അഹങ്കാരപത്രം

ജി.കണ്ണനുണ്ണി.

പ്രിയപ്പെട്ട സുന്ദര അടിമകളെ ,
എല്ലാവർക്കും വന്ദനം.കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം കൊണ്ട് നിങ്ങളുടെ കുടുംബം കുട്ടിച്ചോറാക്കാൻ നടത്തിയ എന്റെ ആത്മാർഥ ശ്രമങ്ങൾ പൂർണ്ണ ഫലം കണ്ടു എന്ന് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുകയാണ്. കോവിഡ് കാലം എന്റെ കൂടി കാലമാണ്.

നിങ്ങൾ അച്ഛനും, അമ്മയും, മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചരട് മുറിച്ച ഞാൻ, നിങ്ങളിൽ ചിലരുടെ മക്കളെ എന്റെ മായാപ്രപഞ്ചത്തിൽ ആറാടിച്ച് ഭാവി നശിപ്പിച്ച് അവരെ നിർഗുണരാക്കി.അവർ കിടക്കപ്പായയിൽ നിന്ന്‌ എഴുന്നേറ്റാൽ ആദ്യം തിരയുന്നത് എന്നെയാണ്.എന്നിലാണ് അവരുടെ ശ്വാസവും,ജീവനും..ഹ..ഹ..ഹ. അവരെ നിർഗുണരാക്കി മൃതുവിന്റെ കൈകളിൽ എത്തിക്കാൻ ഞാൻ മെനഞ്ഞ കളികളിൽ അവർ ആകൃഷ്ടരുമാണ്. ചിലരെ വണ്ടിയോടിക്കും വഴി ഞാൻ യമാലോകത്തെയ്ക്ക് പറഞ്ഞയച്ചു. മറ്റു ചില പെണ്മക്കളെ എന്റെ മായാവലയത്തിലെ പ്രണയത്തിന്റെ കപട ബന്ധങ്ങളിൽ കുടുക്കി ജീവനെടുത്തു.ചിലരുടെ ഭാര്യമാർക്ക് അന്യനുമായി അടുക്കാൻ എന്റെ വാതായനങ്ങൾ തുറന്നിട്ടു. വൃത്തികെട്ട വീഡിയോ കാണിച്ചു കാണിച്ച് എന്റെ അടിമയാക്കി പലരെയും നശിപ്പിച്ചു.

എന്റെ അടിമകളുടെ കുടുംബത്തെ ആരാധനാലയങ്ങളിൽ നിന്നും, ആത്മീയ ചിന്തകളിൽ നിന്നും അകറ്റി.
അവരെ അയൽക്കാരൻ കണ്ടാൽ അറിയാത്തവനാക്കി. വായുവും വെള്ളവും വൈദ്യുതിയും ഇല്ലെങ്കിലും ഞാൻ ഇല്ലാതെ അവർക്ക് ജീവിക്കാനാവില്ല എന്ന അവസ്ഥയിലാക്കി. ഇനി നിന്റെ വംശം നശിക്കുവോളം ഞാൻ എന്റെ ഉദ്യമം തുടരുകതന്നെ ചെയ്യും എന്ന് വിനയപൂർവ്വം അറിയിക്കുകയാണ്.

                      അഹങ്കാരത്തോടെ,

                               സ്വന്തം 
                            മൊബൈൽ ഫോൺ
                                                    ഒപ്പ്.

Leave a Reply

Your email address will not be published. Required fields are marked *