തീറ്റപ്പുല്ല് കൃഷി ചെയ്ത് ആദായം നേടാം


തീറ്റപ്പുല്ല് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് ലാഭം കൊയ്യാം. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനമാണ് കൃഷിചെയ്യാന്‍ അഭികാമ്യം. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എല്ലാം ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്.


യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. ആ സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.


സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും.


കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. നമുക്ക് ആവശ്യമുള്ള14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.


തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ. Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.


ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്‍റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.
വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *