കുറുപ്പ് ഇനിയും വരും മറ്റൊരു പേരിൽ; ക്രൂരനായ കുറുപ്പ് കൊള്ളാം!

എസ്തെറ്റിക് വോയജർ

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്നു ഒരു റിലീസ് ആണ് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’, ജീവിച്ചിരിപ്പുണ്ടേൽ സാക്ഷാൽ സുകുമാര കുറുപ്പും. കഥ എല്ലാവർക്കുമറിയാവുന്ന സിനിമ, എന്നാൽ അതിന്റെ ക്ലൈമാക്സ് അറിയാനുള്ള ആകാംഷ. അതായിരുന്നു ‘കുറുപ്പ്’ എന്ന സിനിമയുടെ അണിയറപ്രവർത്തകർ നേരിട്ട വെല്ലുവിളിയും. എന്നാൽ അതിനെ  മറികടന്നുവെന്നാണ് തീയേറ്റർ നിറയുന്ന ജനസഞ്ചയം സൂചിപ്പിക്കുന്നത്. അതെ ക്രൂരനായ കുറുപ്പിനെ ജനം ഏറ്റെടുത്തിരിക്കുന്നു. കുറുപ്പ് നായകനല്ലെന്നു തിരിച്ചറിഞ്ഞു തന്നെയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി കുറുപ്പ് മാറിയതെങ്ങനെയെന്നു ചിത്രം വ്യക്തമാക്കുന്നു.

ഇനി യഥാർത്ഥ കഥ ഇങ്ങനെ: 1984 ജനുവരി 22 നു മാവേലിക്കര കുന്നത്തിനു സമീപം പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ അംബാസിഡർ കാറിൽ നിന്നും ഒരു മൃതദേഹം ലഭിക്കുന്നു. ചെറിയനാട് സ്വദേശിയായ സുകുമാരകുറുപ്പിന്റേതാണ് മൃതദേഹമെന്നു ആദ്യമേ സംശയമുയർന്നെങ്കിലും ചാക്കോ എന്ന ഫിലിം റെപ്രസ൯്റേറ്റീവി൯റേതാണെന്നു അന്വേഷണത്തിൽ വ്യക്തമായി. ചാക്കോയെ കൊന്നശേഷം അത് കുറുപ്പാണെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്‌ഷ്യം. അബുദാബിയിൽ ജോലി നോക്കിയിരുന്ന കുറുപ്പിന്റെ പേരിലുള്ള  3,01,616 ദിർഹത്തിന്റെ ഇൻഷുറൻസ് തുക(ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപ) തട്ടിയെടുക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു കൊലയ്ക്കു പിന്നിൽ. ഭാസ്കരപിള്ളയെന്ന ഭാര്യാസഹോദരനും പൊന്നച്ചനെന്ന കാർ ഡ്രൈവറും ഷാഹു എന്ന കുറുപ്പിന്റെ ഓഫീസ് ബോയിയും കൃത്യത്തിൽ പങ്കാളികളായി. ഇവർ പിടിയിലായെങ്കിലും കുറുപ്പിനെ കുടുക്കാൻ ഇന്നും പോലീസിനായിട്ടില്ല. 37 വർഷമായി കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നു.

സിനിമയിൽ സുധാകരക്കുറുപ്പായി ദുൽക്കർ സൽമാൻ എത്തുമ്പോൾ ഭാര്യ ശാരദയായി ശോഭിത ധുലിപാലയും ഭാസിപിള്ള, പൊന്നപ്പൻ, സാബു എന്നിവരായി യഥാക്രമം ഷൈൻ ടോം ചാക്കോ, വിജയകുമാർ പ്രഭാകരൻ, ശിവജിത് എന്നിവർ വേഷമിടുന്നു. ചാര്ലിയെ ടോവിനോ തോമസ് അവതരിപ്പിക്കുമ്പോൾ ഭാര്യയായി അനുപമ പരമേശ്വരൻ എത്തുന്നു.കേസിന്റെ അന്വേഷണചുമതലയുള്ള കൃഷ്ണദാസിലൂടെയാണ്(ഇന്ദ്രജിത്ത്) കഥ വികസിക്കുന്നത്. തികച്ചും നാടകീയവും എന്നാൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ജിതിൻ കെ ജോസ്, കെ എസ് അരവിന്ദ്, ഡാനിയേൽ സായൂജ് നായർ എന്നിവർ ചേർന്ന് ചലച്ചിത്രഭാഷ്യം രചിച്ചിരിക്കുന്നത്.

ഓരോ സീനിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന അഭിനയമാണ് ഷൈൻ ടോം ചാക്കോ കാഴ്ച വച്ചിരിക്കുന്നത്. തന്ത്രശാലിയും കൗശലക്കാരനായ കുറുപ്പായി ദുൽഖർ ജീവിച്ചപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരീരഭാഷയും സംസാരശൈലിയുമായി ഇന്ദ്രജിത് തന്റെ വേഷം വേറിട്ടതാക്കി.

കഥാസന്ദര്ഭങ്ങൾക്കു അനുസൃതമായി നിൽക്കുന്ന സുഷിന് ശ്യാമിന്റെ സംഗീതവും ബാക്ഗ്രൗണ്ട് സ്കോറും എടുത്ത് പറയണം. 1984 കാലഘട്ടവും സ്ഥലങ്ങളും മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ പ്രൊഡക്ഷൻ ഡിസൈൻ ടീം നന്നായി പണിയെടുത്തിട്ടുണ്ട്. 2012 ൽ ആദ്യ ചിത്രമായ സെക്കന്റ് ഷോയുമായി എത്തിയ ശ്രീനാഥ് 2021 ൽ കുറുപ്പുമായി എത്തിയിരിക്കുന്നത് ശെരിക്കും ഹോംവർക് ചെയ്ത് തന്നെയാണ്. ‘കുറുപ്പ്’ കൊള്ളാമെന്നു പ്രേക്ഷകർ പറയുന്നുണ്ടെങ്കിൽ അതിനുള്ള കൈയടിയ്ക്ക് അർഹൻ ശ്രീനാഥ് തന്നെയാണ്. ക്ലൈമാക്സ് ശെരിക്കും നല്ലയൊരു ട്വിസ്റ്റാണെങ്കിലും എവിടെയോ ഒരു ലൂസിഫർ ഇഫക്ട് അനുഭവപ്പെടും. ഇവിടെ സിനിമ അവസാനിക്കുകയില്ലെന്നാണ് ക്ലൈമാക്സ്  നൽകുന്ന സൂചന. ഒരുപക്ഷെ മറ്റൊരു പേരിൽ കുറുപ്പ് വീണ്ടും എത്തിയേക്കും, ഒളിച്ചോട്ടം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *