‘മൈസ്കൂട്ടി ആപ്പുമായി’ അഡോണ്‍

അഡോണിന്‍റെ സ്കൂട്ടര്‍ കാണാന്‍ അത്ര സ്മാര്‍ട്ടൊന്നും അല്ല. എന്നാല്‍ സ്കൂട്ടറിന് മറ്റൊരു പ്രത്യേകതയുണ്ട്. ഹെല്‍മെറ്റ് ധരിച്ചുകൊണ്ടുമാത്രേ സ്റ്റാര്‍ട്ടാക്കിയാലേ വണ്ടി അനങ്ങു. ഹെല്‍മെറ്റ് ധരിക്കാതെ സ്റ്റാര്‍ട്ടാന്‍ ശ്രമിച്ചാല്‍ വണ്ടി അനങ്ങില്ല.ഓടിക്കുന്നതിനിടെ ഹെല്‍മെറ്റ് മാറ്റിയാല്‍ ആ നിമിഷം വണ്ടി ഓഫാകും.

അഡോണ്‍ വികസിപ്പിച്ചെടുത്ത ‘മൈ സ്‌കൂട്ടി’ എന്ന ആപ്ലിക്കേഷനിലൂടെയും എസ്എംഎസിലൂടെയും വണ്ടി സ്റ്റാര്‍ട്ടാക്കാനും ഓഫാക്കാനുമാകും. ഹോണടിക്കാനും ഇന്‍ഡിക്കേറ്ററിടാനും വരെ ‘മൈ സ്‌കൂട്ടി’ സഹായിക്കും. വണ്ടി ഓടിക്കുന്നതിനിടെ അപകടം സംഭവിച്ചെന്നിരിക്കട്ടെ, മുപ്പത് സെക്കന്‍ഡിനുശേഷം അപകടം സംഭവിച്ചെന്ന വിവരം എസ്എംഎസിലൂടെ ഫോണിലെത്തും. പ്രധാനമായും സെന്‍സറും സിമ്മും പ്രയോജനപ്പെടുത്തിയാണ് അഡോണ്‍ തന്റെ സ്‌കൂട്ടറെ സ്മാര്‍ട്ടാക്കിയിരിക്കുന്നത്.


ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും ഉണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് അഡോണ്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതിക വിദ്യ ഇരുചക്രവാഹനങ്ങളില്‍ പ്രയോജനപ്പെടുത്തിയാല്‍ വണ്ടി മോഷ്ടിക്കപ്പെട്ടാല്‍ ഉടനടി ലോക്കേഷന്‍ ട്രാക്ക് ചെയ്ത് വണ്ടിയുള്ളയിടം കണ്ടെത്താനാകും. അപകടങ്ങള്‍ സംഭവിച്ചാല്‍ സ്‌കൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് ഉടനടി മെസ്സേജെത്തുന്നതും കുടുംബത്തിന് ഗുണകരമാണ്.

കലൂര്‍ മോഡല്‍ ടെക്‌നിക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു പഠനത്തിനുശേഷം എന്‍ജിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കുകയാണ് അഡോണ്‍ ജോയ്. പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാനാണ് അഡോണ്‍ സ്‌കൂട്ടറില്‍ ഈ പരീക്ഷണം നടത്തിയത്. 5000 രൂപ ചെലവില്‍ ഇരുചക്രവാഹനത്തില്‍ ഈ സംവിധാനം ഒരുക്കാനാകുമെന്ന് അഡോണ്‍ പറയുന്നു. ഈ കണ്ടെത്തലിന് പേറ്റന്‍റ് എടുക്കാനുള്ള ശ്രമത്തിലാണ് അഡോണ്‍.

Leave a Reply

Your email address will not be published. Required fields are marked *