അവളുടെ അടക്കത്തില്‍
ലിന്‍സി കെ. തങ്കപ്പന്‍
വെള്ളത്തുള്ളികള്‍
ഭയന്ന് നില്‍ക്കുന്ന
മൊബൈല്‍ മോര്‍ച്ചറിയുടെ
മരവിച്ച വെട്ടത്തില്‍
ഞാനെത്തിയോയെന്ന്
അവളുടെ പാതിതുറന്ന
കണ്ണുകളിലെ നോട്ടം
എനിക്കറിയാം.
അടുത്തിരിക്കുന്ന
ബന്ധുവിനോട്
നീങ്ങിയിരിക്ക്
ഞാനടുത്തിരിക്കുന്നതാണ്
അവള്‍ക്കിഷ്ടമെന്ന്
പറയാന്‍ തോന്നും.
ഞാൻ അടുത്തിരിക്കുഴൊക്കെ
നനഞ്ഞുപോകുന്ന അവളുടെ
ഉടലിനെ പറ്റി
അവർക്കറിയില്ലല്ലോ
വര്‍ത്തമാനങ്ങള്‍ക്കിടയില്‍
ചാമ്പയ്ക്കാ മൂക്കിലെ
വിയര്‍പ്പ് തൂത്തിറക്കുന്ന
അവള്‍ക്ക്.
മൊബൈല്‍ മോര്‍ച്ചറിയിലെ
വെള്ളത്തുള്ളികള്‍
ശല്യമാണെന്ന്
ആരോട് പറയും…
കാണുമ്പോഴൊക്കെ
കളിയാക്കി നോവെടുപ്പിച്ച
മെലിഞ്ഞ വിരലുകളിലെ
കെട്ടഴിക്കണമെന്നും
അതിൽ ഒരുമ്മ കൊടുക്കണമെന്നും
ആർക്ക് മനസ്സിലാകാനാണ്.
തല്ല് പിടിച്ച്
വാദിച്ച് ജയിക്കുന്ന അവളോട്
ചെവിയിലെ തുണിമാറ്റി
തോറ്റുപോയെന്ന്, എങ്ങനെ
സമ്മതിച്ച് കൊടുക്കാനാണ്.
അളന്നുമാറ്റി തിരസ്‌ക്കരിച്ച
ഉടലില്‍
അവളൊരു
കാടൻ സുന്ദരിയായിരുന്നെന്നും
തെളിച്ച് തെളിച്ച് കയറും തോറും-
കാടു പിടിക്കുന്ന
സൗന്ദര്യമായിരുന്നെന്നും
എങ്ങനെ പറയും.
അവളെ കാണാന്‍
വരിനില്‍ക്കുമ്പോള്‍
‘മാറ്… മാറ്… അടുത്തയാള്‍’
എന്നാക്രോശിക്കുന്നവനോട്
മാറിപ്പാകാത്ത അവളുടെ
നിഴലായിരുന്നെന്ന്
തിരിച്ചെങ്ങനെ
ആക്രോശിക്കാനാണ്