ശബ്ദമില്ലാത്തവർക്കായി ശബ്‌ദിക്കുന്ന ‘ജയ് ഭീം’

എസ്തെറ്റിക് വോയേജർ

ജയ് ഭീം അഥവാ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാണ് ഇത്. അംബേദ്‌കർ ചിന്താധാരയിൽ അധിഷ്ഠിതമായ മുദ്രാവാക്യം വർത്തമാനകാല ഇന്ത്യയിൽ എത്രത്തോളം പ്രസകതമാണെന്നു അടിവരയിടുകയാണ് സൂര്യയുടെ ജയ് ഭീം. 1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം. ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് കെ ചന്ദ്രുവിന്റെ അഭിഭാഷക ജീവിതത്തിൽ നടത്തിയ പോരാട്ടമാണ് ഇതിവൃത്തം. സമൂഹത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു എന്നു പറയുമ്പോഴും ജാതീയമായ വേർതിരിവ് ഇപ്പോഴും നിലനിൽക്കുന്നുവെന്ന യാഥാർഥ്യം ചിത്രം ഓർമിപ്പിക്കുന്നു.

ഇരുളഗോത്രത്തിൽ പെട്ട രാജാക്കണ്ണ് – സെങ്കനി ദമ്പതികളുടെ ജീവിതത്തിലേക്ക് നിയമവ്യെവസ്ഥയുടെ കടന്നുകയറ്റവും അതിലൂടെ അവരിലേക്ക്‌ അടിച്ചേൽപ്പിക്കുന്ന ജാതീയപരമായ അധിക്ഷേപങ്ങളും ജയ് ഭീം ചർച്ച ചെയ്യുന്നു. ഗ്രാമത്തിലെ ജാതീയമായും സാമ്പത്തികമായും ഉന്നതനായ ഒരാളുടെ വീട്ടിലെ മോഷണം താഴ്ന്ന സമുദായക്കാരനായ രാജാക്കണ്ണിന്റെ മേൽ ആരോപിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തന്റെ ഭർത്താവിനെ കുറ്റവിമുക്തനാക്കാൻ സെങ്കനി നിയമപോരാട്ടം നടത്തുന്നു. ഇതിനു സഹായമാകുന്നതും കേസ് ഏറ്റെടുത്ത് നടത്തുന്നതും അഡ്വ ചന്ദ്രുവെന്ന വക്കീലാണ്.

സിനിമയുടെ ഓപ്പണിങ് സീനിൽ തന്നെ ജയിൽ മോചിതനാകുന്നവരെ ജാതി ചോദിച്ചു മോചിപ്പിക്കുകയും താഴ്ന്ന ജാതിക്കാരെ തെളിയിക്കപ്പെടാത്ത കേസ് തലയിൽ കെട്ടിവയ്ക്കാൻ ലോക്കൽ പോലീസിന് കൈമാറുകയും ചെയ്യുന്ന ജയിൽ അധികൃതരെയാണ് കാണിക്കുന്നത്. അഡ്വ ചന്ദ്രുവായി വേഷമിട്ട സൂര്യ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട്, സുരറെ പോട്റും ജയ് ഭീമും തന്റെ കാഴ്ചപ്പാടുകളെ ഒരുപാട് മാറ്റിമറിച്ചു. ഇതുപോലെയുള്ള അനീതികളിലേക്കു കണ്ണുതുറപ്പിക്കുകയും തന്റെ അഭിനയ ജീവിതരീതിയെ തന്നെ മാറ്റുകയും സാധാരണക്കാരനായ ഒരാൾക്കും യഥാർത്ഥ ജീവിതത്തിൽ ഹീറോ ആകാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തെന്ന് സൂര്യ വ്യക്തമാക്കി. ഇത്തരം അന്യായങ്ങൾ നമ്മൾക്ക് ചുറ്റും നടക്കുന്നുണ്ടെന്നുള്ള തിരിച്ചറിവ് ചിത്രം നല്കുന്നുണ്ട്.

മിഴിനിറയ്ക്കുന്ന രംഗങ്ങളും ആശയപരമായ ബിംബങ്ങളുമാണ് സംവിധായകനും കഥാകൃത്തുമായ ടി ജെ ജ്ഞാനവേൽ തന്റെ സംവേദനത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. തനിമയും യാഥാർഥ്യവും ഒട്ടും ചോർന്നു പോകാതെയാണ് ചിത്രനിർമിതി നടത്തിയിരിക്കുന്നത്. അഡ്വ ചന്ദ്രുവിന്റെ ഓഫീസിൽ പെരിയാറിന്റെയും അംബേദ്കറിന്റെയും മാർക്സിന്റേയും ചിത്രങ്ങളുണ്ട്. എന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളോ അതിൽ വിശ്വസിക്കുന്ന ആളാണെന്നോ പറയുന്നില്ല. വക്കീൽ ഫീസ് നല്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് പറയുന്ന സെങ്കനിയോട് പാമ്പ് കടിയേറ്റു വരുന്നവരെ ചികിൽസിക്കാൻ കാശു വാങ്ങുമോയെന്നു ചന്ദ്രു ചോദിക്കുന്നു. അപ്പോൾ തന്റെ എതിരാളികൾ വന്നാൽ പോലും ചികിൽസിക്കുമെന്ന സെങ്കനിയുടെ മറുപടിയോടു അതുപോലെ തന്നെ അന്യായം നേരിട്ട ഒരാൾക്കെങ്കിലും നീതി വാങ്ങി കൊടുക്കാൻ പറ്റിയാൽ കിട്ടുന്ന സന്തോഷം, അതാണ് തനിക്കുള്ള ഫീസെന്ന ഉത്തരമാണ് ചന്ദ്രു നൽകുന്നത്. അതുപോലെ ദൈവ വിശ്വാസിയായ അഡ്വ ശങ്കരൻ, കേസ് കറക്റ്റ് ആയിട്ടാണ് പോകുന്നതെന്ന് പറയുമ്പോൾ അങ്ങനെയെങ്കിൽ കേസിൽ എന്തോ പ്രശ്നമുണ്ടെന്ന മറുപടിയാണ് നിരീശ്വരവാദിയായ അഡ്വ ചന്ദ്രു നൽകുന്നത്. സംഭാഷണങ്ങൾ കൊണ്ട് ആശയവ്യക്തത വരുത്തുന്ന ഇത്തരം നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്.

പരമ്പരാഗതമായി പാമ്പ് പിടിത്തവും വിഷ വൈദ്യവും ചെയുന്ന ഗോത്രസമൂഹമാണ് ഇരുളർ. കൊടിയ വിഷമുള്ള പാമ്പുകളെ പോലും നിസ്സാരമായി കീഴ്പ്പെടുത്തുന്ന രാജാക്കണ്ണിനു പക്ഷെ താൻ ജീവിക്കുന്ന സമൂഹത്തിലെ വിഷപ്പാമ്പുകളെ തിരിച്ചറിയാനായില്ല. രാജാക്കണ്ണായി വേഷമിട്ടിരിക്കുന്നത്ത് കാലായിലൂടെ ശ്രദ്ധേയനായ മണികണ്ഠനാണ്. മികച്ച പ്രകടനമാണ് മണികണ്ഠൻ കാഴ്ച വെച്ചിരിക്കുന്നത്.

രാജാക്കണ്ണിന് വേണ്ടി കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുമ്പോൾ സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി അഡ്വ ചന്ദ്രു ചൂണ്ടി കാണിക്കുന്നത് കേരളത്തിലെ രാജൻ കേസാണ്. അതിനുസമാനമായി പോലീസ് പ്രതിയായ കേസാണെന്നു അഡ്വക്കേറ്റ് കോടതിയിൽ ചൂണ്ടി കാട്ടുന്നു. ഇതുകൂടാതെ മലയാളത്തിലെ കുറെ നടീനടന്മാർ ചിത്രത്തിൽ അണിനിരക്കുന്നു. സെങ്കനിയായി പ്രേക്ഷകപ്രശംസ നേടിയ ലിജി മോൾ കഥാപാത്രമായി ജീവിക്കുകയാണ്. സൂര്യയ്‌ക്കൊപ്പമുള്ള പ്രകടനമെന്നു വിലയിരുത്തിയാലും കുറവാകില്ല. ഒപ്പം മൈത്രേയെന്ന അധ്യാപികയായി രജീഷ വിജയൻ, എസ്‌പി അശോക് വരദനായി സിബി തോമസ്, മൂന്നാറിലെ ചായക്കടക്കാരനായി ജിജോയിയും എത്തുന്നു.

ഇപ്പോഴും ഇതിവൃത്തം പ്രസക്തമാണെന്നാണ് ചിത്രത്തെക്കുറിച്ചു ഉയർന്നു വരുന്ന വിവാദങ്ങൾ സൂചിപ്പിക്കുന്നത്. വിജയുടെ മസാല പടമായ ബിഗിലിനെ പോലും പ്രശംസിച്ച പ്രശസ്ത സിനിമ നിരൂപകൻ ഭരദ്വാജ് രംഗ൯ ആദിവാസികളെ കുറിച്ച് സിനിമയെടുത്താൽ നല്ല സിനിമയാകില്ലെന്നു പറഞ്ഞത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. ചിത്രത്തിൽ ഹിന്ദി പറയുന്ന കഥാപാത്രത്തിന്റെ ചെവിടിന് അടിച്ചു തമിഴ് പേശടാ എന്ന് പറയുന്ന പ്രകാശ് രാജിന്റെ പെരുമാൾ സ്വാമിയെന്ന കഥാപാത്രവും ഏറെ വിവാദമായി. എന്തായാലും ഇന്നും നമ്മുടെ സമൂഹത്തിൽ നിന്നും ജാതി ചിന്തകൾ വേരറ്റു പോയിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. ജനങ്ങൾ മനസ് തുറന്നു കാണേണ്ട സിനിമയാണ് ജയ് ഭീം.

Leave a Reply

Your email address will not be published. Required fields are marked *