്

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്കും കൂടുന്നുണ്ട്. കോവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിച്ചതെന്ന് പോലീസിന്റെ പഠന റിപ്പോര്‍ട്ടിലുണ്ട് . കുടുംബ പ്രശ്നമാണ് കുഞ്ഞുങ്ങളുടെ ആത്മഹത്യനിരക്ക് കൂടുന്നതിന് പ്രധാനകാരണം. ലഹരിമരുന്നുകളുടെ ഉപയോഗവും ആത്മഹത്യവര്‍ദ്ധനവിന് ഒരുകാരണമാണ്.കുട്ടികളുടെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ അവരെ കേട്ടുകഴിഞ്ഞാല്‍ പരിഹരിക്കാന്‍ സാധിക്കും. കൌമാരക്കാരെ വ്യക്തികളായി പരിഗണിക്കുകയാണ് ആദ്യം വേണ്ടത്. അതായത് വീട്ടിലെ പൊതുവായ കാര്യങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ക്കും പരിഗണനല്‍കാം. മാതാപിതാക്കള്‍ക്ക് തങ്ങള്‍ക്കും പരിഗണന നല്‍കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അവരുടെ പ്രശ്നങ്ങള്‍ നിങ്ങളോട് ഷെയര്‍ താല്‍പര്യം കാണിക്കും.

എല്ലാ വര്‍ഷവും കേരളത്തിലെ ആത്മഹത്യ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലക്ഷത്തില്‍ 12.7 പേര്‍ ആത്മഹത്യ തിരഞ്ഞെടുത്തപ്പോള്‍ കേരളത്തില്‍ അത് 29.05 ആണ്. കുടുംബപ്രശ്‌നങ്ങളാണു കേരളത്തിലെ ആത്മഹത്യകളില്‍ 47.7% സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളത്.21% അസുഖങ്ങള്‍ മൂലമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ആത്മഹത്യകളില്‍ 20.95% സ്ത്രീകളാണെങ്കില്‍ 79.05% പുരുഷന്മാരാണ്.

മാനസിക രോഗങ്ങളിൽ പ്രധാനമായും വിഷാദരോഗം, ബൈപോളാർ ഡിസോഡർ, ലഹരി മരുന്നുകളുടെ ഉപയോഗം, ബോർഡർലൈൻ പേഴ്സണാലിറ്റി പോലുള്ള വ്യക്തി വൈകല്യങ്ങൾ എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്.

ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ഘടകങ്ങള്‍ ആത്മഹത്യയെ സ്വാധീനിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും എല്ലാം സാമൂഹിക പ്രശ്നങ്ങളാണ്. കൗമാരപ്രായക്കാരിലെ ലഹരി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഒരുഭാഗത്തുണ്ട്.

കൈപിടിച്ച് കയറ്റാം

ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് തണല്‍ കേന്ദ്രങ്ങളായി സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അവിടെനിന്ന് സഹായവും പിന്തുണയും ലഭിക്കും. ആത്മഹത്യകള്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും പിന്നീട് കുറയുന്നുവെന്നും ഉറപ്പാക്കാന്‍ ഇനിപ്പറയുന്നവ പാലിക്കേണ്ടതുണ്ട്: സമൂഹത്തില്‍ സഹായം എത്താത്ത ആളുകള്‍ക്കിടയിലേക്ക് സന്നദ്ധസംഘടനകള്‍ പോലെയുള്ളവ എത്തിച്ചേരേണ്ടതുണ്ട്. സമൂഹത്തില്‍ ആത്മഹത്യാപരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനായി ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുക. അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കുന്നതിന് മാത്രമല്ല, സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കാമ്പെയ്‌നുകള്‍ ഫലവത്താകുന്നതാണ്.

2003-ൽ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ (ഐ‌എ‌എസ്‌പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തുമായും (ഡബ്ല്യുഎഫ്എംഎച്ച്) സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *