വീണ്ടും മാടിവിളിക്കുന്ന കൊല്ലൂര് യാത്ര

നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന കൊല്ലൂര്‍ക്ക് പോയത് പെട്ടെന്നെടുത്ത  തീരുമാനത്തിന്റെ പുറത്താണ്. മുന്നോട്ടുപോകുംതോറും പാതകള്‍ ചെറുതായിക്കൊണ്ടിരുന്നു. പേരറിയാത്തമരങ്ങളും ചെടികളും ഞങ്ങളെ സ്വാഗതം അരുളും പോലെ… വനസൗന്ദര്യം എന്തെന്ന് കേട്ടറിവ് മാത്രമുള്ള ഞങ്ങള്‍ക്ക് കൊല്ലൂര്‍യാത്ര വലിയൊരു അനുഭവമാണ് സമ്മാനിച്ചത്.

 ഉച്ചതിരിഞ്ഞാണ് ഞങ്ങള്‍ മംഗലാപുരത്ത് എത്തിയത്. ഇനിയും കിലോമീറ്റകള്‍ താണ്ടിയാല്‍മാത്രമേ കൊല്ലൂരില്‍ ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കു. വൈകിട്ടത്തെ ദീപാരാധന ദര്‍ശനം സാധിക്കുമോ എന്ന ആശങ്ക എന്നെ അലട്ടിയിരുന്നു.  എന്നാല്‍ കാനനഭംഗി എന്റെ ആശങ്കകളെല്ലാം പതിയെ അലിയിച്ചുകഴിഞ്ഞു.. വഴിയിലെങ്ങും പച്ചപ്പ് മാത്രം. വൈകിട്ടോടെ ഞങ്ങള്‍ കൊല്ലൂരിലെത്തി. കാര്‍ സുരക്ഷിതമായി പാര്‍ക്ക്പാര്ക്ക് ചെയ്ത്റൂമിലെത്തി ഫ്രഷ് ആയതിന് ശേഷം ക്ഷേത്രത്തില്‍ എത്തി.

ക്ഷേത്രത്തില്‍ ദീപാരാധനയുടെ സമയം. ദേവിയെ പുറത്തേക്ക് എഴുന്നുള്ളിക്കേണ്ട സമയമായതിനാല്‍ വേഗംതന്നെ ദര്‍ശനം നടത്തി ഞങ്ങള്‍ പുറത്തിറങ്ങി. ദേവീ മന്ത്രോച്ചാരണത്താല്‍ മുഖരിതമായിരുന്നു അവിടമെങ്ങും. ഞങ്ങള്‍ എത്തിയ ദിവസം ക്ഷേത്രത്തില്‍ വിശേഷപ്പെട്ട ദിവസമായതിനാല്‍ ദേവിയുടെ എഴുന്നള്ളത്തിന് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

  ക്ഷേത്രകൊത്തുപണികളും കല്‍പണികളും ശില്‍പവേലകളും നമ്മളെ അതിശപ്പിക്കുന്ന തരത്തിലുള്ളതാണ്. ക്ഷേത്രോല്‍പത്തി ആദി ശങ്കരനുമായി ബന്ധപ്പെട്ട് കിടക്കുന്നു. സരസ്വതി,ലക്ഷ്മി,കാളി എന്നിങ്ങനെ മൂന്ന് ഭാവത്തിലാണ് ദേവി കൊല്ലൂരില്‍ കുടികൊള്ളുന്നത്. ദേവീവിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്ന രത്‌നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്. സ്വര്‍ണനിറത്തിലുള്ള സിംഹമുഖം വാള്‍ എന്നിവയാണ് പ്രധാന അലങ്കാരങ്ങള്‍.

  പിറ്റേദിവസം ദേവിദര്‍ശനം നടത്തിയതിന് ശേഷം ഞങ്ങള്‍ സൗപര്‍ണികയിലേക്ക് പോയി. മൂകാംബികയില്‍ എത്തുന്നവര്‍ സൗപര്‍ണികയിലും പോയിരിക്കണമെന്നാണ് പരക്കെയുള്ള വിശ്വാസം . കുടജാദ്രി  മലകളില്‍ നിന്ന് ഉത്ഭവിച്ച് ക്ഷേത്രത്തിന് സമീപത്തുകൂടിയൊഴുകുന്ന പുണ്യനദിയാണ് സൗപര്‍ണിക. സുപര്‍ണന്‍ എന്ന് പേരായ ഗരുഡന്‍ തന്റെ മാതാവ് വിനിതയുടെ സങ്കടമോക്ഷാര്‍ത്ഥം ഈ നദീതീരത്ത് തപസ്സ് ചെയ്തുവെന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോട് തന്റെ പേരില്‍ നദീതീരം അറിയപ്പെടണമെന്ന് ഗരുഡന്‍ ആവശ്യപ്പെട്ടെന്നുമാണ് സങ്കല്‍പ്പം. ഗരുഡന്‍ തപസ്സ് ചെയ്ത ഗുഹ ഗരുഡ ഗുഹയെന്നും അറിയപ്പെട്ടു. അനേകം ഔഷധച്ചെടികളിലൂട ഒഴുകി വരുന്ന സൗപര്‍ണികയില്‍ സ്‌നാനം ചെയ്യുന്നത് സര്‍വ്വരോഗനിവാരണമായി കരുതിവരുന്നു. എന്നാല്‍ ഈയടുത്തകാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. കുടജാദ്രിമലനിരകളില്‍ പോകണമെന്ന ആഗ്രഹം ബാക്കിയാക്കി ഞങ്ങള്‍ നേരെപോയത് മുരുഡേശ്വറിലേക്കാണ്.

മുരഡേശ്വര് ക്ഷേത്രം

കൊല്ലൂര്‍ മൂകാംബികക്ഷേത്രം മാത്രമായിരുന്നു യാത്രഅജണ്ടയില്‍ ഉണ്ടായിരുന്നത്. കൊല്ലൂരില്‍ പരിചയപ്പെട്ട രണ്ടുവ്യക്തികളില്‍നിന്നുമാണ് മുരുഡേശ്വറിലേക്ക് പോകാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തത്. 249 അടി ഉയരമുള്ള രാജഗോപുരം ഞങ്ങളില്‍ അത്ഭുതമായി നിലകൊണ്ടു. അറബിക്കടലിന് സമീപം കന്ദുകഗിരി കുന്നുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമീപത്തുള്ള കൂറ്റന്‍ ശിവന്റെ പ്രതിമയ്ക്ക് ലോകത്തില്‍ വെച്ച് രണ്ടാംസ്ഥാനമാണുള്ളതെന്ന് ഗൈഡില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കി. ക്ഷേത്ര ഐതിഹ്യം രാക്ഷസരാജാവ് രാവണനുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുന്നിന്‍ മുകളിലെ അസ്തമയകാഴ്ചയും തീര്‍ത്ഥാടകര്‍ക്കും വിനോദസാഞ്ചാരികള്‍ക്കും സുന്ദരമായ അനുഭൂതി സമ്മാനിക്കുന്നു. ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യന്റെ മനോഹരാമായ ശില്‍പ്പവും ഞങ്ങള്‍ ക്ഷേത്രപരിസരത്ത് കണ്ടു. തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും  പ്രിയപ്പെട്ട ഇടമായി മുരുഡേശ്വര്‍ ഇന്ന് മാറിയിരിക്കുന്നു. കുടജാദ്രിയില്‍ പോകണമെന്നുള്ള സ്വപ്‌നം ബാക്കിയാക്കി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

കൃഷ്ണ അര്ജുന്

Leave a Reply

Your email address will not be published. Required fields are marked *