മുയല് വളര്‍ത്തല്‍ ആദായകരമോ
മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും തോലിനും വേണ്ടിയാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്.
മുയലിറച്ചിയിലുള്ള ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം.
പ്രധാന ഇനങ്ങള്‍
സോവിയറ്റ് ചിഞ്ചില
ഗ്രേ ജയന്റ്
ന്യൂസിലാന്റെ വൈറ്റ്
ഡച്ച്
കൂട് ഒരുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
മുയല്‍ക്കൂടുകള്‍ മരം കൊണ്ടോ, കമ്പിവേലി കൊണ്ടോ ഉണ്ടാക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കത്തതുമായ ഷെഡുകളില്‍ വെയ്ക്കേണ്ടതാണ്. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്.
കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ആയിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേയ്ക്കു പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മ്മിക്കേണ്ടത്. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ച്ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം. മുയലുകള്‍ക്ക് പെട്ടന്ന് അസുഖം പിടിപെടുന്നതിനാല്‍ കൂട് വൃത്തിയായി എപ്പോഴും സൂക്ഷിക്കുക
ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും, കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക് കുടിക്കാന്‍ കൊടുക്കാതിരിക്കുകയാണ് അഭികാമ്യം.
മുയലുകളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്.മുയല് കൂടുകളുള്ള ഷെഡ്ഡുകളില്‍ പക്ഷികള്‍ക്ക് കയറാന്‍ പറ്റാത്തതാവണം.
മുയലിന് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. ഷെഡ്ഡിന് ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡില്‍ ഫാനും നല്ലതാണ്. സൂര്യരക്ഷ്മികള്‍ നേരിട്ട് കൂട്ടിലേക്ക് പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല് വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും ഇരുപത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
മുയലിന്റെ ആഹാരം
പച്ചപ്പുല്ല്, മുരുക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം മാംസ്യം കൂടുതല്‍ അടങ്ങിയ തീറ്റമിശ്രിതവും മുയലുകളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആണ്‍മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്.
പ്രത്യുല്പാദനം
അഞ്ച് പെണ്‍മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. 8-12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6-8 മാസം പ്രായം പൂര്‍ത്തിയായ പെണ്‍മുയലുകളെയും ഇണചേര്‍ക്കാവുന്നതാണ്.
28- 34 ദിവസമാണ് മുയലിന്റെ ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു കൂട് ഉണ്ടാക്കി അതിനുള്ളില്‍ മുയലിനെ വെയ്ക്കണം. ഒരു പ്രസവത്തില്‍ 6 മുതല്‍ 8 കുട്ടികള്‍ ഉണ്ടാകും.