നോവോര്‍മ്മയായി പത്മജയും
എംജി രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്ന പരിപാടികളിലും പൊതുവേദികളിലുമെല്ലാം നിഴലായും നിറസാന്നിധ്യമായും എന്നും പത്മജ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏവര്‍ക്കും സുപരിചിതയുമായിരുന്നു. കഥാകാരി, ചിത്രകാരി, ഗാനരചയിതാവ്, നര്‍ത്തകി, പാട്ടുകാരി തുടങ്ങി പത്മജ കൈവയ്ക്കാത്ത മേഖലകളില്ല. ജീവിതത്തില്‍ താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ വിയോഗം അവരിലുണ്ടാക്കിയ ശൂന്യത ചെറുതായിരുന്നില്ല. എന്നാല്‍ എം.ജി. രാധാകൃഷ്ണന്റെ മരണശേഷവും കലാ സാംസ്‌ക്കാരിക രംഗത്ത് അവര്‍ സജീവമായിരുന്നു.
സംഗീതവും സാഹിത്യവും ചിത്രരചനയുമെല്ലാം നിറഞ്ഞതായിരുന്നു പത്മജ രാധാകൃഷ്ണന്റെ ജീവിതം. ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളുമെല്ലാം പത്മജയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കോളേജ് കാലഘട്ടത്തില്‍ത്തന്നെ എം.പി. പത്മജയെന്ന പേരില്‍ കഥകളും കവിതകളുമെഴുതുമായിരുന്നു. എം.ജി. രാധാകൃഷ്ണന്‍ ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലളിതസംഗീതപാഠത്തില്‍ ഒരു ഗാനം ലഭിക്കുന്നത്. അന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനരചയിതാവ് ആരെന്നുളള അന്വേഷണം ഇവര്‍ തമ്മിലുളള വിവാഹത്തില്‍ അവസാനിക്കുകയായിരുന്നു.
എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മയില്‍ പത്മജ എഴുതി എം.ജയചന്ദ്രന്‍ ഈണമിട്ട് 2017ല്‍ ഇറങ്ങിയ നിന്നെ ഞാന്‍ കാണുന്നു എന്ന ഗാനം ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മൗത്ത് ഓര്‍ഗണില്‍ ‘ എല്ലാരും ചൊല്ലണ് ‘ എന്ന പാട്ട് വായിക്കുന്ന വീഡിയോ പത്മജ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘ ഒരു ലോക്ഡൗണ്‍ ചലഞ്ച്. തെറ്റുകള്‍ ഉണ്ടാകാം. പൊറുക്കുക. ആദ്യ പരിശ്രമമാണ് എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.
സൂര്യ സുരേഷ്