ലോക്ഡൗണില്‍ കുടുംബ ബജറ്റ് താളം തെറ്റിയോ? വായ്പ എടുക്കാം നിങ്ങളുടെ തന്നെ നിക്ഷേപങ്ങളില്‍ നിന്ന്

പാര്‍വതി

കൊറോണ കാലത്ത് പലരുടെയും ശമ്പളം പകുതിയോളം കുറഞ്ഞു. കുട്ടികള്‍, മുതിര്‍ന്നവര്‍ അങ്ങനെ കുടുംബത്തിലെ എല്ലാവരും പുറത്തുപോകാതെ വീട്ടില്‍ തന്നെ ഇരിപ്പായപ്പോള്‍ പലരുടെയും വീട്ട് ചെലവ് കൂടുകയാണ് ചെയ്തത്. അവശ്യ സാധനങ്ങള്‍ പോലും ഓണ്‍ലൈനിലൂടെ വാങ്ങേണ്ടി വരുന്നു. ഗാര്‍ഹിക വൈദ്യുതി ചെലവ് ഉയരുന്നു. വീട്ടു ചെലവുകള്‍ ഉയര്‍ന്നു. അങ്ങനെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. സ്ഥിരവരുമാനത്തില്‍ നിന്നും അടച്ചിരുന്ന ലോണ്‍, കുറി, വാടക എന്നിവ കഴിഞ്ഞാല്‍ ചെലവിനു പോലും പലരുടെയും കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് പരത്തിയ സാമ്പത്തിക ആഖാതങ്ങള്‍ എല്ലാ തൊഴില്‍ മേഖലയെയും പിടിച്ചുലച്ചു. ഈ അവസരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളെ സഹായിക്കാന്‍ ടേം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഡ്യൂസിനും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ ഈ തുക പിന്നീടായാലും അടയ്ക്കണമല്ലോ, അപ്പോള്‍ അധിക ബാധ്യതയാകുമോ എന്ന ഭയമാണ് പലര്‍ക്കും. നിലവില്‍ വായ്പയുള്ളവരോ ശമ്പള-പെന്‍ഷന്‍ അക്കൗണ്ടുകളോ ഉള്ള ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിക്കുന്നുണ്ട് എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍. 7.2 മുതല്‍ 10.5 ശതമാനം വരെയാണ് ഇതിന് പലിശ ഈടാക്കുന്നത്. 9 മുതല്‍ 24 ശതമാനം വരെ പലിശ ഉണ്ടായിരുന്ന സാഹചര്യത്തിലാണിത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ അവസരത്തില്‍ വന്നേക്കാവുന്ന ചില അത്യാഹിതങ്ങള്‍ക്ക് കയ്യിലുള്ള പണം മതിയാകാത്ത സാഹചര്യമാണെങ്കില്‍ നിങ്ങളുടെ തന്നെ ചെറിയ ചില നിക്ഷേപങ്ങളില്‍ നിന്നും സമ്പാദ്യ പദ്ധതികളില്‍ നിന്നും വായ്പയെടുക്കാം. ഏതൊക്കെ നിക്ഷേപങ്ങളില്‍ നിന്നാണ് വായ്പ ലഭിക്കുക എന്നു പറയാം.

എല്‍ഐസി പോളിസി ഈടിന്മേല്‍ വായ്പ

എല്‍ഐസി പോളിസകളൊക്കെ ഇല്ലാത്ത വീട്ടമ്മമാര്‍ ഇന്ന് വളരെ ചുരുക്കമാണ്. നിങഅങള്‍ക്കൊരു ആശ്വാസ വാര്‍ത്തയുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിന്മേല്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. പക്ഷെ ടേം പ്ലാനുകളിന്മേല്‍ വായ്പ ലഭിക്കില്ല. എന്നാല്‍ എന്‍ഡോവ്മെന്റ്, മണിബാക്ക് പ്ലാനുകള്‍, യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ പരമ്പരാഗത പോളിസികള്‍ക്ക് പോലും വായ്പ നല്‍കും നമ്മുടെ ബാങ്കുകള്‍. ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രീമിയം അടച്ചിരിക്കുന്ന പോളിസികളില്‍ സറണ്ടര്‍ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുക. സാധാരണ പോളിസികളില്‍ സറണ്ടര്‍ വാല്യുവിന്റെ 80 ശതമാനം വരെ വായ്പയായി ലഭിക്കും. എന്നാല്‍ ലിങ്ക്ഡ് പ്ലാനുകളില്‍ ഫണ്ട് വാല്യുവിന്റെ അടിസ്ഥാനത്തിലാകും വായ്പാ തുക എത്രയെന്ന് നിശ്ചയിക്കുക. പോളിസി തീരുന്നതിനു മുമ്പ് വായ്പ തിരിച്ചടക്കേണ്ടി വരുമെങ്കിലും ഈ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കാലഘട്ടത്തില്‍ പോളിസികള്‍ വായ്പ ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്.

