ബോഗൈന്‍വില്ല നിറയെ പൂവിടാന്‍

വേനൽമാസങ്ങളിൽ ഏറ്റവും കൂടുതൽ പൂക്കൾ ഇടുന്ന ചെടിയാണ് ബോഗൈന്‍വില്ല. പലരുടെയും വീട്ടിൽ ഇതിൻറെ നിരവധി കളറുകൾ ഉണ്ടായിരിക്കും. എന്നാൽ ചിലരെങ്കിലും പറയുന്ന ഒരു കാര്യമാണ് ബോഗൈന്‍വില്ലയിൽ അധികം പൂക്കൾ പിടിക്കുന്നില്ല എന്നത്.ചെറിയൊരു ശ്രദ്ധ കൊടുക്കുകയാണെങ്കിൽ ഇലകൾ കാണാത്ത വിധത്തിൽ നമ്മുടെ ബോഗൈന്‍വില്ലയിൽ പൂക്കൾ പിടിപ്പിക്കാം.

ഒന്നാമതായി ഓർക്കേണ്ട കാര്യം പരമാവധി അളവിൽ സൂര്യപ്രകാശം ലഭിക്കേണ്ട ചെടിയാണ് ബോഗൈന്‍വില്ല. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ബോഗൈന്‍ വില്ല ചെടികള്‍ക്ക് ലഭിക്കണം.ബോഗൈന്‍വില്ലയിൽ പൂക്കൾ പിടിക്കുന്നില്ല എങ്കിൽ അതിന് ഈ പറഞ്ഞ അളവിലുള്ള സൂര്യപ്രകാശം ദിവസവും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.രണ്ടാമതായി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രൂണിങ്. കൊമ്പുകൾ മുറിച്ചു വിടുന്നതിനെ ആണ് പ്രൂണിങ് എന്ന് പറയുന്നത്. പ്രൂണിങ് ചെയ്യാതിരിക്കുകയാണെങ്കിൽ ഇതിൻറെ കമ്പുകൾ വളരെ നീളത്തിൽ വളർന്നു പോകും.

ഏറ്റവും അഗ്രഭാഗത്തു വളരെക്കുറച്ച് പൂക്കൾ മാത്രം ഇട്ടു വലിയ ഭംഗി ഒന്നും ഇല്ലാതെയാവുംഅതെ സമയം പ്രൂണിങ് ചെയ്ത ചെടിയില്‍ നല്ല ബുഷി ആയി നിറയെ പൂക്കൾ ഉണ്ടാവും. മറ്റൊരു കാര്യം വലിയ ചെടിച്ചട്ടികളിൽ വേണം ബോഗൈന്‍വില്ല നടുവാൻ ആയിട്ട്. കാരണം ഈ ചെടി വർഷങ്ങളോളം നിലനിൽക്കുന്ന ഒന്നാണ്.പ്രത്യേകിച്ച് രോഗങ്ങളും കീടാക്രമണം ഒന്നും ഈ ചെടികളിൽ ഉണ്ടാവാറില്ല

ബോഗൈന്‍വില്ലയിൽ പൂമൊട്ടുകൾ വന്നു തുടങ്ങുമ്പോൾ അതിൽ ഉള്ള മൂപ്പെത്തിയ ഇലകൾ മുറിച്ചു മാറ്റുക. പരമാവധി ഇലകളുടെ എണ്ണം കുറയ്ക്കുകയാണെങ്കിൽ അത്രയും കൂടുതൽ പൂക്കൾ ഉണ്ടായിവരും.അതുപോലെതന്നെ വെള്ളം ആവശ്യത്തിന് മാത്രമേ കൊടുക്കാവൂ. കൂടുതലായി പോയാൽ പൂക്കളേക്കാൾ ഇരട്ടി ഇലകള്‍ മാത്രമേ ഉണ്ടാവൂ. ചെടിച്ചട്ടിയിലെ മണ്ണിൻറെ വരൾച്ചയും, ഇലകളുടെ വാടലും നോക്കി വെള്ളം ആവശ്യമാണോ എന്ന് തിരിച്ചറിയാം. അതിനനുസരിച്ചുള്ള വെള്ളം മാത്രം കൊടുത്താൽ മതി.

ബോഗൈന്‍വില്ല പൂക്കുവാൻ ആയിട്ട് ഏറ്റവും അനുയോജ്യമായ വളം ചാണകപ്പൊടിയും എല്ലുപൊടിയും ആണ്. ചെറുതായി മണ്ണ്‍ ഇളക്കിയതിനുശേഷം ഈ വളങ്ങൾ മാസത്തിൽ ഒന്ന് ഇട്ടുകൊടുക്കണം.പല കാരണങ്ങളാണ് ബൊഗൈൻ വില്ലയെ നമ്മുടെ പ്രിയപ്പെട്ട ചെടിയാക്കി മാറ്റിയത് ആകർഷകമായ നിറങ്ങൾ, കൂടുതൽ ആയുസുള്ള പൂക്കൾ , ഏതുകാലാവസ്ഥയിലും പൂക്കുന്നു, കുറച്ചുമാത്രം പരിചരണംആവശ്യമുള്ളൂ, ജലസേചനം കുറഞ്ഞാലുംചെടി വാടാതെ നിൽക്കുന്നു, കമ്പു മുറിച്ചു നട്ടു എളുപ്പത്തിൽ തൈകൾ ഉണ്ടാക്കാം എന്നിവയാണ് മറ്റു ചെടികളിൽ നിന്ന് ബൊഗേൻ വില്ലയെ വ്യത്യസ്തമാക്കുന്നത്.ഏതു രീതിയിലും ബൊഗേൻ വില്ല ചെടികളെ വളർത്താം നിലത്തോ ചട്ടിയിലോ ഇവയെ വളർത്താം, കുറ്റിച്ചെടിയായും, വള്ളികളിൽ കയറ്റിവിട്ട് പടർന്നുവളരാൻ അനുവദിച്ചോ ബോൺസായ് ആയോ ഇവയെ വളർത്താം. പതിവച്ച് ഒരേ ചെടിയിൽ പല നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. ഏതു ആകൃതിയിലും ബൊഗൈൻ വില്ല ചെടിയെ വെട്ടി നിർത്താം.പൂന്തോട്ടമുണ്ടാക്കാൻ സ്ഥല പരിമിതിയുള്ളവർക്ക് രണ്ടോ മൂന്നോ ബൊഗൈൻ വില്ല ചട്ടികളിൽ വളർത്തിയാൽ വർണശബളമായ ഒരു കൊച്ചു പൂന്തോട്ടം സ്വന്തമാക്കാം .

പതിവച്ചോ കമ്പുകൾ മുറിച്ചു നട്ടോ തൈകൾ ഉണ്ടാക്കാം. വിരൽ വണ്ണമുള്ള കമ്പുകൾ മുറിച്ചെടുത്തു മണ്ണ് , മണൽ,എല്ലുപൊടി, ചാണകപ്പൊടി എന്നിവ ചേർത്ത ചട്ടികളിലോ ബാഗുകളിലോ നട്ടുകൊടുക്കാം ഇടയ്ക്കു നനച്ചാൽ വേഗം കിളിർക്കും,മൂന്ന് മാസം കഴിയുമ്പോൾ മാറ്റി നടാം.

നടാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ്. വർഷത്തിലൊരിക്കൽ പ്രൂൺ ചെയ്യുന്നത് വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു. ഇത് പൂവിടുന്നത് സാധാരണയായി 75 മുതൽ 90 ദിവസം വരെയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: മെഹറു അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *