കെ സരസ്വതി അമ്മയും പെണ്ണെഴുത്തും


കെ സരസ്വതി അമ്മ ഫെമിനിസ്റ്റുകളുടെ പട്ടികയില്‍ ഈ പേര് ആധികമൊന്നും ഉയര്‍ന്നുകേട്ടിട്ടില്ല.ചങ്ങമ്പുഴകൃഷ്ണ പിള്ള രമണനിലൂടെ ആദ്യ തേപ്പിസ്റ്റായി ചന്ദ്രികയെ അവതരിപ്പിച്ചപ്പോള്‍ അതിന് പ്രതികൃതിയായി രമണികഎഴുതി പ്രതികരിച്ചു . തന്‍റെ എഴുത്തിലൂടെ അവര്‍ സ്വത്വം അവതരിപ്പിച്ചപ്പോള്‍ നടുങ്ങിയത് മലയാളസാഹിത്യ ലോകമായിരുന്നു. ഒടുവില്‍ എഴുത്തിന് നേരെ സദാചാരവാദികള്‍ വാളോങ്ങിയപ്പോള്‍ പകുതിവഴിക്ക് സരസ്വതിയമ്മയ്ക്ക് എഴുത്ത് അവസാനിപ്പിക്കേണ്ടി വന്നു.

നന്ദിതയെപ്പോലെ കെ.സരസ്വതി അമ്മയുടെ മരണശേഷമാണ് അവരുടെ കൃതികളെ കുറിച്ച് കൂടുതലും പുറംലോകം അറിഞ്ഞത്.
തകഴി ശിവശങ്കരപിള്ളയും, ദേവും, പൊന്‍കുന്നം വര്‍ക്കി, ബഷീറും ഒക്കെ ശോഭിച്ചിരുന്ന സമയത്താണ് സരസ്വതിയമ്മ തന്‍റെ പെണ്ണെഴുത്തിലൂടെ സ്വന്തമായ ഇരിപ്പിടം നേടിയത്. ഈ എഴുത്തുകാരുടെ എഴുത്തുകളോട് സരസ്വതി അമ്മ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. കലയല്ല ജീവിതം തന്നെയാണ് പ്രധാനമെന്ന് അവര്‍ പറഞ്ഞപ്പോഴും പുരോഗമന പ്രസ്ഥാനം അവരെ ശ്രദ്ധിച്ചില്ല. പക്ഷ എഴുത്ത് ലോകത്ത് അവര്‍ ഒരിടം ഉണ്ടാക്കിയെടുത്തു ‘പെണ്ണിടം’


ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്‍റര്‍മീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. വിവാഹം എന്ന സമ്പ്രദായത്തിലെ അപചയങ്ങൾ പലപ്പോഴും പ്രമേയമായിരുന്ന കഥകൾ രചിച്ച സരസ്വതിയമ്മ അവിവാഹിതയായിരുന്നു


തന്‍റെ ഇരുപതാം വയസ്സില്‍ ആണും പെണ്ണും ഇപ്പോള്‍ എന്താണെന്നും എങ്ങനെയായിരിക്കണമെന്നും അവര്‍ എഴുതി. അതുവരെ സുപരിചിതമല്ലാത്ത പുതിയ എഴുത്ത് അവതരിപ്പിക്കുകവഴി അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റ് എഴുത്ത് എന്ന വിഭാഗം മലയാളസാഹിത്യത്തിന് സംഭാവന ചെയ്യുകയായിരുന്നു എന്നുവേണം പറയാന്‍.


1958 ല്‍ പുറത്തിറങ്ങിയ കെ സരസ്വതിയമ്മയുടെ പുരുഷന്‍മാരില്ലാത്തലോകം എന്ന ലേഖനസമാഹാരം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെപോയത് എന്തുകൊണ്ടാകും. എത്ര ആഴത്തില്‍‌ വേരോടിയാലും ചരിത്രത്തില്‍ സ്ത്രീകള്‍ മാഞ്ഞുപോകുന്ന സ്വാഭാവികമായ രീതി മാത്രമാണിത്. അവരെ വെട്ടിമാറ്റുന്ന അബോധപൂര്‍വമായ ബോധം.’


ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്ന വിർജിനിയ വുൾഫ് ഇങ്ങനെ അഭിപ്രായപ്പെടുന്നു ‘ ലക്ഷകണക്കിന് കൊല്ലങ്ങളായി സ്ത്രീകള്‍ മുറിക്കകത്ത് തന്നെ ഇരിക്കുകയായിരുന്നു അതിനാല്‍ അവരുടെ സര്‍ഗാത്മശക്തി ഭിത്തികളെപ്പോലും തുളച്ചു കയറിയിട്ടുണ്ടാകും. അമിതഭാരംമൂലം ഈ ശക്തി ഇഷ്ടികകളുടെയും കുമ്മായക്കൂട്ടിന്‍റേയും ശേഷിയെ ഞെരുക്കിയിട്ടുണ്ടാവും’… 1928 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച സ്ത്രീകളും കഥാസാഹിത്യവും എന്ന പ്രബന്ധത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.


കെ സരസ്വതി അമ്മ 1919 ലാണ് ജനിക്കുന്നത്. 1976 ല്‍ രോഗബാധിതയായി മരണപ്പെടുകയും ചെയ്തു. അവഗണനയും വ്യക്തിഹത്യയും മൂലം അവസാനസമയത്ത് മാനസികനില തെറ്റിയതായി രോഗശയ്യയില്‍ അവരെ കാണാനെത്തിയ കെ സുരേന്ദ്രന്‍ പറഞ്ഞു. 1930 ല്‍ അവര്‍ എഴുതി തുടങ്ങി. അവരെ കണ്ടില്ലെന്ന് നടിച്ച ലോകത്തോട് നോക്കു ഞാന്‍ ഇവിടെയുണ്ട് എന്‍റെ എഴുത്ത് ഇതാണ് എന്ന് വിളിച്ചു പറയുകയായിരുന്നു കെ. സരസ്വതിയമ്മ. 1944 മുതല്‍ തുടര്‍ച്ചയായി അവരുടെ കൃതികള്‍ അച്ചടിമഷി പുരണ്ടു. പെണ്‍ബുദ്ധി, പൊന്നിന്‍കുടം, പ്രേമഭാജനം എന്നിവയായിരുന്നു അവ. മൂന്നു കഥാസമാഹാരങ്ങളും ഏക ലേഖനസമാഹാരമായ പുരുഷന്മാരില്ലാത്ത ലോകവും പുറത്തുവന്നു.

1942 മുതൽ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത്.1945-ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായി. കുടുംബബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണം, പിന്നീടവർ കാര്യമായിട്ട് ഒന്നുമെഴുതിയില്ല. സർവ്വീസിൽ നിന്ന് 1973 ഫെബ്രുവരിയിൽ സ്വയം വിരമിച്ചു.1960 ല്‍ ആ എഴുത്തുകാരിയുടെ എഴുത്ത് പൂര്‍ണമായി നിലച്ചു.


തനിച്ചായതിന്‍റെ തിക്ത വേദന അവരെ മഥിച്ചു. ദൈവത്തോട് തന്നെ രക്ഷിക്കണേയെന്ന അഭ്യർഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളിൽ മുഴുവൻ. രോഗപീഡകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ പ്രമേഹവും രക്തസമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് 1975 ഡിസംബർ 26ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരണമടഞ്ഞു


വിവരങ്ങള്‍ക്ക് കടപ്പാട്; മലയാളം വാരിക,വിക്കി പീഡിയ, മാതൃഭൂമി

Leave a Reply

Your email address will not be published. Required fields are marked *