പിഎഫില്‍ നിന്നും പിന്‍വലിക്കാം

ശമ്പളക്കാരനായ വ്യക്തിക്ക് തന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ ആകെ നിക്ഷേപത്തിന്റെ 75 ശതമാനമോ മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡിയര്‍നെസ് അലവന്‍സും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് പിന്‍വലിക്കാം. ആകെ നിക്ഷേപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലാളിയുടെയും തൊഴിലുമടയുടെയും വിഹിതവും അതിനുള്ള പലിശയും ഉള്‍പ്പെടുന്ന തുകയാണ്. ഇതിനായി അക്കൗണ്ട് ഉടമയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാകും. ഇപിഎഫ്ഒ പോര്‍ട്ടലില്‍ ഫോം 31,19,10 സി, 10 ഡി ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതി. കൂടെ അക്കൗണ്ട് ഉടമയുടെ പേര് രേഖപ്പെടുത്തിയ ചെക്ക് ലീഫോ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജോ അല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നിവ കാണാവുന്ന ബാങ്ക് സ്റ്റേറ്റ്മെന്റോ അപ് ലോഡ് ചെയ്യുക. 72 മണിക്കൂറിനുള്ളില്‍തുക ക്രെഡിറ്റ് ആകും. ഇനി നിങ്ങള്‍ ജോലി രാജി വച്ചിട്ടും ഇപ്പോളും ഇപിഎഫ് പിന്‍വലിച്ചില്ലെങ്കില്‍ പൂര്‍ണണായും തുക പിന്‍വലിക്കാം. ഇതിന് ഫോം 19, ഫോം 10 സി എന്നിവ പൂരിപ്പിച്ച് അക്കൗണ്ട് ബുക്കിന്റെ മുന്‍ പേജ് കൂടെ അറ്റാച്ച് ചെയ്ത് അപേക്ഷിച്ചാല്‍ മതി.

പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ

പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് നിക്ഷേപമുള്ള ആര്‍ക്കും വായ്പ നേടാനാകും. പിപിഎഫ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേര്‍ന്ന് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയായവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാനാകും. 2019 – 20 സാമ്പത്തിക വര്‍ഷം എത്ര തുകയാണോ അക്കൗണ്ടില്‍ നിക്ഷേപമായുള്ളത്, അതിന്റെ 25 ശതമാനം നിങ്ങള്‍ക്ക് വായ്പയായി ലഭിക്കും. എന്നാല്‍ ഇതില്‍ നിന്നും നേരത്തെ ലോണ്‍ എടുത്തിട്ട് പൂര്‍ണമായും തിരിച്ചടച്ചിട്ടില്ലെങ്കില്‍ പുതിയ ലോണ്‍ അനുവദിക്കില്ല. വായ്പാ തുക മൂന്നു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും. അതായത് 2022-23 ഓടെ തിരിച്ചടവ് പൂര്‍ത്തിയാക്കണം. തിരിച്ചടവ് നിങ്ങള്‍ക്ക് കയ്യിലുള്ള പണത്തിന്റെ അളവനുസരിച്ച് ഒറ്റയടിക്കോ തവണകളായോ നടത്താം. ഒരു ശതമാനം വാര്‍ഷിക പലിശയാണ് ഇതിന് ഈടാക്കുക. പക്ഷെ മൂന്നു വര്‍ഷത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ അത് ഒന്നില്‍ നിന്നും ആറ് ശതമാനം പലിശയിലേക്ക് മാറും.

മുകളില്‍ പറഞ്ഞതെല്ലാം പലതുള്ളി പെരുവെള്ളം പോലെ നിങ്ങള്‍ തന്നെ ചേര്‍ത്തു വച്ച നിങ്ങളുടെ തന്നെ നിക്ഷേപങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളാണ്. അത്യാവശ്യമല്ലെങ്കില്‍ ഇവയില്‍ നിന്നും വായ്പയെടുക്കരുത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ വ്യക്തിഗത വായ്പയെടുക്കുന്നതിനേക്കാള്‍ എന്ത്‌കൊണ്ടും നല്ലതാണ് ഈ മാര്‍ഗങ്ങള്‍. നിങ്ങള്‍ക്ക് പണത്തിന്റെ ആവശ്യകത ഉണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വ്യക്തിഗത വായ്പ ഒരു നല്ല ഓപ്ഷനായി തോന്നിയേക്കാം. കുടുംബാംഗങ്ങളും നിര്‍ബന്ധിച്ചേക്കാം. പക്ഷെ ഓര്‍ക്കുക, ഈ വായ്പകള്‍ക്ക് യാതൊരു സുരക്ഷയും ആവശ്യമില്ലാത്തതിനാല്‍ വളരെ ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്കുകള്‍ ഈടാക്കുന്നത്. മറ്റൊരു പോരായ്മ, മിക്ക വായ്പക്കാരും വായ്പകളുടെ ഭാഗിക പേയ്മെന്റ് അനുവദിക്കുന്നില്ല എന്നതാണ്. മാത്രമല്ല നിങ്ങളുടെ പ്രാരംഭ തവണകള്‍ പലിശ പേയ്മെന്റുകളിലേക്ക് മാത്രമാണ് പോകുന്നത്. ഓര്‍ക്കുക ഉയര്‍ന്ന പലിശ ഏറ്റവും ചെലവേറിയ കടമാണ്, അതിനാല്‍ വ്യക്തിഗത വായ്പ എടുക്കുന്നതിനെതിനേക്കാള്‍ നല്ലത് ഈ മൂന്നു മാര്‍ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!