സജിതയുടെ ‘അതിജീവനത്തിന്‍റെ’ കഥ
പൂമ്പാറ്റയെപ്പോലെ അവള്‍ ഒരിക്കല്‍ പാറിപറന്നിരുന്നു. പെട്ടന്നുള്ള ചിറകുകളുടെ ബലക്ഷയം അവളെ തളര്‍ത്തിയില്ല. ഇന്ന് ചായക്കൂട്ടുകളുടെ ലോകത്ത് വര്‍ണരാജിവീശി അവള്‍ പാറിപറക്കുന്നു.
വിധി സമ്മാനിച്ച തീരാവേദനയില്‍ തളര്‍ന്നിരിക്കാതെ വരകളുടെ ലോകത്ത് തന്‍റേതായ സ്ഥാനം നേടിയെടുത്തു സജിത. സജിതയുടെ ജീവിതവും അതിജീവനത്തിന്‍റെ കഥയും കൂട്ടുകാരിയോട് പങ്കുവയ്ക്കുന്നു.
കുട്ടിക്കാലത്താണ് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം സജിതയ്ക്ക് പിടിപ്പെട്ടത്. പതിനാലാം വയസ്സുവരെ സജിതയ്ക്ക് ചെറുതായി നടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ രോഗം പിടിമുറുക്കിയപ്പോള്‍ ഏഴാംക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെയാണ് സജിതയുടെ ശ്രദ്ധ പെയിന്‍റിംഗിലേക്ക് തിരിഞ്ഞത്. ആദ്യം പെന്‍സില്‍ ഉപയോഗിച്ചാണ് സജിത വരച്ചുതുടങ്ങിയത്. പ്രകൃതിയാണ് തീം ആയി പെന്‍സില്‍ ഡ്രോയിംഗിന് അവര്‍ തെരഞ്ഞെടുത്തത്. തന്‍റെ മൂത്ത ജ്യേഷ്ഠന്മാരാണ് വരകളുടെ ലോകത്ത് തന്നെ പിച്ചവച്ചു നടക്കാന്‍ പഠിപ്പിച്ചത്. ചിരട്ടകൊണ്ട് ക്രാഫ്റ്റ് ഉണ്ടാക്കിയും കുപ്പികളില്‍ പെയിന്‍റ് ചെയ്തും അവര്‍ ബഹുജനശ്രദ്ധനേടി. രണ്ടാള്‍ക്കും തന്‍റെ അതേ അസുഖമായിരുന്നു. ഇപ്പോള്‍ രണ്ടുപേരും ജീവിച്ചിരിപ്പില്ല കണ്ണീരോടെ സജിത പറഞ്ഞു.
സജിതയുടെ ഇപ്പോഴത്തെ ശ്രദ്ധ മ്യൂറല്‍ പെയിന്‍റിംഗിലാണ്. മ്യൂറല്‍ പെയിന്‍റിംഗിന് ആവശ്യക്കാര്‍ ഏറെയാണ്. ഒരു പെയിന്‍റിംഗ് വരച്ചു തീര്‍ക്കുന്നതിന് ഏകദേശം രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നും സജിത.
ശാസ്ത്രീയമായി സജിത ചിത്രരചന അഭ്യസിച്ചിട്ടില്ല. യൂ ടൂബ് നോക്കിയാണ് സജിത തന്നിലെ കഴിവുകള്‍ മെച്ചപ്പെടുത്തിയെടുക്കുന്നത്. ക്രാഫ്റ്റ് വര്‍ക്കുകളിലും സജിത തന്‍റെ കഴിവുതെളിയിച്ചിട്ടുണ്ട്. ഗ്ലാസ് പെയിന്‍റിംഗ്, പേപ്പര്‍ പേനനിര്‍മ്മാണം, ഹാന്‍വാഷ്, വാഷിംഗ്പൌഡര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും സജിത സജീവമാണ്. ഇതിനൊക്കെ സജിതയെ സഹായിക്കുന്നത് അമ്മയാണ്.കൈയ്ക്ക് സ്വാധീനം കുറഞ്ഞു വരുന്നതു കൊണ്ട് ഇരുചക്ര വാഹനം പോലും ഓടിക്കാന്‍ കഴിയില്ല. വരയ്ക്കാനുള്ള സാധനങ്ങള്‍ പോലും അമ്മ എടുത്തു വയ്ക്കണമെന്നും സജിത.
തന്‍റെ കുടുംബത്തിന്‍റെ പിന്തുണയുള്ളതു ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് രോഗത്തെ അതിജീവിച്ച് പെയിന്‍റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായതെന്നും സജിത. അംഗപരിമിതരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ അഘോരയിലും മെമ്പറാണ് സജിത. 22 അംഗങ്ങളുള്ള ബിസിനസ് കൂട്ടായ്മയാണ് അഘോര. അംഗപരിമിതരുടെ സംഘടനയായ ഫ്ലൈയിലും മെമ്പറാണ് സജിത. സ്വപ്നചിത്രയില്‍ മൂന്നുതവണ നടന്ന എക്സിബിഷന്‍റെ ഭാഗമാകാനും സജിതയ്ക്ക് സാധിച്ചു. കണ്ണൂര്‍ മഷിപ്പൂ കൂട്ടായ്മയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
തളിപ്പറമ്പ് സ്വദേശികളായ മാണിയൂര്‍ വീട്ടില്‍ കണ്ണന്‍ വിശ്വകര്‍മ്മന്റെയും ഗൗരിയുടെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവളാണ് സജിത.രണ്ട് സഹോദരങ്ങള്‍ക്കും അവളുടെ അതേ അസുഖമായിരുന്നു. രണ്ടു പേരും മരണപ്പെട്ടു. സജിതയുടെ അച്ഛനും ജീവിച്ചിരുപ്പില്ല. മറ്റു സഹോദരങ്ങള്‍ കുടുംബമായി കഴിയുന്നു
സ്വന്തമായി എക്‌സിബിഷന്‍ സംഘടിപ്പിക്കണമെന്നതാണ് സജിതയുടെ സ്വപ്‌നം