പ്രതിസന്ധിയിലായി വെളിച്ചെണ്ണ വിപണി
ശിവതീര്‍ത്ഥ
പ്രതിസന്ധിയിലായി സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യാപാരികള്‍. അവശ്യവസ്തുക്കളുടെ വിഭാഗത്തിൽപ്പെട്ടിട്ടും വെളിച്ചെണ്ണയുടെ വിൽപ്പനയിൽ കൊവിഡ്കാലത്ത് ഗണ്യമായ കുറവുണ്ടായി. ഗതാഗത സംവിധാനം പൂർണതോതിലായിട്ടില്ലാത്തതിനാൽ പല മില്ലുകളിലും കൊപ്ര എത്തുന്നതിനും തടസമുണ്ട്. ഓർഡറുകൾ കുറഞ്ഞതോടെ പേരിനു മാത്രമാണ് പല ഫാക്ടറികളും പ്രവർത്തിക്കുന്നത്.
ഭക്ഷ്യക്കിറ്റ് വിതരണം തങ്ങൾക്ക് തിരിച്ചടിയായതായി ചെറുകിട മില്ലുകാർ ചൂണ്ടി കാട്ടുന്നു. ഭക്ഷ്യകിറ്റുകളില്‍ വെളിച്ചെണ്ണ ഇടം പിടിച്ചതാണ് ഇതിന് കാരണം. ഇതോടെ ചെറുകിട മില്ലുകളിലെ വിൽപ്പന ഇടിഞ്ഞു. മായം കലർന്ന വെളിച്ചെണ്ണയും വിപണിയിൽ സുലഭമാണ്. വലിയ വില വ്യത്യാസമുള്ളതിനാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പലരും ഇത്തരം എണ്ണകൾ വാങ്ങാൻ നിർബന്ധിതരാകുന്നു. കൊപ്രായ്ക്ക് കിലോ ഗ്രാമിന് 103 രൂപയും വെളിച്ചെണ്ണയ്ക്ക് 103 രൂപയുമാണ് വില
കൊവിഡിനെ പേടിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കൊപ്ര ശേഖരണം തൽക്കാലത്തേക്ക് നിറുത്തിയവരുമുണ്ട്. വിലക്കുറവ് കാരണമാണ് ചെറുകിട ഫാക്ടറികൾ പലപ്പോഴും കൊപ്രയ്ക്കു വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ ഗുണനിലവാരത്തിൽ കേരളത്തിലെ തേങ്ങ തന്നെയാണ് മികച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു.
കൊപ്ര ഉണക്കുന്നതിന് മാത്രമായി തമിഴ്നാട്ടിലേക്ക് തേങ്ങ കയറ്റി അയക്കുന്ന സംഘങ്ങളുമുണ്ട്. കാലാവസ്ഥയുടെ പ്രത്യേകതയും, കൂലിയിലെ കുറവുമാണ് ഇതിന് കാരണം. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട പല യുവാക്കളും നാളികേര മേഖലയിൽ പുത്തൻ സംരംഭങ്ങൾ ആരംഭിക്കുന്നും ഉണ്ട്.