ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് സ്റ്റൈൽ മന്നന്

ഇന്ത്യയില്‍ ചലച്ചിത്ര കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് സ്റ്റൈൽ മന്നൻ രജനികാന്തിന്. തമിഴ് സിനിമാ രംഗത്ത് നിന്ന് ശിവാജി ഗണേശനും സംവിധായകന്‍ ബാലചന്ദറിനും ശേഷം ഈ പുരസ്‌കാരം ലഭിക്കുന്നത് രജനികാന്തിനാണ്.

തനിക്ക് സിനിമാ ജീവിതം തെരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിച്ച സുഹൃത്ത്, ബസ് ഡ്രൈവര്‍ രാജാ ബഹാദൂറിനും ഗുരുവായ ബാലചന്ദറിനുമാണ് അദ്ദേഹത്തിന്റെ പുരസ്‌കാര സമര്‍പ്പണം. 51ാമത് ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം രജനികാന്ത് നേടുന്നത് നാല് ദശാബ്ദകാലത്തെ സിനിമാ ജീവിതത്തിന് ശേഷമാണ്.

ശിവാജി റാവു ഗേക്വാദ് എന്നാണ് രജനികാന്തിന്റെ യഥാര്‍ത്ഥ നാമം. 1950 ഡിസംബര്‍ 12ന് കര്‍ണാടകയിലെ ബംഗളൂരുവില്‍ മറാത്തി കുടുംബത്തിലാണ് ജനനം. അതിജീവനത്തിനായി നിരവധി തൊഴിലുകള്‍ ചെയ്തു. ബസ് കണ്ടക്ടര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാനുള്ള തീരുമാനം. കുട്ടിക്കാലത്ത് തന്നെ തന്റെ പ്രതിഭ പ്രകടിപ്പിക്കാന്‍ തുടങ്ങിയ രജനികാന്തിനെ ബാലചന്ദര്‍ കണ്ടെത്തിയത് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ്.

1975ല്‍ ബാലചന്ദര്‍ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ശിവാജി റാവുവിന് ‘രജനികാന്ത്’ എന്ന പേര് നല്‍കിയതും ബാലചന്ദറാണ്. കമലഹാസനും ശ്രീവിദ്യയ്ക്കും ഒപ്പം ‘അപൂര്‍വ രാഗങ്കള്‍’ എന്ന സിനിമയിലൂടെയാണ് രജനികാന്ത് തന്‍റെ ആദ്യ ചുവടുവച്ചത്.

എണ്‍പതുകളിലാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. കന്നട,തെലുങ്ക്, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. ഗര്‍ജനം എന്ന മലയാള ചിത്രത്തില്‍ നായകനായി. ബില്ല, ദളപതി, എന്തിരന്‍, ബാഷ, കാല തുടങ്ങി ചരിത്രം കുറിച്ച നിരവധി ചിത്രങ്ങള്‍ രജനിയുടെതായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *