കൊളുക്കുമലയിലെ സൂര്യോദയം

സവിൻ കെ എസ്‌

കോടമഞ്ഞു പൂക്കുന്ന കൊളുക്കുമലയും സൂര്യോദയവും മനസ്സിൽ സ്വപ്നം കണ്ട് രാത്രിയിൽ സൂര്യനെല്ലിയിലേക്ക് യാത്ര തിരിക്കുമ്പോൾ ഒരുപിടി ചങ്ങാതിമാരും ഒപ്പമുണ്ടായിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിലും കോടമഞ്ഞും തണുപ്പും മൂന്നാറിനെ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. രാത്രിയാത്രയിലെ ഒഴിച്ചുകൂട്ടാനാവാത്ത കട്ടൻചായ ഇവിടെയും ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തിയിരുന്നു. നാടും കാടും ഗാഢനിദ്രയിൽ അലിഞ്ഞു ചേർന്നപ്പോഴും തണുപ്പ് വകവെയ്ക്കാതെ ഞങ്ങൾ യാത്ര തുടർന്നു കൊണ്ടിരുന്നു. മൂന്നാറിൽ നിന്നും സൂര്യനെല്ലിക്കുള്ള യാത്രയുടെ ആദ്യ നിമിഷങ്ങളിൽ മുഖംമിനുക്കിയ മലമ്പാതകളും പിന്നീട് റോഡില്ലാത്ത അവസ്ഥയിലും ആയിരുന്നു. കണ്ണുമൂടുന്ന കോടമഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു. 4 മണിയോടെ സൂര്യനെല്ലിയിൽ എത്തി ഡ്രൈവർ മുനിയാണ്ടിയോടെപ്പം ജീപ്പിൽ ഓഫ് റോഡ് യാത്ര തുടങ്ങുമ്പോൾ എല്ലാവരും കൊളുക്കുമലയെ കീഴടക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.ആകാശമാകെ നക്ഷത്രങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു.വളരെകാലത്തിനു ശേഷമാണ് ഇത്രയും വലിയ നക്ഷത്രകൂട്ടം കാണുന്നത്. കുലുങ്ങിയും കുഴികൾ ചാടിയും തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ചെറിയ പാതയിലൂടെ കൊളുക്കുമലയിൽ എത്തുമ്പോൾ കിഴക്ക് അരുണ വർണ്ണം തൂകിത്തുടങ്ങിയിരുന്നു. ഉദയസൂര്യന്റെ വരവിനായി ഞങ്ങൾ കാത്തിരുന്നു.തണുപ്പ് അപ്പോഴും വിട്ടുപോകാനുള്ള ഭാവം കാണിക്കുന്നില്ല.അങ്ങനെ ആകാംക്ഷകൾക്ക് വിരാമമിട്ടു പുലരി വിരിഞ്ഞിറങ്ങി. മലനിരകൾക്ക് മുകളിലേക്ക് ഉയർന്ന സൂര്യൻ നിമിഷ നേരത്തിനുള്ളിൽ ചെഞ്ചായം തൂകി സൂര്യപ്രഭ ഞങ്ങളിലേക്ക് ചൊരിഞ്ഞു.ഇളംപച്ച പട്ടുചാർത്തിയ തേയിലചെടികളിൽ അരുണവർണം ചിന്നിച്ചിതറി വീണുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷം പ്രഭാതമാണ്.ഒരു ദിവസത്തിന്റെ ഉണർവ് ആ പുലരിയുടെ വെളിച്ചത്തിലാണ്.കണ്ടത് മനോഹരം കാണാനുള്ളത് അതി മനോഹരം എന്ന ചിന്തയോടെ മലമുകളിലേക്ക് നടക്കുമ്പോൾ തളിരിട്ടു തുടങ്ങിയ കാട്ടുപുല്ലുകൾ പുതിയ വസന്തത്തിന്റെ വരവറിയിച്ചു കഴിഞ്ഞിരുന്നു. അവിടവിടെയായി വിരിഞ്ഞു നില്ക്കുന്ന ഊട്ടി പൂക്കൾ എന്നു ഓമനപ്പേരിലറിയപ്പെടുന്ന വാടാപുഷ്പങ്ങൾ ചിരിച്ചു കൊണ്ടു നിന്നപ്പോൾ പറിച്ചെടുക്കാതിരിനായില്ല. മഴയിൽ ഇളകിയടർന്ന കല്ലുകൾക്കിടയിലൂടെ കയറ്റം കയറുവാൻ വല്ലാത്ത ആയാസം തോന്നി. മുകളിലെത്തിയതോടെ കണ്ട കാഴ്ചകൾ ഒരിക്കലും വർണ്ണിക്കാൻ പറ്റാത്ത ഒന്നായി മാറി.ദൂരെ പുലരിയുമായി നില്ക്കുന്ന കൊല്ക്കുമലയും മറുവശത്ത് മലകൾക്കപ്പുറം മീശപ്പുലിമലയും.

പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് ഒരു വഴിത്താര മാത്രമായി തീർത്ത ഗിരി ശിഖരം. താഴെ സൂര്യനെല്ലിയും തേയിലത്തോട്ടവും ഹരിതശോഭയോടെ പ്രകൃതി വിസ്മയമായി നിലകൊള്ളുകയാണ്. മറുവശം തമിഴ്നാട്ടിലെ കൊരങ്ങണിയുടെ താഴ്വാരവും ശരിക്കും സ്വപ്നതുല്യമായ യാത്ര. തമിഴ്നാട് വഴിയുള്ള മീശപ്പുലിമല യാത്ര നിർത്തിവെച്ചിരിക്കുകയാണ്. അനധികൃതമായി കാട് കയറിയാൽ 7 വർഷം വരെ തടവും 5000 രൂപ പിഴയും ആണ് ശിക്ഷ.അതിനാൽ ദൂരെ നിന്ന് കാണാനേ നിർവാഹമുണ്ടായിരുന്നുള്ളൂ.
അല്പസമയത്തിനുള്ളിൽ മലനിരകളെല്ലാം മഞ്ഞുമൂടി കഴിഞ്ഞിരുന്നു. മേഘസമുദ്രം പോലെ പാൽക്കടൽ തീർത്ത് ഞങ്ങളെ വിസ്മയിച്ചു കളഞ്ഞു. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ഞങ്ങൾ ഉറക്കെ കൂകിവിളിച്ചു.എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയില്ല. മടങ്ങിപ്പോകാൻ സമയമായിട്ടും മനസ്സു മാത്രം സമ്മതിച്ചില്ല. എങ്കിലും മനസ്സില്ലാമനസ്സോടേ താഴേക്കിറങ്ങി.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കുളിർകാറ്റും കൊണ്ടു മലയിറങ്ങുമ്പോൾ താഴെയായി ലോകത്തിലെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓർഗാനിക് തേയില ഫാക്ടറി കണ്ടുതുടങ്ങിയിരുന്നു. തേയിലത്തോട്ടത്തിനു നടുവിൽ ഉള്ള കെട്ടിട സമുച്ചയം കൊളുക്കുമലയെപ്പോലെ തലയുയർത്തി നില്ക്കുകയാണ്. ഉയരം കൂടുമ്പോറും ചായയ്ക്ക് രുചിയും കൂടും അതു ശരി തന്നെയാണ്. തണുപ്പുകാലാവസ്ഥയും തേയിലത്തോട്ടവും ചങ്ങായിമാരും കൂടെ കട്ടനും ആഹാ എന്താ അന്തസ്സ്.കട്ടൻ അടിച്ചു എല്ലാവരും ഉഷാറായതോടെ ഇനി സിംങ്കപ്പാറ പോകാം എന്നായി ഡ്രൈവർ മുനിയാണ്ടി. പിന്നെ ഞങ്ങൾക്ക് രണ്ടഭിപ്രായമില്ലാത്തതിനാൽ സിംങ്കപ്പാറ എന്ന പുലിപ്പാറയിലേക്ക് മലഞ്ചരിവിലൂടെ മുനിയാണ്ടിക്ക് പിന്നാലെ നടന്നു. വല്യ ദൂരം നടക്കേണ്ടി വന്നില്ല കൊളുക്കുമല എന്ന പശ്ചിമഘട്ടത്തിന്റെ ഓമന പുത്രൻ, കരിവീരനെപ്പോലെ വാനിൽ തലയുർത്തി ഉയർന്ന് നില്ക്കുകയാണ്. പുലരിയുടെ കാവൽക്കാരന് ഉദയ രശ്മികൾ ആദ്യ ചുംബനം നല്കി തഴുകിയുണർത്തുന്നതു കൊണ്ടാകാം ചിലപ്പോൾ കൊളുക്കുമലയ്ക്ക് ഇത്ര പ്രസരിപ്പും കാന്തിയും.ചില കാഴ്ചകൾ അങ്ങനെയാണ് ദൂരെ നിന്നു കാണുമ്പോഴേ നമ്മുടെ മനസ്സിൽ ചേക്കേറിക്കഴിയും.
അവിടെ നിന്നും താഴേക്കിറങ്ങിയാൽ പുലിപ്പാറയായി. ഒറ്റനോട്ടത്തിൽ ഒന്നും തോന്നില്ല എങ്കിലും ചിത്രത്തിൽ ഇവൻ പുലി തന്നെയാണ്. ഏഴടിയോളം മാത്രമുള്ള ഈ പാറയിൽ പുലിയുടെ മുഖം കൃത്യമായി വന്നതു പ്രകൃതിയുടെ കരവിരുത് അല്ലാതെന്തു പറയാൻ. വായും പിളർന്ന് തന്റെ ഇരയെ കാത്തിരിക്കുന്ന പുലിമുഖം ആരേയും ആകർഷിക്കും. അടിക്കാടുകൾ വളർന്നു ഇടതൂർന്ന വനപ്രദേശമായതിനാൽ കാടും പുലിപ്പാറയും തേടി ആരും വന്നു പോകും. ഇനി ജീപ്പിൽ മടക്കയാത്രയാണ്.ഗേറ്റും കടന്ന് മലയിറങ്ങിത്തുടങ്ങിയപ്പോഴേ തേയിലത്തോട്ടം കോടമൂടിത്തുടങ്ങിയിരുന്നു.വലിയ ഉരുളൻ കല്ലുകൾ മാത്രം നിറഞ്ഞ ഓഫ് റോഡ്.ഇരുവശവും തേയിലത്തോട്ടങ്ങളാൽ സമ്പന്നമാണ്, ഇരുട്ടിൽ മല കയറിയതിനാൽ ഈ പ്രകൃതി ഭംഗി അറിയാതെ പോയി.തേയിലയുടെ പുതുനാമ്പുകളിൽ മഞ്ഞുതുള്ളികൾ കുളിരു കോരിയിടുകയാണ്. ഇടയ്ക്ക് ചില ജീപ്പുകൾ കൊളുക്കുമല ലഷ്യമാക്കി ഞങ്ങളുടെ വാഹനത്തെ കടന്നു പോയിരുന്നു.ഓരോ വാഹനവും കടന്നു പോകുമ്പോഴും ഞങ്ങളുടെ ഡ്രൈവർ വഴിയിൽ പ്രശ്നങ്ങളില്ല കടന്നു പോകാം എന്നു പറയുന്നുണ്ടായിരുന്നു. മലയിറക്കത്തിനിടയിൽ ബോടിമെട്ട് എന്ന തമിഴ് പട്ടണത്തിന്റെ വിദൂര ദൃശ്യം കാണാൻ സാധിക്കുണ്ടായിരുന്നു. കൂട്ടത്തിലുള്ളവർ ഉറക്കത്തിലേക്ക് പതിയേ തെന്നി വീണിരുന്നു. ഒരുപക്ഷേ ഈ ഓഫ് റോഡാണ് പല സഞ്ചാരികളും ഇങ്ങോട്ടുള്ള യാത്ര മടിക്കുന്നത്.തേയിലത്തോട്ടങ്ങളും കോട പുതച്ച മലനിരകളും പിന്നിട്ട് സൂര്യനെല്ലിയിലേക്ക് എത്തുമ്പോഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. ഇനി തിരികെ മൂന്നാറിനാണ് യാത്ര.രാത്രിയിൽ മല കയറിയതിനാൽ കാഴ്ച്ചകൾ ഒന്നും കാണാൻ സാധിച്ചിരുന്നില്ല. റോഡ് പണി നടക്കുകയാണ് ഗ്യാപ്പ് റോഡിൽ,ആകെ ചെളിക്കുളമായ അവസ്ഥ. ചില സ്ഥലങ്ങളിൽ വളരെ അപകടകരമായ വിധത്തിലാണ് വഴിയുടെ കിടപ്പ്. എങ്കിലും ഇതൊന്നും കൂസാതെ ബൈക്ക് റൈഡേയ്സ് നിരനിരയായി സൂര്യനെല്ലിക്ക് പോവുകയാണ്.ചരിത്രത്തിന്റെ അവശേഷിപ്പായ കള്ളൻ ഗുഹയും അപ്രത്യക്ഷമായിരിക്കുന്നു. ഇനി അതും ഓർമ്മ മാത്രം. എന്നാൽ റോഡു നല്ല രീതിയിൽ തന്നെയാണ് നിർമ്മിക്കുന്നത്. താഴ്വാരം മുഴുവൻ തേയില പുതച്ച മലനിരകൾ മാത്രം.ഇടയ്ക്ക് വീശിയടിക്കുന്ന കോടമഞ്ഞും സൂര്യനെത്തി നോക്കാത്ത നീലാകാശവും തന്നെയായിരുന്നു പ്രധാന കാഴ്ചകൾ. ഒരു കൂസലുമില്ലാതെ തമിഴ്നാട് ട്രാൻസ്പോർട്ട് ഓടിക്കുന്ന ചേട്ടന്മാരുടെ റോഡിലെ പാച്ചിലിൽ ജീവൻ പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.മൂന്നാറിനോട് അടുത്തു തുടങ്ങിപ്പോഴേ റോഡുകൾ നന്നായിത്തുടങ്ങിയിരുന്നു.

മൂന്നാർ പട്ടണം തിരക്കിലമർന്നിരിക്കുകയാണ് ഒരുവിധം പഴയ മൂന്നാറിലെത്തി ഓരോ ബിരിയാണിയും കഴിച്ച് അടിമാലിയിലേക്ക് യാത്രയായി.വാളറക്കുത്തും ചീയപ്പാറയും പതിവു തെറ്റിക്കാതെ മലമുകളിൽ നിന്നും ധാരധാരയായി താഴേക്ക് പതിക്കുകയാണ്. വീണ്ടും ഓരോ കട്ടനും കുടിച്ച് ഞങ്ങൾ വിട പറയുമ്പോൾ ഒരുപാട് കാലം മനസ്സിൽ സൂക്ഷിക്കാനുള്ള ഓർമ്മകൾ കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *