സാന്ത്വനമായി സ്വരമാധുരി
എന്തെങ്കിലും ചെയ്താല്‍ നാലാള്‍ അറിയണമെന്ന ചിന്താഗതിക്ക് വിഭിന്നമായി തനിക്ക് ജന്മനാകിട്ടിയ കഴിവ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച യുവഗായികയെ പറ്റി കേട്ടിട്ടുണ്ടോ…. പാലക് മുഛല്‍.. എന്ന ബോളിവുഡ് ഗായിക തന്‍റെ സ്വരം ഉപയോഗിച്ച് കിട്ടുന്ന വരുമാനത്തിന്‍റെ നല്ലൊരു പങ്ക് മുഴുവന്‍ കുട്ടികളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്.
എല്ലാവരേം പോലെതന്നെ സാധരണ ജീവിതം നയിച്ചിരുന്ന പാലക് മുഛലിന്‍റെ ജീവിത വഴത്തിരിവിന്കാരണം ഒരു ട്രെയിന്‍ യാത്രയാണ്. ഒരുനേരത്തിന്‍റെ അന്നത്തിനായി തങ്ങളുടെ വസ്ത്രം ഉപയോഗിച്ച് സീറ്റുകള്‍ തുടയ്ക്കുന്ന കുരുന്നുകള്‍ പാലക് മുഛലിന്‍റെ കണ്ണിലുടക്കി. വളരെ ഞെട്ടലോടെയാണ് അവര്‍ കാഴ്ചകണ്ടത്. ഈ കാഴ്ച അവരുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചു.
ആ സംഭവമാണ് തന്‍റെ സ്വരം യാതനകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വിനിയോഗിച്ചാലോ എന്നൊരു ആശയം അവരില്‍ ഉണ്ടാക്കിയത്. പിന്നീട് അങ്ങോട്ട് പാലക് മുഛല്‍ ധാരളം സ്റ്റേജ് ഷോകളും ഗാനങ്ങള്‍ ആലപിച്ചു പാവപ്പെട്ട കുട്ടികളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബവും സഹോദരന്‍ പലാഷ് മുഛലും കൈത്താങ്ങായി.
ലോകേഷ് എന്ന കുട്ടിയുടെ ഹൃദയ ശസ്ത്രക്രീയയ്ക്ക് ധനം സമാഹരിക്കുന്നതിനാണ് അവര്‍ തന്നിലെ പ്രതിഭയെ ആദ്യം വിനിയോഗിച്ചത്.നിത്യവരുമാനത്തിന് വഴി കണ്ടെത്തുവാന്‍ തന്നെ വിഷമിക്കുന്ന ലോകേഷിന്‍റെ പിതാവിന് കുട്ടിയുടെ ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്തുവാൻ സാധിക്കുമായിരുന്നില്ല. തെരുവിലെ ഒരു കച്ചവടക്കാരന്‍റെ വാഹനം സ്റ്റേജായി ഉപയോഗിച്ച് ഷോ നടത്തുകയും ഏകദേശം 51,000 രൂപയോളം ചികിത്സാ ചിലവിനായി സംഭരിക്കുകയും ചെയ്തു.
ബാംഗ്ലൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ദേവി പ്രസാദ് ഷെട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയും ചിലവില്ലാതെ ശസ്ത്രക്രീയ അദ്ദേഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമായിരുന്നു പിന്നീട് നിരവധി കുട്ടികളുടെ ചികിത്സാചെലവുകള്‍ പാലക് മുഛല്‍ ചാരിറ്റി ഷോ നടത്തി പണം കണ്ടെത്തി. ഇന്‍ഡോറിലെ T. CHOITHRAM HOSPITAL ലില്‍ ആണ് കുട്ടികളുടെ ശസ്ത്രക്രീയ നടന്നത്. ചിലവുകള്‍ പകുതിയായി കുറച്ചുകൊണ്ട് ആ ആതുരശുശ്രുഷാലയവും മാതൃകയായി. പാലക് മുഛല്‍ ഇടപ്പെടുന്ന കേസുകള്‍ക്ക് ഫീസുകള്‍ വാങ്ങില്ലെന്ന തീരുമാനം ആ ഹോസ്പറ്റലിലെ സര്‍ജനായ ധീരജ് ഗാന്ധിയും എടുത്തു. പാലക്ക് മുഛാൽ ഹാർട്ട് ഫൌണ്ടേഷൻ എന്ന ചാരിറ്റിസംഘടനയ്ക്ക് അവര്‍ രൂപം കൊടുക്കുകയും ഫൌണ്ടേഷന്‍റെ കീഴില്‍ 800 ല്‍ അധികം കുട്ടികളുടെ ചികിത്സയ്ക്ക് പണം സമാഹരിക്കുകയും ചെയ്തു.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരുരൂപ പോലും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വിനിയോഗിക്കുന്നില്ല. അവരുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സലഭിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കുട്ടികളുടെ വകയായി ഒരു പാവ അവര്‍ക്ക് ലഭിക്കുന്നു.
1992 മാർച്ച് 30 ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പാലക് മുഛലിന്‍റെ ജനനം. രാജ്കുമാര്‍ മുഛല്‍, അമിത മുഛൽ എന്നിവരാണ് മാതാപിതാക്കള്‍.
നാലു വയസുമുതൽ ശാസ്ത്രിയ സംഗീതം അഭ്യസിച്ചുതുടങ്ങിയിരുന്നു പാലക് മുഛല്‍. ഉച്ഛാരണ ശുദ്ധിയോടുകൂടിതന്നെ 17 വ്യത്യസ്ത ഭാഷകളിൽ പാടാന്‍ കഴിയുമെന്നത് അവരുടെ പ്രത്യേകതയാണ്. 150തോളം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. ക്രിക്കറ്റ്താരം ധോണിയുടെ കഥപറയുന്ന അണ്‍റ്റോള്‍ഡ് സ്റ്റോറി കോന്‍ ഹെ മുഛ്സെ മികച്ച ഗാനങ്ങളിലൊന്നുമാത്രം. വീര്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ലാപ്പട്ട ഗാനം ആലപിച്ചതോട് ബോളിവുഡിലെ പിന്നണിഗായികയായി അവര്‍ സ്ഥാനം ഉറപ്പിച്ചു. പിന്നീട് 180 ല്‍ അധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചു.
ആഡംബര ബംഗ്ലാവും കാറുകളും എന്തിന് ചൊവ്വയില്‍ വരെ സ്ഥലം വാങ്ങിയിടുന്ന സെലിബ്രേറ്റികള്‍ ഉള്ള നമ്മുടെ നാട്ടില്‍ പാലക് മുഛലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ അറിയാതെ പോകരുത്.