ദന്തപരിചരണം; പല്ലുതേയ്പ്പിലുണ്ട് കാര്യം

വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിനചര്യയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് പല്ല് തേയ്പ്പ്. പല്ലുകൾ വൃത്തിയാക്കുന്നത് പല്ലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങളും മോണയോടു ചേർന്ന് അടിഞ്ഞുകൂടുന്ന പ്ലാക്ക് എന്ന ബാക്ടീരിയ അടങ്ങിയ പാടയും നീക്കം ചെയ്യാനാണെങ്കിൽ നാവു വടിക്കുന്നതു പ്രധാനമായും വായ്നാറ്റം അകറ്റാനാണ്.

ഭാരതത്തിൽ വേപ്പ് പോലുള്ള മരങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു. 1938—ലാണു നൈലോൺ നാരുകൾ ബ്രിസിൽസ് ഉണ്ടാക്കാൻ ഉപയോഗിച്ചു തുടങ്ങിയത്. ബ്രഷിന്റെ കൈപിടി തെർമോപ്ലാസ്റ്റിക് കൊണ്ടുണ്ടാക്കാമെന്നു കണ്ടെത്തിയതും അക്കാലത്താണ്.

ബ്രഷുകൾ പലതരം


നാരുകളുടെ നെയ്ത്തുരീതി അനുസരിച്ചു മൂന്നുതരം ബ്രഷുകളുണ്ട്. സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിവ. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷ് ഉപയോഗിക്കാനാണ് ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്നത്. ഹാർഡ് ബ്രഷുകളുടെ ഉപയോഗം മോണയെ മുറിപ്പെടുത്താനും പല്ലിന്റെ ഇനാമൽ തേഞ്ഞു പോകാനുമിടയാക്കും.

ബ്രഷിന്‍റെ തലയറ്റത്തിന്‍റെ ആകൃതി ദീർഘചതുരത്തിലോ ഡയമണ്ട് ആകൃതിയിലോ, ഓവൽ ആകൃതിയിലോ, വൃത്താകൃതിയിലോ ആവാം. ഡയമണ്ട് ആകൃതി മറ്റുള്ളവയെക്കാൾ ഒതുക്കമുള്ളതായതിനാൽ ഏറ്റവും പുറകിലുള്ള പല്ലുകൾ വരെ വൃത്തിയാക്കാൻ സാധിക്കും.

വായുടെ വലുപ്പമനുസരിച്ചു ബ്രഷിന്റെ തലയറ്റത്തിന്റെ വലുപ്പം തിരഞ്ഞെടുക്കണം. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബ്രഷിന്റെ തലയറ്റം 15 മില്ലിമീറ്റർ ആവാം. രണ്ടുമുതൽ ആറു വയസുവരെ 19 മി. മീറ്റർ, ആറു മുതൽ 12 വയസുവരെ 22 മി. മീറ്ററും 12 നു മുകളിൽ പ്രായമുള്ളവർക്ക് 25 മി. മീറ്റർ വരെ വലുപ്പമുള്ള തലയറ്റം ആവാം.

മറ്റുള്ളവരുമായി ഒരാളുടെ ടൂത്ത് ബ്രഷ് പങ്കുവയ്ക്കരുത്. ഓരോ ഉപയോഗത്തിനുശേഷവും ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ബ്രഷ് കഴുകി, കുടഞ്ഞ് തലയറ്റം മുകളിൽ വരത്തക്കവിധം ഉണങ്ങാൻ വയ്ക്കണം. ബ്രഷിലെ നാരുകൾ ഒടിഞ്ഞതും തേഞ്ഞതുമായ അവസ്ഥ എത്തുന്നതിനു മുമ്പ് ബ്രഷ് മാറി ഉപയോഗിക്കണം. ഒന്നര മാസം മുതൽ നാലുമാസം വരെ മാത്രമേ ഒരു ബ്രഷ് ഈടുനിൽക്കൂ.

Leave a Reply

Your email address will not be published. Required fields are marked *