ആത്മവിശ്വാസം ആയുധമാക്കിയവള്‍
ജിബി ദീപക്ക്
അദ്ധ്യാപിക, എഴുത്തുകാരി
കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ കടുത്ത വിവേചനം നിലനില്‍ക്കുന്ന ഒരു കാലത്ത്, ആ എതിര്‍പ്പുകളെയും, അപമാനങ്ങളെയും മറികടന്ന് സ്വന്തമായ, ഒരു പാത വെട്ടിത്തെളിച്ചുണ്ടാക്കിയ ഒരു എഴുത്തുകാരിയാണ് ആഫ്രിക്കന്‍- അമേരിക്കന്‍ വംശജയായ വെര്‍നി മെര്‍സ് ടേറ്റ്. നയതന്ത്രത്തില്‍ പ്രൊഫസറും, വിദഗ്ദ്ധയുമായിരുന്ന അവരുടെ നേട്ടങ്ങളുടെ പട്ടിക എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യത്തെ ആഫ്രിക്കന്‍, അമേരിക്കന്‍ ബിരുദധാരി, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന ആദ്യത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ വനിത, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടിയ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത, ഫോവാര്‍ഡ് സര്‍വ്വകലാശാലയിലെ ചരിത്ര വകുപ്പില്‍ ചേരുന്ന ആദ്യ രണ്ട് വനിതാ അംഗങ്ങളില്‍ ഒരാള്‍… അങ്ങനെ നീളുന്നു അവരുടെ നേട്ടങ്ങളുടെ പട്ടിക. എന്നാല്‍ ഇതൊന്നും അവര്‍ എളുപ്പത്തില്‍ നേടിയെടുത്തതല്ല. ഇന്ന് ആഫ്രിക്കയുടെ ചരിത്രത്തില്‍ ഒട്ടും കുറയാത്ത ഒരു സ്ഥാനം അവര്‍ നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അവരുടെ മനക്കരുത്തിന്റെയും കഷ്ടപ്പാടിന്റെയും മുറിവുകള്‍ ഉണ്ട്.
ദാരിദ്രപൂര്‍ണ്ണമായ കുട്ടിക്കാലത്ത് വീട്ടുജോലികള്‍ ചെയ്താണ് അവള് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ക്ലാസ്സിലെ ഒരേയൊരു കറുത്ത വിദ്യാര്‍ത്ഥിനിയായിരുന്നു ടേറ്റ്. വളരെയേറെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഉയര്‍ന്ന മാര്‍ക്കോടെ അവള് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ടേറ്റ് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരിയായി. അധ്യാപനത്തില്‍ ഡിപ്ലോമയും, ബാച്ചിലേഴ്സ് ബിരുദവും അവര്‍ പിന്നീട് നേടിയെടുത്തു.
ഇത്രയൊക്കെ നേട്ടങ്ങള്‍ നേടിയെടുത്തിട്ടും, വംശീയ അസമത്വങ്ങള്‍ നിലനിന്നിരുന്ന ആ കാലത്ത് അവള്‍ക്ക് ജോലി നല്കാന് പലരും മടിച്ചു. ഒടുവില്‍ ഒരു സാധാരണ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ട് ടേറ്റ് വീണ്ടും പഠനം തുടര്‍ന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ടീച്ചേഴ്സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടേറ്റ്, സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ ഇംഗ്ലണ്ടിലേക്ക് മാറി (1931) ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. റാഡിക്ലിഫ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാനായി നാട്ടിലേക്ക് മടങ്ങിയ അവള് പിന്നീട് ഹാര് വാര്‍ഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. 1941 ല്‍ പിഎച്ച്ഡി നേടി. റാഡ്ക്ലിഫില്‍ പിഎച്ച്ഡി നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി അങ്ങനെ അവള് മാറി.
വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് പുറമെ, സ്ത്രീകള്‍ വീടിന് പുറത്തുപോകാന്‍പോലും മടിച്ചിരുന്ന ആ കാലത്ത്, അവള് ആറ് ഭൂഖണ്ഡങ്ങള്‍ ചുറ്റി സഞ്ചരിച്ചു
അവഗണനകളുടെയും വിമര്‍ശനങ്ങളുടെയും മുന്നില്‍ പതറി മാറി നില്‍ക്കാതെ, സ്വന്തം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ അവര്‍ കാട്ടിയ തന്റേടം ശ്രദ്ധേയമാണ്. ഇതിനിടയില്‍ ജര്‍മ്മന്‍ ഉള്‍പ്പെടെയുള്ള ആറ് ഭാഷകള്‍ സംസാരിക്കാന്‍ പഠിച്ച അവള്, ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. 1950 കളില്‍ യുഎസ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ ഫുള്‍ബ്രൈറ്റ് സ്കോളറും ലക്ചറുമായിരുന്ന അവര്‍ ഇന്ത്യ, തായ്ലന്ഡ്, ജപ്പാന്, ഫിലിപ്പൈന്‍സ്, ഹോംങ്കോങ്ങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1948 ല്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയില്‍ അമേരിക്കയില്‍ പ്രതിനിധീകരിച്ച മൂന്ന് അമേരിക്കക്കാരില്‍ ഒരാളായിരുന്നു അവര്‍. എഴുത്തുകാരിയായ ടേറ്റ് നിരവധി പുസ്തകങ്ങളും യാത്രാക്കുറിപ്പുകളും, ലേഖനങ്ങളും എഴുതിയെങ്കിലും, കറുത്തവര്ഗ്ഗക്കാരിയെന്നപേരില് അവളുടെ രചനകളെയും തഴയപ്പെട്ടു
എവിടെയും തോറ്റുകൊടുക്കാന്‍ മനസ്സു കാണിക്കാതെ, അവര്‍ വീണ്ടും വീണ്ടും ജീവിതത്തോടും സമൂഹത്തിനോടും പോരാടി. തന്റെ സ്വപ്നങ്ങളുടെ പിന്നാലെ പോയപ്പോഴൊക്കെയും, പരിഹാസങ്ങളും, വിമര്‍ശനങ്ങളും, കുറ്റപ്പെടുത്തലുകളും, അവഗണനകളുമെല്ലാം അവളെ തേടി വന്നു. എന്നാല്‍ ഇതൊന്നും അവളെ തളര്‍ത്തിയതേയില്ല.
മികച്ച അധ്യാപിക കൂടിയായ അവര്‍ തന്റെ വിദ്യാര്‍ത്ഥികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. സ്വപ്നങ്ങളുടെ പിന്നാലെ സധൈര്യം കുതിക്കാന്‍ പ്രേരിപ്പിച്ചു. സ്നേഹവും, വാത്സല്യവും, ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അവര്‍ എന്നും തന്റെ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ചു.
ജീവിതത്തില്‍ ആത്മവിശ്വാസം കൈമുതലാക്കി, അവര്‍ അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുകയായിരുന്നു. ആ നേട്ടങ്ങളിലൂടെ ചരിത്രത്തില്‍ തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയായിരുന്നു. അങ്ങനെ വര്ഗ്ഗവിവേചനങ്ങള്ക്കെതിരെ തന്റെ വ്യക്തിത്വംകൊണ്ട് ചുട്ട മറുപടി നല്‍കുകയായിരുന്നു.
വെര്‍നി മെര്‍സ് ടേറ്റ് ന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയ വലിയ പാഠങ്ങളാണ്. തോല്ക്കാന് മനസ്സില്ലാത്തവര്‍ക്ക് ഒരുക്കിവെച്ചിട്ടുള്ളതാണ് വിജയത്തിന്റെ സിംഹാസനം. ആത്മവിശ്വാസത്തിന്റെ കല്‍പ്പടവുകള്‍ കയറി ഏതൊരു പരിശ്രമിക്കും, വിജയസിംഹാസനത്തില്‍ എളുപ്പം കയറിചെന്നിരിക്കാവുന്നതെയുള്ളൂ… ഒഴുക്കിനൊത്ത് നീന്താതെ, ഒഴുക്കിനെതിരെ നീന്തി വിജയം കൈവരിച്ചു കാണിച്ചു തന്നുകൊണ്ട് ലോകത്തിന് ഉത്തമ മാതൃകയായി 1996 ജൂണ്‍ മാസത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ വെച്ച് അന്തരിച്ചു. എന്നാല്‍ അവര്‍ കൊളുത്തിവെച്ചുപോയത് ആത്മവിശ്വാസത്തിന്റെ കെടാത്ത ദീപശിഖയാണ്.