നവരാത്രി :ഇന്ന് ദേവിയുടെ ഭാവം സിദ്ധിദാത്രി

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു

സിദ്ധി ദാനംചെയ്യുന്നവൾ” എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്.
ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി. താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട്.
അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്.

ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ്. നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

സിദ്ധിദാത്രി ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു
മാ സിദ്ധിദാത്രി രൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം


അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

Leave a Reply

Your email address will not be published. Required fields are marked *