ഹോം ഐസോലേഷന്‍- ശ്രദ്ധിക്കേണ്ടതെന്തെല്ലാം
ഹോം ഐസോലേഷനിലിരിക്കുന്ന കോവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗി താമസിക്കുന്ന വീട് വാര്‍ഡ് തല ജാഗ്രത സമിതിയുടെ നിരീക്ഷണത്തി ലായിരിക്കും.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൂടെ ഒരാളെ ഒപ്പം റൂം ഐസോലേഷനില്‍ താമസിപ്പിക്കുന്നതാണ്. താമസിക്കുന്ന മുറി വായു സഞ്ചാരമുള്ളതും ടോയ്‌ലറ്റ് ചേര്‍ന്നുള്ളതുമായിരിക്കണം.
റൂം ഐസോലേഷനില്‍ രോഗി ഉള്ള വീട്ടില്‍ നിന്നും പ്രായമുള്ളവരെയും ഗുരുതര രോഗമുള്ളവരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്.രോഗിക്ക് വീട്ടിലെ മറ്റ് അംഗങ്ങളുമായി യാതൊരു സമ്പര്‍ക്കവും പാടില്ല.രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍, ടോയ്‌ലറ്റ്, മറ്റ് സ്പര്‍ശന തലങ്ങള്‍ എന്നിവ നിത്യവും അണുവിമുക്തമാക്കണം.
രോഗി സമീകൃത ആഹാരം കൃത്യസമയത്ത് കഴിക്കണം.
ധാരാളം ചെറു ചൂടുവെള്ളവും, വീട്ടില്‍ ലഭ്യമായ മറ്റ് പാനിയങ്ങളും കുടിക്കേണ്ടതാണ്.നന്നായി ഉറങ്ങണം, വിശ്രമിക്കണം.
പനി, ചുമ, ശ്വാസം മുട്ടല്‍, മണം തിരിച്ചറിയാതിരിക്കുക തുടങ്ങി ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കുകയും അപകട സൂചനകള്‍ തിരിച്ചറിയേണ്ടതുമാണ്. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതും നിര്‍ദ്ദേശാനുസരണം ചികിത്സാ സംവിധാനത്തിലേയ്ക്ക് മാറേണ്ടതുമാണ്.
പള്‍സ് ഓക്‌സീമീറ്റര്‍ വാങ്ങേണ്ടതാണ്. നിത്യവും രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതും രേഖപ്പെടുത്തി വയ്‌ക്കേണ്ടതുമാണ്. വിവരങ്ങള്‍ ഫോണിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
രോഗിയും ശുശ്രൂഷിക്കുന്ന ആളും 3 പാളികളുള്ള മാസ്‌ക് ധരിക്കേണ്ടതും അകലം പാലിക്കേണ്ടതുമാണ്.
രോഗി തന്നെ ധരിക്കുന്ന വസ്ത്രങ്ങള്‍ കുളിമുറിയ്ക്കുള്ളില്‍ തന്നെ കഴുകേണ്ടതാണ്.
കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ, സാനിട്ടൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
മാസ്‌ക്, മറ്റ് മാലിന്യങ്ങള്‍ തുടങ്ങിയവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.വീട്ടിലെ മറ്റ് അംഗങ്ങളും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
ശാരീരിക അസ്വാസ്ഥ്യമോ പ്രകടമായ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കേണ്ടതും നിര്‍ദ്ദേശ പ്രകാരം ചികിത്സാ സംവിധാനത്തിലേക്ക് മാറേണ്ടതുമാണ്.
കോവിഡ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഹോം ഐസോലേഷനിലിരിക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ഹോം ഐസോലേഷന്‍ നിര്‍ദ്ദേശിക്കുകയുള്ളു. രോഗിക്ക് റൂം ഐസോലേഷനുള്ള സൗകര്യമുണ്ടെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഉറപ്പാക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ ഇവര്‍ക്ക് ഹോം ഐസോലേഷന്‍ അനുവദിക്കുന്നതല്ല.
കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന്‍റെ ഈ സാഹചര്യത്തില്‍ പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ മടി കാണിക്കരുത്. പ്രകടമായ ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ പരിശോധന നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു