ജയനില്ലാത്ത നാല്‍പ്പതുവര്‍ഷങ്ങള്‍

സൂര്യ സുരേഷ്

ജീവിതത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേക്ക് ജയന്‍ എന്ന നടന്‍ മറഞ്ഞുപോയിട്ട് ഇന്നേക്ക് നാല്‍പ്പതുവര്‍ഷം. എങ്കിലും പൗരുഷത്തിന്റെ പ്രതീകമായും ആക്ഷന്‍ സൂപ്പര്‍സ്റ്റാറുമായുമെല്ലാം ആരാധകരുടെ ഹൃദയത്തില്‍ അദ്ദേഹം ഇന്നുമുണ്ട്.

ഒരുകാലത്ത് യുവത്വത്തിന്റെ പ്രതീകം പോലും ജയനായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ആ നടന്റെ വളര്‍ച്ച. വെറും ആറുവര്‍ഷത്തെ അഭിനയജീവിതത്തില്‍ 120ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. എന്നാല്‍ മലയാളസിനിമയില്‍ ജയനോളം കോളിളക്കം സൃഷ്ടിച്ചൊരു നടന്‍
വെറേയുണ്ടോയെന്നു പോലും സംശയമാണ്.

കൊല്ലം തേവളളിയിലെ ഓലയില്‍ പൊന്നച്ചം വീട്ടില്‍ സത്രം മാധവന്‍പിളളയുടെയും ഭാരതിയമ്മയുടെയും മൂത്തമകനായിരുന്നു ജയനെന്ന കൃഷ്ണന്‍നായര്‍. 1935 ജൂലായ് 25നായിരുന്നു ജനനം. 15 വര്‍ഷം നാവികസേനയില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ചലച്ചിത്രലോകത്തെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അമ്മാവന്റെ മകളും നടിയുമായ ജയഭാരതിയാണ് സംവിധായകന്‍ ഹരിഹരന് ജയനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പ്രശസ്തരായ ഒട്ടുമിക്ക സംവിധാകരുടെയും ചിത്രങ്ങളില്‍ നായകനായി. ചിത്രങ്ങളെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളും. ആക്ഷന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്മാര്‍ മലയാളത്തില്‍ വെറെയുണ്ടെങ്കിലും ആക്ഷന്‍ സൂപ്പര്‍ സ്്റ്റാര്‍ എന്ന വിശേഷണം ജയനുമാത്രം സ്വന്തമായി. ശരപഞ്ചരം, കരിമ്പന, തടവറ, കാന്തവലയം, പുതിയ വെളിച്ചം, ഇരുമ്പഴികള്‍, ലവ് ഇന്‍ സിംഗപ്പൂര്‍, നായാട്ട്, അങ്ങാടി അങ്ങനെ അദ്ദേഹം അവിസ്മരണീയമാക്കിയ എത്രയെത്ര ചിത്രങ്ങള്‍.

സാഹസികരംഗങ്ങളില്‍ അഭിനയിക്കാന്‍ ജയന് പ്രത്യേക താത്പര്യമായിരുന്നു. അതുപോലെ തന്നെ ഇത്തരം രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കണമെന്നും നിര്‍ബന്ധമായിരുന്നു. അതുതന്നെയാണ് ആ ആക്ഷന്‍ സൂപ്പര്‍ ഹീറോയുടെ ജീവിതത്തിന്റെ ക്ലൈമാക്‌സിന് വഴിയൊരുക്കിയതും. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ജയന്‍ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. വെറും നാല്‍പ്പത്തിയൊന്നാമത്തെ വയസ്സില്‍.

കാലത്തിന് പോലും ഒരിക്കലും നികത്താനാവാത്ത നഷ്ടമായി ജയനെന്ന നടന്‍ കടന്നുപോയിട്ട് ഇന്നേക്ക് നാല്‍പ്പതുവര്‍ഷം തികഞ്ഞിരിക്കുന്നു. കാലം ഇനിയുമെത്ര കടന്നുപോയാലും സ്‌നേഹിക്കുന്നവരുടെ മനസ്സുകളില്‍ ജയനിന്നും ചെറുപ്പമാണ്. മാസ് ഡയലോഗുകളിലൂടെ ജയനെന്ന പേര് വളരെയധികം ഇന്ന് ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷേ അതൊന്നുമായിരുന്നില്ല ആ നടന്‍. മലയാള ചലച്ചിത്രലോകത്ത് ജയന് പകരം മറ്റാരുമില്ല. പ്രണാമം, ആ അതുല്യനടന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍..

Leave a Reply

Your email address will not be published. Required fields are marked *