പ്രീയപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തൂ

പ്രീയപ്പെട്ടവരോട് സ്നേഹം പ്രകടമാക്കാനുള്ള ഏറ്റവും മികച്ച വഴി അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യലാണ്. സ്നേഹം പ്രകടമാക്കാനുള്ള ശക്തമായ മാർഗ്ഗമാണ് ആത്മാർത്ഥമായി നൽകുന്ന ആലിംഗനം. മാനസികമായും ശാരീരികമായും ഇത് ഗുണം ചെയ്യുന്നു. ആലിംഗനം നൽകുന്നതിലൂടെ അത് ലഭിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങളും ഗുണങ്ങളും ഉണ്ടാകുന്നു.


സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിലെ കോർട്ടിസോൾ കൂടുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിക്ക് ആലിംഗനം നൽകുന്നതിലൂടെ അവർക്ക് സമ്മർദ്ദത്തിൽ നിന്നും ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നു. ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും ആലിംഗനത്തിന് സാധിക്കുന്നു. പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കുമ്പോൾ ” നിനക്ക് ഞാനുണ്ട് ” എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ആലിംഗനത്തിലൂടെ പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലൊരു ആലിംഗനത്തിന് കഴിയുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന രക്തസമ്മർദ്ദത്തെയും ഇത് നിയന്ത്രിക്കുന്നു. വ്യക്തികളിൽ ഉണ്ടാകുന്ന ഭയവും പരിഭ്രാന്തിയും ഇല്ലാതാക്കാനുള്ള മികച്ച മാർഗമാണ് ആലിംഗനം. ഒറ്റപ്പെടൽ , നിസ്സഹായത എന്നിവ ആളുകളെ വിഷാദരോഗത്തിന് പലപ്പോഴും അടിമപ്പെടുത്തുന്നു. മരണത്തെക്കുറിച്ചുപ്പോലും ഈ അവസരത്തിൽ അവർ ചിന്തിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസ വാക്കുകളെക്കാൾ ഫലവത്തായി പ്രവർത്തിക്കുന്നത് ആത്മാർത്ഥമായി നൽകുന്ന ആലിംഗനങ്ങൾ ആയിരിക്കും.


സുഹൃത്തുക്കളുമായും , പങ്കാളിയുമായും മറ്റു വ്യക്തികളുമായും ഒക്കെ ഉണ്ടായ പ്രശ്നങ്ങൾ എങ്ങനെ പറഞ്ഞു തീർക്കും എന്ന് ആലോചിച്ച് ഇരിക്കുന്നവരാണ് പലരും. അതിനുള്ള ഏറ്റവും നല്ല വഴി ചേർത്ത് നിർത്തി ഒരു ആലിംഗനം നൽകലാണ്. ആലിംഗനം നൽകാൻ പ്രത്യേകിച്ച് വൈദഗ്ധ്യം ഒന്നും വേണ്ട. ഉള്ളിൽ ആത്മാർത്ഥമായ സ്നേഹം മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *