എഴുത്തിടത്തിലെ പെൺരാഷ്ട്രീയം

ഒരു കുടം പാറു എന്ന ഹിറ്റ്‌ ഗാനത്തിന്റെ രചയിതാവും ആക്ടിവിസ്‌റ്റുമായ മൃദുലദേവി തന്റെ വിശേഷങ്ങൾ കൂട്ടുകാരിയോട് പങ്ക് വയ്ക്കുന്നു

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പാട്ട് ഹിറ്റായല്ലോ അതേ കുറിച്ച് ഒന്ന് പറയാമോ

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനി മയില്‍ രണ്ട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ‘ഒരു കുടം പാറ്’ എന്ന പാട്ട് യൂട്യൂബ് വഴി വരികയും അത് ഏറെ ഹിറ്റാകുകയും ചെയ്തു. ശേഷമാണ് സിനിമ ഇറങ്ങുന്നത്. പിന്നീട് യൂട്യൂബില്‍ വന്നത് ചെമ്രാന്തമേറെയാണ് എന്ന ഗാനമാണ്. എന്തായാലും പാട്ട് ഹിറ്റായത് വളരെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. എഴുത്ത് എന്ന അധികാരത്തിലേക്ക് ഒരു ദളിത് സ്ത്രീ എന്ന നിലയില്‍ മലയാള സിനിമയിലേക്ക് കാലൂന്നാന്‍ സഹായിച്ചു എന്നതാണ് അതിനകത്തുനിന്നു തരുന്ന രാഷ്ട്രീയപരമായ സന്തോഷം.

എഴുത്തിടത്തെക്കുറിച്ച്

എഴുത്തിടത്തെക്കുറിച്ച് പറയുകാണെങ്കില്‍ ഞാന്‍ എഴുതുന്നത് വിഷയാധിഷ്ഠിതമായിട്ടായിരിക്കും. ദളിത്, ആദിവാസി, അതീവ പിന്നോക്കവിഭാഗങ്ങള്‍, എല്‍.ജി.ബി.ടി, ഐക്യു സ്പെക്ട്രങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എഴുത്തുകളാണ് കൂടുതല്‍ എഴുതുന്നത്. അത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെപ്പറ്റി എഴുതുന്ന ആളെന്ന നിലയില്‍ ഏറെ പഠനവും വായനയും ആവശ്യമാണ്. മുഖ്യധാരയെക്കാള്‍ സമാന്തര മാസികകളിലാ യിരിക്കും അതിനുള്ള സാധ്യത കൂടുതല്‍ ലഭിക്കുന്നത്. അതുകൊണ്ട് അത്തരം ഇടങ്ങള്‍ തെരഞ്ഞെടുത്താണ് എഴുത്തുകള്‍ നടത്തുന്നത്. നിലവില്‍ പാഠഭേദം മാസികയുടെ എഡിറ്ററാണ്. ദളിത് സമൂഹത്തില്‍ നിന്ന് കടന്നു വരുന്ന സ്ത്രീ എന്ന നിലയിലും ദളിത് പുരുഷനേക്കാള്‍ അധികാരപരിധിയില്‍ ഏറെ പുറകിലായിട്ടുള്ള വ്യക്തി എന്നുള്ള നിലയിലും എഴുത്തിടങ്ങള്‍ കൂടുതല്‍ വിശാലജനാധിപത്യത്തോടെ തുറക്കുകയാണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് എഴുത്തിലേക്ക് കടന്നുവരാന്‍ സാധിക്കുകയുള്ളൂ എന്നാണ് എന്റെ പക്ഷം. പിന്നെ കവിതകള്‍ എഴുതാറുണ്ട്. പകുതിയിലേറെ കവിതകൾ പൊളിറ്റിക്കല്‍ ആയിട്ടുള്ളതാണ് .സൗന്ദര്യാത്മക കവിതകളും എഴുതാറുണ്ട്. ഇത്രയൊക്കെയാണ് എഴുത്തിടത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ .

ആക്റ്റിവിസ്റ്റ് എന്ന നിലയില്‍

ആക്റ്റിവിസത്തിന്റെയും, എഴുത്തിന്റെ രംഗത്തേയ്ക്കുമൊക്കെ സജീവമായിട്ട് ആറുവര്‍ഷമേ ആയിട്ടുള്ളൂ. ഇക്കാര്യത്തില്‍ എനിക്ക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പ്രായം മാത്രമാണുള്ളത്.
ഇന്ത്യയ്ക്കകത്ത് ഉള്ള സമാന ചിന്താഗതിക്കാരുമായി ആശയങ്ങള്‍ പങ്കുവയ്ക്കുവാനും അതനുസരിച്ച് കേരളത്തില്‍ അതിന്റെ ഒരു പ്രതിഫലനം വരുത്തുവാനും ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം അത് പ്രാവര്‍ത്തികമായിട്ടുണ്ട് എന്നറിയില്ല. കേരളത്തിലെ ഞാന്‍ കടന്നുവന്നതിനുള്ള ശേഷമുണ്ടായ എല്ലാ സമരമുഖങ്ങളും,സര്‍ഗ്ഗാത്മക ഇടങ്ങളിലും സജീവപങ്കാളിത്തത്തോടെ നിലകൊള്ളാറുണ്ട്. ഇപ്പോ വന്ന സിനിമപോലും എന്റെ ആക്ടിവസത്തിന്റെ ഒരു ഭാഗമാണ്.

ദളിത് സമൂഹത്തില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്.

പൊതുവേ സാധാരണക്കാരായ ദളിത് സമൂഹങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ദളിത് എഴുത്തുകാരും, ചിന്തകരും, ആക്റ്റിവിസ്റ്റുകളുമായ ആളുകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ കുറവാണ്. 99.9 ശതമാനം പേരും മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇതുവരെയും ഉണ്ടായത് . സാധാരണ പുതുതായി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരെ കൈപിടിച്ചുയര്‍ത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്. അനാവശ്യ കാര്യങ്ങള്‍ക്കുപോലും വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും.പുതുതായി കടന്ന് വരുന്ന സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന മനോഭാവം ദളിത് സാംസ്‌കാരിക രംഗങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍ക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ വളർന്നു കഴിഞ്ഞാൽ ചേർത്തു പിടിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഇതിനുള്ളിലും പലതരം പ്രിവിലേജുകളുണ്ട്.സാധാരണ സമൂഹത്തിനുള്ളില്‍ ഉള്ള പോലെയുള്ള ഒരു അദൃശ്യ മതില്‍ ഇവിടെയുമുണ്ട്. മഞ്ഞുകട്ടകള്‍ ഉരുകാന്‍ കിടക്കുന്നതെയുള്ളൂ. ഇതിപ്പോ തുറന്ന് പറയാന്‍ കാരണം ഇനി വരുന്ന ആളുകളോടെങ്കിലും ഇത്തരത്തിലുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.പൊതുവിൽ കണ്ടു വരുന്നത് ഒരു വ്യക്തി ഒരു അഭിപ്രായം പറഞ്ഞാൽ ആ വ്യക്തിയുടെ സുഹൃത്തുക്കൾ അതിന്റെ കൂടെ പോയി നിൽക്കും എന്നുള്ളതാണ്. അദ്ദേഹം ഉന്നയിച്ച വിഷയം ശരിയോ, തെറ്റോ എന്ന് പോലും നോക്കാറില്ല. സുഹൃത്തിന്റെ ആശയം എന്റെയും ആശയം എന്നുള്ള നിലപാടാണ്. സുഹൃത്തിനെ പിന്താങ്ങാൻ വേണ്ടി നിലപാട് ഉള്ളവരെ ചവിട്ടിത്തേക്കാറുണ്ട്. അതിന് വേണ്ടി പേനയെഴുത്തു സംഘം തന്നെയുണ്ട്.എന്റെ സുഹൃത്തിനു എക്‌സ് എന്നയാളുടെ ആശയത്തോട് താത്പര്യമില്ലെങ്കിൽ എനിക്ക് എക്‌സ് എങ്ങനെ ശത്രു ആവും. ചിലപ്പോൾ എക്‌സ് പറയുന്ന ആശയം എനിക്ക് യോജിക്കുന്നതെങ്കിൽ എന്റെ സുഹൃത്തിനിഷ്ടമില്ലെങ്കിലും ഞാൻ അതു സപ്പോർട് ചെയ്യും. അല്ലാതെ സുഹൃത്തിനു എക്‌സിനെ ഇഷ്ടമില്ലെങ്കിൽ ഞാനും ആ വ്യക്തിയെ ശത്രുതയോടെ കാണുക എന്നത് ആരോഗ്യകരമായ സമീപനം അല്ലല്ലോ. പൊതുവെ ദളിത്‌ ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കുന്ന ശീലമേ ഇല്ല.ദളിത്‌ സാംസ്‌കാരിക ലോകത്ത് കണ്ടുവരുന്ന ഈ രീതിയിൽ മാറ്റം വരേണ്ടതാണ്.ലോബി ചേർന്ന് വേണ്ടപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുക, ഇഷ്ടമില്ലാത്തവരെ സംഘം ചേർന്ന് എഴുതി ഇല്ലാതാക്കാൻ ശ്രമിക്കുക.ഇതൊക്കെ ഇവിടെ സ്വാഭാവികമാണ്. അതൊക്കെ ഇല്ലാതാക്കാൻ ഏറെക്കാലമെടുക്കും. ചോദ്യം ചെയ്യുന്നതിനാൽ എന്തെങ്കിലും പിന്തുണ ഉണ്ടെങ്കിൽ കൂടി ഞാനത് നഷ്ടപ്പെടുത്തുകയാണ്. എന്നാലും കാര്യമാക്കുന്നില്ല. ഇത് അവസാനിപ്പിക്കേണ്ടത് തന്നെയായതിനാൽ വീണ്ടും, വീണ്ടും ശക്തിയോടെ പറയുന്നു. പറയുകയും ചെയ്യും.

ജീവിതത്തിലുണ്ടായ വിവാദത്തെപ്പറ്റി

വിവാദത്തെപ്പറ്റി പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഈ കഴിഞ്ഞ ആറുവര്‍ഷം കൊണ്ടു മാത്രമല്ല വിവാദമുണ്ടായിട്ടുള്ളത്. ഏത് ചെറിയ ഇടങ്ങളിലും പണിയെടുത്തുകൊണ്ടിരിക്കുമ്പോഴും വിവാദങ്ങളുണ്ടാകാറുണ്ട്. അപ്സറ്റാകാറുണ്ട്. ദേഷ്യപ്പെടാറുണ്ട് കരയാറുമുണ്ട്. അതില്‍ നിന്ന് കരകയറാറുമുണ്ട്. ഈ അടുത്തകാലത്തുണ്ടായ വിവാ ദങ്ങളിലും അങ്ങനയൊക്കെ തന്നെയാണ്. എത്രയൊക്കെ കാര്യങ്ങള്‍ നന്നായി ചെയ്യുമ്പോള്‍ പോലും കുറച്ച് സമയത്ത് ഒറ്റപ്പെട്ടുപ്പോകാറുണ്ട്. അതില്‍ നിരാശതോന്നിയിട്ടുണ്ട്. സങ്കടം തോന്നിയിട്ടുണ്ട് . കരഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ തന്നെയാണ് വിവാദത്തെ നേരിടുന്നത്. വിവാദങ്ങള്‍ വരുമ്പോള്‍ പരമാവധി സത്യസന്ധമായിതന്നെയാണ് അതിനകത്ത് നിലകൊണ്ടിട്ടുള്ളത്. ഇന്നല്ലെങ്കില്‍ നാളെ നമ്മെ മനസ്സിലാക്കുന്ന സമൂഹമുണ്ടാകും എന്ന ധൈര്യത്തില്‍ തന്നെയാണ് എല്ലാ വിവാദങ്ങളെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്നത്.

സ്ത്രീകള്‍ക്കുള്ള മോട്ടിവേഷന്‍ സ്പീക്ക്

സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യാനുള്ള തരത്തിലുള്ള എഴുത്തുകള്‍ മനപൂര്‍വ്വം തന്നെ ചെയ്യാറുണ്ട്. കാരണം സ്ത്രീകള്‍ എത്രവിദ്യാഭ്യാസമുള്ളവരായാല്‍പ്പോലും സ്വാതന്ത്ര്യം ഒരു വിഭവം എന്ന രീതിയില്‍ ലഭ്യമാകാത്ത ജനസമൂഹമാണ്. അതില്‍തന്നെ വര്‍ഗ് ഗീകരം നടത്തുകയാണെങ്കില്‍ പ്രബല ജാതി സമൂഹങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, ട്രാന്‍സ് സമൂഹങ്ങള്‍ ഇവരൊക്കെയും അതില്‍ കടന്നുവരുന്നുണ്ട്. ഇവര്‍ക്കെല്ലാം നമ്മുടെ ജീവിതം കൊണ്ട് എന്തെങ്കിലും മോട്ടിവേഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമെയുള്ളൂ

എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍

പുതിയ വിശേഷങ്ങള്‍ എന്നു പറയുന്നത് ഈ സിനിമയുമായി ബന്ധപ്പെട്ട് കിട്ടിയ സാമൂഹിക അംഗീകാരമാണ്. പിന്നെ ചില എഴുത്തുകളൊക്കെയും ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടംവരെയായിട്ടുണ്ട്. നിലവില്‍ കൂടുതല്‍ പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെയിരുന്നുകൊണ്ട് സൂം വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ തന്നെയാണ് സ്വാഭാവികമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

പുതിയ വിശേഷങ്ങള്‍ എന്നു പറയുന്നത് ഈ സിനിമയുമായി ബന്ധപ്പെട്ട് കിട്ടിയ സാമൂഹിക അംഗീകാരമാണ്. ഏറ്റവും പുതിയ വിശേഷം അതുതന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട് ചാനലുകളിലും, വേദികളിലും സംസാരിക്കുന്നതു കൂടുതൽ പേരിലെത്തുന്നു. .അതു വഴി എനിക്ക് കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് സമൂഹത്തോട് അറിയിക്കാനുള്ള അവസരം ലഭിക്കുന്നു. എന്തുകൊണ്ട് ദളിത്, ആദിവാസി,ബഹുജന്‍ മൂവ്മെന്റുകൾ കൈകോർത്തു മുന്നിലേയ്ക്ക് വരണം എന്നുള്ളത് സംബന്ധിച്ച് പറയാനുള്ള അവസരമായി കൂടി ഞാനിതിനെ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *